ലോകത്തെ ഏറ്റവും വലിയ മനുഷ്യനിർമിത ഉപ്പ് ഗുഹ അബൂദബിയിൽ
18 തരം അസുഖങ്ങളുടെ ചികിൽസക്കാണ് ഗുഹ ഉപയോഗിക്കുക.
ലോകത്തെ ഏറ്റവും വലിയ മനുഷ്യനിർമിത ഉപ്പ് ഗുഹ അബൂദബിയിലെ അൽഐനിൽ തുറന്നു. ഗൾഫ് മേഖലയിലെ ആദ്യത്തെ കൃത്രിമ സോൾട്ട് കേവാണിത്. 18 തരം അസുഖങ്ങളുടെ ചികിൽസക്കാണ് ഈ ഗുഹ ഉപയോഗിക്കുക.
171 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് അൽഐനിലെ എംബസറ അൽ ഖദറയിൽ കൃത്രിമ ഉപ്പുഗുഹ നിർമിച്ചിരിക്കുന്നത്. ഡോ. ശൈഖ് സഈദ് ബിൻ തഹ്നൂൻ ആൽനഹ്യാൻ ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചു. പോളണ്ടിലെ ക്രകോവിലുള്ള പ്രകൃതിദത്ത ഉപ്പ് ഖനിയെ അടിസ്ഥാനമാക്കിയാണ് മരുഭൂമിയിലെ ഈ ഉപ്പ്ഗുഹയുടെ നിർമാണം. സോറിയാസിസ്, ആർത്രൈറ്റിസ്, ആസ്മ തുടങ്ങി 18 അസുഖങ്ങൾക്ക് ഇവിടെ ചികിൽസതേടാൻ സൗകര്യമുണ്ടാകും.
ഒരേ സമയം 35 പേർക്ക് ഇതിനകത്ത് ചികിൽസക്ക് വിധേയരാകാം. ആരോഗ്യവിദഗ്ധരും ഗുഹയിലുണ്ടാകും. 16 ടൺ ഉപ്പുകൊണ്ടാണ് ഗുഹയുടെ ഭിത്തികളും തറയുമെല്ലാം നിർമിച്ചിരിക്കുന്നത്. ഓരോ ആറ് മാസം കൂടുമ്പോഴും ഭിത്തിയിലെ ഉപ്പ് മാറ്റും. ചികിൽസ തേടുന്നവർ കിടക്കുന്ന സ്ഥലത്തെ ഉപ്പ് ഓരോ തവണയും മാറ്റും. ഗുഹക്കുള്ളിൽ വായുസഞ്ചാരത്തിനും പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിതി സാൾട്ട് കേവ് മാത്രമല്ല മിഡിലീസ്റ്റിലെ ആദ്യത്തേതുമാണിത്.