കരുതലിന്റെ മരുന്നുകുറിപ്പടിയുമായി യുനിസെഫ്- ഐഎംഎ പങ്കാളിത്ത പദ്ധതി
സാധാരണയായി, മരുന്നുകളും പരിശോധനാ നിര്‍ദേശങ്ങളും മാത്രമേ മരുന്നുകുറിപ്പടിയില്‍ ഡോക്ടര്‍മാര്‍ എഴുതാറുള്ളൂ. ഇതോടൊപ്പം, രോഗങ്ങളെ ചെറുക്കാനുള്ള നിര്‍ദേശങ്ങള്‍ കൂടി പുതിയ പദ്ധതിയുടെ ഭാഗമായി മരുന്നുകുറിപ്പടിയില്‍ ഇനി ഇടം പിടിക്കും.
കേരളത്തിലെ അലോപ്പതി ഡോക്ടര്‍മാര്‍ മരുന്നിനൊപ്പം ഇനി രോഗപ്രതിരോധത്തിനുള്ള കരുതല്‍ നിര്‍ദേശങ്ങളും മരുന്നുകുറിപ്പടിയില്‍ എഴുതും. സംസ്ഥാനത്തെ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം കൂടുതല്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് യുനിസെഫും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) കേരള ഘടകവും ചേര്‍ന്ന് ഈ നൂതന പദ്ധതി നടപ്പിലാക്കുന്നത്. സാധാരണയായി, മരുന്നുകളും പരിശോധനാ നിര്‍ദേശങ്ങളും മാത്രമേ മരുന്നുകുറിപ്പടിയില്‍ ഡോക്ടര്‍മാര്‍ എഴുതാറുള്ളൂ. ഇതോടൊപ്പം, രോഗങ്ങളെ ചെറുക്കാനുള്ള നിര്‍ദേശങ്ങള്‍ കൂടി പുതിയ പദ്ധതിയുടെ ഭാഗമായി മരുന്നുകുറിപ്പടിയില്‍ ഇനി ഇടം പിടിക്കും. കേരളത്തിലെ ജനങ്ങളില്‍ ആരോഗ്യപരമായ ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഡോക്ടര്‍മാര്‍ മരുന്നിനൊപ്പം കൗണ്‍സിലിംഗും നല്‍കുകയാണ് ഇത്തരം മാര്‍ഗനിര്‍ദേശങ്ങളിലൂടെ ലക്ഷ്യമിടുന്നത്. വിവിധ മെഡിക്കല്‍ വിഭാഗങ്ങള്‍ക്ക് അനുയോജ്യമായ വിധമാവും ഇത്തരം മാര്‍ഗനിര്‍ദേശങ്ങള്‍. ഗര്‍ഭിണികള്‍ക്ക് അയണ്‍ ടാബ്‌ലറ്റ് എഴുതുന്നതിനൊപ്പം, ആരോഗ്യമുള്ള കുഞ്ഞിനായും സുരക്ഷിത പ്രസവത്തിനും ഇരുമ്പ് ധാരാളമായുള്ള ഇലക്കറികളും പയറുവര്‍ഗങ്ങളും കഴിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാവും ഗൈനക്കോളജിസ്റ്റ് കുറിക്കുക. അതേ സമയം, 13 രോഗങ്ങളെ പ്രതിരോധിക്കാന്‍ കുഞ്ഞിന് ജനനസമയം, ഒന്നര മാസം, രര മാസം, മൂന്നര മാസം, ഒന്‍പതാം മാസം എന്നിങ്ങനെ ആദ്യ വര്‍ഷം അഞ്ചുതവണ പ്രതിരോധ കുത്തിവെപ്പ് നല്‍കുക എന്നതുപോലെയുള്ള നിര്‍ദേശങ്ങളാവും ശിശുരോഗവിദഗ്ദന്റേത്.
ഇതോടൊപ്പം, മുലയൂട്ടലിന്റെ അനിവാര്യത ഉയര്‍ത്തിക്കാട്ടുന്ന ബോധവല്‍ക്കരണ സന്ദേശങ്ങളും ഡോക്ടര്‍മാര്‍ മരുന്നുകുറിപ്പടിയില്‍ ഉള്‍പ്പെടുത്തും. ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ കുഞ്ഞിന് മുലപ്പാല്‍ നല്‍കുക, ആദ്യ ആറുമാസം കുട്ടിക്ക് മുലപ്പാലല്ലാതെ മറ്റൊന്നും (തേനോ, പശുവിന്‍ പാലോ, ഒരു സ്പൂണ്‍ വെള്ളമോ പോലും) കൊടുക്കാതിരിക്കുക തുടങ്ങിയ സുപ്രധാന നിര്‍ദേശങ്ങളും ഡോക്ടര്‍മാര്‍ നല്‍കും. രോഗങ്ങള്‍ തടയാന്‍ സഹായിക്കുന്ന ആരോഗ്യശീലങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണ സന്ദേശങ്ങളും പദ്ധതിയുടെ ഭാഗമാണ്. വൃത്തിയാക്കാത്ത കൈപ്പത്തിയില്‍ 100 കോടി രോഗാണുക്കള്‍ ഉ്, ഭക്ഷണത്തിനു മുന്‍പും പ്രാഥമിക കൃത്യങ്ങള്‍ക്കുശേഷവും കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക, കിണറടക്കമുള്ള സ്രോതസുകളില്‍ നിന്ന് എടുത്ത വെള്ളം തിളപ്പിച്ചാറിച്ചശേഷം മാത്രം കുടിക്കുക, അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ വര്‍ഷത്തില്‍ രുതവണ വിറ്റാമിന്‍ എ നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങളും ഇപ്രകാരം കുറിപ്പടിയില്‍ ഉള്‍പ്പെടുത്തും.
കോഴിക്കോട് നടന്ന പ്രത്യേക ചടങ്ങില്‍ യുനിസെഫ് കേരള - തമിഴ്‌നാട് വിഭാഗം മേധാവി ശ്രീ. ജോബ് സഖറിയയും ഐഎംഎ കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. എ.വി.ജയകൃഷ്ണനും ചേര്‍ന്ന് യുനിസെഫ് - ഐഎംഎ പങ്കാളിത്ത പദ്ധതി പ്രഖ്യാപിച്ചു. മരുന്നുകള്‍ക്കൊപ്പം രോഗപ്രതിരോധത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങളും ആരോഗ്യകരമായ ശീലങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണ സന്ദേശങ്ങളും മരുന്ന് കുറിപ്പടിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് സംസ്ഥാനത്തെ 103 ബ്രാഞ്ചുകളിലായുളള 35,000 ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് ഡോ. എ.വി.ജയകൃഷ്ണന്‍ പറഞ്ഞു.
ആദ്യപടിയായി, ഇത്തരം ആരോഗ്യശീലങ്ങളുടെ പ്രധാന്യത്തെക്കുറിച്ച് ഡോക്ടര്‍മാരില്‍ അവബോധം വളര്‍ത്തും. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആരോഗ്യശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അവ വീടുകളിലേക്ക് വ്യാപിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ഐഎംഎയുടെ ഓരോ ബ്രാഞ്ചും സ്‌കൂളുകള്‍ ദത്തെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിലെ ശിശുമരണം, മാതൃമരണം, കുട്ടികളിലെ പോഷകാഹാരക്കുറവ് എന്നിവയുടെ നിരക്കുകള്‍ രാജ്യാന്തര നിലവാരത്തിലേക്ക് കുറച്ചുകൊുവരാനാകുമെന്ന് യുനിസെഫ് കേരള - തമിഴ്‌നാട് വിഭാഗം മേധാവി ശ്രീ. ജോബ് സഖറിയ പറഞ്ഞു. ഇതിനായി ചില ആരോഗ്യപരമായ ശീലങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ അനുവര്‍ത്തിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഉല്‍പ്പാദനം, ഉല്‍പ്പാദനക്ഷമത എന്നിവക്കൊപ്പം സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം (എസ്ജിഡിപി) വര്‍ധിക്കുന്നതിനും ഇത് വഴിതെളിക്കും.
സോപ്പുപയോഗിച്ച് കൈ കഴുകുക, തിളപ്പിച്ചാറിച്ച വെള്ളം കുടിക്കുക, കുഞ്ഞുങ്ങള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പ്, മുലയൂട്ടല്‍, ഇരുമ്പ് ധാരാളമായി അടങ്ങിയ ഭക്ഷണം കഴിക്കുക എന്നീ മാര്‍ഗങ്ങളിലൂടെ ഭൂരിപക്ഷം രോഗങ്ങളും അണുബാധയും തടയാനാവുമെന്ന് ശ്രീ. ജോബ് സഖറിയ ചൂണ്ടിക്കാട്ടി. യുനിസെഫുമായുള്ള സഹകരണത്തിന്റെ ഭാഗമായി പഠനങ്ങള്‍, ഗവേഷണങ്ങള്‍, ആരോഗ്യ ശില്‍പ്പശാലകള്‍ എന്നിവ സംഘടിപ്പിക്കുമെന്ന് ഐഎംഎ കേരള ചാപ്റ്റര്‍ സെക്രട്ടറി ഡോ. സാമുവല്‍ കോശി പറഞ്ഞു. സംസ്ഥാനത്തെ മാതൃ- ശിശു ആരോഗ്യം സംബന്ധിച്ച് സ്വകാര്യ ആശുപത്രികളിലെ മെഡിക്കല്‍- പാരാമെഡിക്കല്‍ ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും. പങ്കാളിത്ത പദ്ധതിയുടെ ഭാഗമായി ബോധവല്‍ക്കരണ സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ പോസ്റ്ററുകള്‍ പരിശോധനാ മുറികളില്‍ സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഐഎംഎ പൊതുജനാരോഗ്യ സമിതി അധ്യക്ഷ ഡോ.ബീന, യുനിസെഫ് കമ്മ്യൂണിക്കേഷന്‍ സ്‌പെഷലിസ്റ്റ് സുഗത റോയി, യുനിസെഫ് കണ്‍സല്‍ട്ടന്റുമാരായ ഡോ.അയ്യര്‍, ഡോ.ശ്രീഹരി, ബേബി അരുണ്‍, ചൈല്‍ഡ് റൈറ്റ്‌സ് ഒബ്‌സര്‍വേറ്ററി ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.