മാർക്കറ്റിലെ മഞ്ഞളത്ര സേഫല്ല; വിഷമൂലകം കണ്ട് ഞെട്ടി ശാസ്ത്രജ്ഞർ

10 മൈക്രോഗ്രാം ലെഡ് അനുവദനീയ അളവെന്നിരിക്കെ ഒരു സാമ്പിളിൽ കണ്ടെത്തിയത് 2,274 മൈക്രോഗ്രാം

Update: 2024-11-13 16:39 GMT
Editor : ശരത് പി | By : Web Desk
Advertising

ദക്ഷിണേഷ്യൻ ഭക്ഷണത്തിലെ പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ ഭക്ഷണത്തിലെ അവിഭാജ്യ ഘടകമാണ് മഞ്ഞൾ. മഞ്ഞളില്ലാത്ത കറികൾ വിരലിലെണ്ണാവുന്നതും. എന്നാൽ ഇന്ത്യൻ വിപണിയിലെ മഞ്ഞളിനെക്കുറിച്ച് ഞെട്ടിക്കുന്ന കണ്ടെത്തൽ നടത്തിയിരിക്കുകയാണ് അന്താരാഷാട്ര ശാസ്ത്ര ജേർണലായ സയൻസ് ഓഫ് ദ ടോട്ടൽ എൻവയോൺമെന്റ്.

 ഇന്ത്യ, പാകിസ്താൻ, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ മഞ്ഞളിൽ അപകടകരമാം വിധം ലെഡിന്റെ സാനിധ്യം കണ്ടെത്തിയിരിക്കുകയാണ് ജേർണൽ.

മനുഷ്യർക്ക് പ്രത്യേകിച്ച് കുട്ടികൾക്ക് ഗുരുതരമായ ലെഡ് കുറഞ്ഞ കാലയളവിൽ അതീവഗുരുതരമായാണ് മഞ്ഞളിൽ കലർന്നിരിക്കുന്നത്.

ദക്ഷിണേഷ്യയിലെ പ്രധാനമായ 23 നഗരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. ബിഹാറിലെ പാറ്റ്‌നയടക്കം പാകിസ്താനിലെ കറാച്ചിയും പെഷവാറുമടക്കം നഗരങ്ങളിലാണ് 2020-21 കാലഘട്ടത്തിൽ പരിശോധന നടത്തിയത്.

ഇന്ത്യയിലെ അനുവദിക്കപ്പെട്ട ഭക്ഷണത്തിലെ ലെഡിന്റെ അളവ് പത്ത് മൈക്രോഗ്രാം ആണെന്നിരിക്കെ പാറ്റ്‌നയിൽ നിന്ന് ശേഖരിച്ച സാമ്പിൾ 2,274 മൈക്രോഗ്രാം ലെഡ് സാനിധ്യം രേഖപ്പെടുത്തി. ഗുഹാവത്തിയിലെ സാമ്പിളിൽ 127 മൈക്രോഗ്രാം ആണ് ലെഡിന്റെ അംശം. ഒരു ശതമാനം പോലും ലെഡ് മനുഷ്യശരീരത്തിന് ദോഷം ചെയ്യാൻ കഴിയും എന്ന ലോകാരോഗ്യസംഘടനയുടെ കണക്കുകൾക്കിടെയാണ് ഞെട്ടിക്കുന്ന ഈ കണക്കുകൾ പുറത്തുവരുന്നത്.

ലെഡ് എങ്ങനെ മഞ്ഞളിലെത്തുന്നു

മഞ്ഞളിലെ ഈ ലെഡിന്റെ സാനിധ്യത്തിന് പിന്നിൽ മായം ചേർക്കലാണെന്നാണ് നിഗമനം. മഞ്ഞളിന്റെ സ്വാഭാവിക മഞ്ഞ നിറം വർധിപ്പിക്കാനായി ആഹാരപ്രദമല്ലാത്ത ലെഡ് ക്രോമേറ്റ് മഞ്ഞളിൽ വൻതോതിൽ ചേർക്കപ്പെടുന്നുണ്ട്.

ക്വാളിറ്റിയില്ലാത്ത മഞ്ഞൾ ഇതോടെ ഉയർന്ന വിലയ്ക്ക് വിൽക്കാൻ കച്ചവടക്കാർക്കാകുന്നു. എന്നാൽ ഇത് ഉപഭോക്താക്കൾക്കുണ്ടാക്കുന്ന പ്രശ്‌നം ചെറുതല്ല.

ലെഡ് എന്ന വിഷം

നാഡികളെ ഗുരുതരമായി ബാധിക്കാനാവുന്ന ന്യൂറോ ടോക്‌സിനാണ് ലെഡ്. കുട്ടികൾക്കും ഗർഭിണികൾക്കുമാണ് പ്രധാനമായും ലെഡിന്റെ ദോഷങ്ങൾ ബാധിക്കുക.

പ്രധാനമായും ലെഡ് ഉണ്ടാക്കാനിടയുള്ള അസുഖം ഉദരസംബന്ധമായവയാണ്. മലബന്ധം, വയറിളക്കം, ഛർദി, ഗ്യാസ് എന്നിവ ഇവയിൽ ചില ലക്ഷണങ്ങളാണ്.

ക്ഷീണവും തലവേദനയുമാണ് മറ്റൊരസുഖം. പനിയുടെ ലക്ഷണം കാണിക്കുന്ന അസുഖം പനി എന്ന് കരുതി ചികിത്സിക്കപ്പെടുമെങ്കിലും മാറാൻ സാധ്യത കുറവാണ്.

ലെഡ് കുട്ടികളിലെത്തുന്നതാണ് ഏറ്റവും ഗുരുതരമായ അവസ്ഥ. കുറഞ്ഞ രീതിയിൽ ലെഡ് ശരീരത്തിലെത്തുന്നത് തന്നെ കുട്ടികളിൽ ശ്രദ്ധക്കുറവ്, ഓർമക്കുറവ്, പഠനവൈകല്യങ്ങൾ എന്നിവയ്ക്ക് കാരണമാവും.

കൂടുതൽ കാലം ലെഡ് ശരീരത്തിലെത്തിച്ചേരുന്ന വ്യക്തി ചികിത്സിച്ച് മാറ്റാനാകാത്ത അസുഖങ്ങൾക്ക് ഇരയാകും.

കുട്ടികളിലെ പഠനവൈകല്യവും മറ്റും വലിയവരിലേക്കും എത്താം. ഇത് കൂടാതെ മാനസികവളർച്ച തടയുന്നതിന് വരെ ലെഡ് കാരണമായേക്കാം.

വൃക്കകളെ തകരാറിലാക്കാനും ക്രമേണ പ്രവർത്തനരഹിതമാക്കാനും ലെഡിന് സാധിക്കും.

ഹൃദ്രോഗങ്ങൾക്കും ലെഡ് വഴിവെച്ചേക്കും.

പ്രത്യുൽപാദന ശേഷി നഷ്ടമാകുന്നതിലും ലെഡിന് പങ്കുവഹിക്കാൻ കഴിയും. ഭക്ഷണത്തിലൂടെ എല്ലുകളിലും പല്ലിലുമെത്തുന്ന ലെഡ് എല്ലിന്റെ കട്ടി കുറയ്ക്കുന്നതിനും ബലക്ഷയത്തിനും കാരണമാകും.

ലെഡ് കൊണ്ട് വരുന്ന അസുഖങ്ങളെ ചികിത്സിച്ച് മാറ്റുന്നത് സാധ്യമായ ഒന്നല്ല. രക്തത്തിൽ അടങ്ങിയ ലെഡ് അംശത്തെ ക്ലിലേഷൻ തെറാപ്പിയിലൂടെ ഒഴിവാക്കാമെങ്കിലും അവയവങ്ങൾക്കേറ്റ പരിക്ക് മാറ്റാനാകില്ല.

ശുദ്ധമായ ക്വാളിറ്റി ഭക്ഷണങ്ങൾ തെരഞ്ഞെടുക്കുന്നതിന് ശ്രദ്ധ കേന്ദ്രീകരിക്കുക മാത്രമേ ഒരു പരിധി വരെ ലെഡിനെതിരെ പ്രതിരോധിക്കാനുള്ള വഴി.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News