ഗര്‍ഭാശയ രോഗങ്ങള്‍ക്ക് അശോകം ഉത്തമമെന്ന് പഠനം
അശോകത്തിന്റെ തൊലിയുടെ നീര് പിഴിഞ്ഞെടുത്ത സത്താണ് ഉപയോഗിക്കേണ്ടത്
ഗര്‍ഭാശയ രോഗങ്ങള്‍ക്കും സ്ത്രീകള്‍ക്കുണ്ടാകുന്ന വെള്ളപോക്കിനും അശോകം ഉത്തമമെന്ന് പഠനം. അശോകത്തിന്റെ തൊലിയുടെ നീര് പിഴിഞ്ഞെടുത്ത സത്താണ് ഉപയോഗിക്കേണ്ടത്. ബംഗളൂരുവിലെ അഗ്രികള്‍ച്ചറല്‍ സര്‍വ്വകലാശാല, ഷിമോഗയിലെ കുവെമ്പ് സര്‍വ്വകലാശാല, അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച്ച് ഇന്‍ ഇക്കോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് ബംഗളൂരു, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് മൊഹാലി, പഞ്ചാബ് യൂണിവേഴ്സിറ്റി ഓഫ് ഗുലേഫ്, ടൊര്‍ണോഡോ, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള ശാസ്ത്രഞ്ജന്‍മാര്‍ സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. കേരളം, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ ഔട്ട്‍ലെറ്റുകളില്‍ നിന്നാണ് ഇതിന് വേണ്ട സാമ്പിളുകള്‍ ശേഖരിച്ചത്. ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് ലീഗല്‍ മെഡിസിനില്‍ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അശോകത്തില്‍ നിന്നും ലഭിക്കുന്ന സത്തില്‍ 80 ശതമാനവും ശുദ്ധമാണെന്ന് അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച്ച് ഇന്‍ ഇക്കോളജി ആന്‍ഡ് എന്‍വയോണ്‍മെന്റിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ജി. രവികാന്ത് പറഞ്ഞു. മറ്റ് ആയുര്‍വേദ ചെടികളില്‍ 20 ശതമാനം മുതല്‍ 100 വരെ മായം കലരാറുണ്ട്.
തോലിന് ഗർഭപാത്രത്തിന്റെ ഉള്ളിലെ ചർമ്മത്തെ ഉത്തേജിപ്പിക്കുവാനുള്ള ശേഷിയുണ്ട്. അതിനാൽ ആർത്തവ കാലത്തുണ്ടാകാറുള്ള വേദനയിൽ നിന്ന് ശമനമുണ്ടാകുവാനും ഗർഭപാത്രത്തെ ബാധിക്കുന്ന പല രോഗങ്ങളിലും അശോകത്തിൽ നിന്നു നിർമ്മിച്ച ഔഷധങ്ങൾ ഉപയോഗിക്കുന്നു. പ്രസവാനന്തര രക്തസ്രാവം ശമിപ്പിക്കുവാനുള്ള ആധുനിക ഔഷധമായ മീഥൈൽ എർഗോട്ടമൈൻ, അശോകത്തിൽ നിന്നുല്പാദിപ്പിക്കുന്ന പല ആയുർവേദ ഔഷധങ്ങളും ഒരേ ഫലം നൽകുന്നുണ്ട്. സ്ത്രീ രോഗങ്ങൾക്കു പുറമേ പനി, ആന്തരീക അവയവങ്ങളുടെ വീക്കം, അർശസ്സ്, ത്വക്ക് രോഗങ്ങൾ എന്നിവയിലും ഔഷധമായുപയോഗിക്കാം.
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഔഷധച്ചെടിയാണ് അശോകം. അതുകൊണ്ട് തന്നെ വിപണിയില്‍ ഇവയ്ക്ക് വന്‍ ഡിമാന്‍ഡാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം 5000 മെട്രിക് ടണ്‍ ആയുര്‍വേദ ഉല്‍പന്നങ്ങള്‍ പ്രതിവര്‍ഷം കയറ്റുമതി ചെയ്യുന്നുണ്ട്.