കൂര്‍ക്കംവലി പ്രശ്നക്കാരനല്ല; ഒന്നു ശ്രദ്ധിച്ചാല്‍ മാറ്റിയെടുക്കാം
ചില കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കുകയും ചില ചില്ലറ നിയന്ത്രണങ്ങള്‍ വരുത്തുകയും ചെയ്യുന്നത് കൂര്‍ക്കം വലി കുറയ്ക്കാന്‍ സഹായകമാകും.
ഒരാളുടെ ഉറക്കം മറ്റൊരാള്‍ക്ക് ബുദ്ധിമുട്ടായിത്തീരും, ഉറങ്ങുന്ന ആള്‍ കൂര്‍ക്കം വലിക്കാരനാണെങ്കില്‍. ഉണര്‍ന്നിരിക്കുമ്പോള്‍ ശബ്ദമില്ലാതെ നമ്മള്‍ നടത്തുന്ന ശ്വസനപ്രക്രിയ ചിലരിലെങ്കിലും ഉറക്കത്തില്‍ ശബ്ദത്തോടെയാകുന്നു, ഇതാണ് കൂര്‍ക്കം വലി. ഉറക്കത്തില്‍ ശ്വസനപ്രക്രിയ നടക്കുമ്പോള്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടായാലാണ് പ്രധാനമായും അത് കൂര്‍ക്കംവലിയുടെ സ്വഭാവം കാണിക്കുക. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് കൂര്‍ക്കം വലി കൂടുതലായി കണ്ടുവരുന്നത്. ചില കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കുകയും ചില ചില്ലറ നിയന്ത്രണങ്ങള്‍ വരുത്തുകയും ചെയ്യുന്നത് കൂര്‍ക്കം വലി കുറയ്ക്കാന്‍ സഹായകമാകും.
- രാത്രിയിലെ മദ്യപാനം ഒഴിവാക്കുക
ഉറങ്ങുന്നതിന് മുമ്പ് അമിതമായി മദ്യപിക്കുന്നത് കൂര്‍ക്കംവലിക്ക് കാരണമാകുന്നുണ്ട്. തൊണ്ടയിലെ മസിലുകളെ അയയ്ക്കുകയും ഉറക്കം കൂട്ടുകയും ചെയ്യും മദ്യം.
- മൂക്കടപ്പും ജലദോഷവും
മൂക്കടപ്പും ജലദോഷവും ഉള്ളവരിലും കൂര്‍ക്കംവലി കാണാറുണ്ട്. ഇത്തരം അസുഖമുള്ളപ്പോള്‍ സ്വാഭാവികമായും ശ്വാസേച്ഛാസത്തിന് തടസ്സം നേരിടുമല്ലോ... കുട്ടികളിലാണ് ഇത്തരത്തിലുള്ള കൂര്‍ക്കം വലി കൂടുതലായി കാണുന്നത്. കുറുനാക്കിന് നീളം കൂടുതലുള്ളവരിലും ഇത്തരം പ്രശ്നം കാണുന്നുണ്ട്.
കുട്ടികളുടെ തൊണ്ടയ്ക്കും മൂക്കിനുമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും കൂര്‍ക്കം വലിയിലേക്ക് നയിക്കും. അമിതവണ്ണമുള്ളവരിലും ഇതേ പ്രശ്നം കൂടുതലായി കാണപ്പെടുന്നുണ്ട്. അമിതവണ്ണമുള്ളവരിലെ കഴുത്തിലെ പേശികള്‍ക്ക് ആയാസം കിട്ടാത്തതാണ് ഇവിടെ കാരണമാകുന്നത്.
- ചരിഞ്ഞു കിടന്നുറങ്ങുക
ചരിഞ്ഞു കിടന്നുറങ്ങുക. മലര്‍ന്നു കിടന്നുള്ള ഉറക്കവും കൂര്‍ക്കംവലിയുടെ പ്രധാന കാരണമാണ്. കാരണം മലര്‍ന്ന് കിടക്കുമ്പോള്‍ ഉറക്കത്തില്‍ നാവ് തൊണ്ടക്കുഴിയിലേക്ക് താഴ്ന്നു നില്‍ക്കും, ഇത് ശ്വസനപ്രക്രിയയെ തടസ്സപ്പെടുത്തും. കഴിയുന്നതും ചരിഞ്ഞു കിടന്നുറങ്ങുകയോ, ഉറക്കത്തില്‍ അറിയാതെ മലര്‍ന്നു കിടന്നുപോകാതിരിക്കാനുള്ള തടസ്സങ്ങള്‍ ക്രമീകരിക്കുകയോ ചെയ്യുക.
- പൊണ്ണത്തടി കുറയ്ക്കുക
കൂര്‍ക്കംവലിയുടെയും മറ്റ് ഉറക്കപ്രശ്‌നങ്ങളുടെയും മുഖ്യ കാരണങ്ങളിലൊന്ന് പൊണ്ണത്തടിയാണ്. തടി കുറയ്ക്കുന്നതു കൊണ്ടു തന്നെ വലിയൊരളവുവരെ ഈ പ്രശ്‌നം പരിഹരിക്കാം.
- തലയണ ഒഴിവാക്കുക
മലര്‍ന്നു കിടന്നുറങ്ങുമ്പോള്‍ തലയണ ഒഴിവാക്കുക. ചരിഞ്ഞു കിടന്നുറങ്ങുമ്പോള്‍ കനം കുറഞ്ഞ തലയണ ഉപയോഗിക്കണം.
- രാത്രി ഭക്ഷണം നേരത്തേ കഴിക്കുക
ഉറങ്ങാന്‍ കിടക്കുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിച്ചിരിക്കണം. നിറഞ്ഞ വയറോടെ ഉറങ്ങാന്‍ പോകുന്നത് കൂര്‍ക്കംവലി കൂട്ടും
- ആവി പിടിക്കുക
ശ്വാസതടസ്സം, കഫക്കെട്ട്, ജലദോഷം തുടങ്ങിയ പ്രശ്‌നങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍ ആവി പിടിക്കുന്നത് ഏറെ ഫലം ചെയ്യും.
- വ്യായാമം ചെയ്യുക
കഴുത്തിലെ പേശികള്‍ക്ക് ആയാസം കിട്ടുംവിധം പതിവായി വ്യായാമം ചെയ്യുക. ഇത് കൂര്‍ക്കംവലി തടയാന്‍ സഹായിക്കും.
- ആവശ്യമെങ്കില്‍ ചികിത്സ തേടുക
ചിലപ്പോള്‍ ഗൌരവകരമായ ആരോഗ്യ പ്രശ്നങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍ ഡോക്ടറെ കാണിക്കുക. മൂക്കിന്റെയോ മുഖാകൃതിയുടെയോ പ്രശ്‌നങ്ങള്‍, ടോണ്‍സിലൈറ്റിസ് തുടങ്ങിയവയുള്ളവര്‍ക്ക് ചികില്‍സ വേണ്ടിവരും. ഉറങ്ങുമ്പോള്‍ കടിച്ചുപിടിക്കാനുള്ള ഒരുപകരണം ഇപ്പോള്‍ ലഭ്യമാണ്. ഉറങ്ങുമ്പോള്‍ പേശികള്‍ കുഴഞ്ഞ് കീഴ്ത്താടിയുടെയോ നാവിന്റെയോ സ്ഥാനം തെറ്റി പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ ഇത് സഹായിക്കും.
ഉറക്കത്തില്‍ ശ്വസിക്കാന്‍ വിഷമമുള്ളവര്‍ക്ക് കൃത്രിമമായി ശ്വാസം നല്‍കാനുള്ള സംവിധാനമാണ് സി പാപ്. കണ്ടിന്യുവസ് പോസിറ്റീവ് എയര്‍വേ പ്രഷര്‍ എന്നതിന്റെ ചുരുക്കമാണ് സി.പാപ്. വെന്‍റിലേറ്ററിന്റെ പ്രവര്‍ത്തനത്തോടു സാദൃശ്യമുണ്ട് ഇതിന്. ഉയര്‍ന്ന മര്‍ദത്തില്‍ വായു മൂക്കിലൂടെ അടിച്ചുകയറ്റി വിടുന്ന ഉപകരണമാണിത്.