കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് ഒഴിവാക്കണോ? പരിഹാരമുണ്ട്
കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ കാണാറില്ലേ. വളരെ മൃദുവായ ചർമമുള്ള കണ്ണിന് ചുറ്റുമുള്ള ഭാഗം കറുത്ത നിറത്തിൽ കാണുന്നത് പലപ്പോഴും നമ്മുടെ സൗന്ദര്യത്തെ തന്നെ ബാധിക്കുന്നതാണ്. ഈ കറുത്ത നിറം എങ്ങനെ ഒഴിവാക്കാം എന്ന് ചിന്തിക്കാത്തവരായി ആരും തന്നെ കാണില്ല. 16 വയസ്സിന് മുകളിൽ പ്രായമുള്ള വ്യക്തികളിലാണ് ഇത് പോലെയുള്ള കറുത്ത പാടുകൾ കൂടുതലും കാണാറ്. ഇത്തരത്തിലുള്ള കറുത്ത പാട് ഒഴിവാക്കാനുള്ള ചില പരിഹാരങ്ങൾ ഇതാ;
വെള്ളരിക്ക
തണുത്ത വെള്ളരിക്കയിലുള്ള ആന്റി ഓക്സിഡന്റ്സ് കണ്ണിന് ചുറ്റുമുള്ള കറുത്ത നിറം കുറക്കാൻ സഹായിക്കുന്നു. വെള്ളരിക്ക ചെറുതായി മുറിച്ച് കണ്ണിന് മുകളിൽ അഞ്ച് മിനിറ്റ് സമയമെങ്കിലും വെച്ച് ശേഷം കഴുകി കളയുക. നല്ല മാറ്റം ദൃശ്യമാകും.
തണുത്ത ടീ ബാഗ്
ടീ ബാഗിലടങ്ങിയിട്ടുള്ള കഫീൻ നമ്മുടെ രക്ത ദമനികളെ കൂടുതൽ ഊർജം പകരാൻ സാധിക്കുകയും കണ്ണിന് ചുറ്റുമുള്ള ചർമത്തെ ഊർജസ്വലമാക്കാൻ സഹായിക്കുന്നു. രണ്ട് ടീ ബാഗ് കയ്യിലെടുത്ത് ഫ്രിഡ്ജിൽ 10 മിനിറ്റ് തണുപ്പിക്കാൻ വെക്കുക. ശേഷം ഇത് എടുത്ത് 5 തൊട്ട് 10 മിനുട്ട് വരെ കണ്ണിന് ചുറ്റും വെക്കുക. തണുത്ത വെള്ളത്തിൽ കഴുകി കളഞ്ഞ ശേഷം ഇത് തന്നെ മൂന്ന് പ്രാവശ്യം ആവർത്തിക്കുക. അമ്പരപ്പിക്കുന്ന മാറ്റം നിങ്ങൾക്ക് കാണാം.
പാൽ
വിറ്റാമിന്‍ എയും ബി സിക്‌സും അടങ്ങിയ പാലിലൂടെ പുതിയ ശരീര ചർമം നിർമിക്കാൻ സാധിക്കുന്നു. വിറ്റാമിൻ ബി12 അടങ്ങിയിട്ടുള്ള പാലിലൂടെ ഇരുണ്ട ചർമം നിറമുള്ളതാക്കാൻ സഹായിക്കുന്നു. പാലിലുള്ള സെലിനിയം സൂര്യ താപത്തിൽ നിന്നും നമ്മെ സംരക്ഷിക്കുന്നു. രണ്ട് കോട്ടൺ തുണി തണുത്ത പാലിൽ മുക്കിയെടുത്ത ശേഷം കണ്ണിന് ചുറ്റുമുള്ള കറുത്ത ഭാഗത്ത് പതുക്കെ വെക്കുക. ഇരുപത് മിനുട്ടോളം ഈ കോട്ടൺ തുണി അത് പോലെ തന്നെ കണ്ണിന് മുകളിൽ സ്ഥാപിക്കണം. ശേഷം തണുത്ത വെള്ളമുപയോഗിച്ച് കഴുകിയെടുക്കുക. ഇത് ആഴ്ചയിൽ മൂന്ന് പ്രാവിശ്യം ചെയ്യുന്നതിലൂടെ വലിയ മാറ്റം തന്നെ കണ്ണിന് ചുറ്റും കാണാവുന്നതാണ്.
ഉരുളകിഴങ്ങ്
തണുത്ത ഉരുളക്കിഴങ്ങ് കണ്ണിന്റെ ചുറ്റുമുള്ള കറുപ്പ് മാറ്റാൻ ഏറ്റവും മികച്ചതാണ്. ഉരുളകിഴങ്ങ് ചെറുതായി അരിഞ്ഞ് ഫ്രിഡ്ജിൽ പത്ത് മിനുട്ടോളം വെക്കുക. ശേഷം ഇതെടുത്ത് കണ്ണിന് മുകളിൽ അഞ്ച് തൊട്ട് പത്ത് മിനുട്ടോളം വെക്കുക. എല്ലാം കഴിഞ്ഞു തണുത്ത വെള്ളം ഉപയോഗിച്ച് കണ്ണ് രണ്ടും കഴുകി വൃത്തിയാക്കുക. ഇത് ആഴ്ചയിൽ മൂന്ന് ദിവസം തുടരുന്നതിലൂടെ വലിയ മാറ്റം തന്നെ കണ്ണിന് ചുറ്റും കാണാൻ സാധിക്കും. ജ്യൂസ് രൂപത്തിൽ അരച്ചെടുത്ത ഉരുളകിഴങ്ങ് കോട്ടൺ തുണിയിൽ വെച്ചും കണ്ണിന് ചുറ്റും ഇതേ മാതൃക ചെയ്യാവുന്നതാണ്. 20 മിനുട്ടോളം ഇത് പോലെ കോട്ടൺ തുണി സ്ഥാപിക്കുക. ശേഷം വെള്ളം കൊണ്ട് കഴുകി കളയുക.
തുടർച്ചയായുള്ള മേക്ക് അപ്പുകളുടെ ഉപയോഗം, ഡൈയുടെ ഉപയോഗം , ഫേഷ്യൽ ക്രീമുകളുടെ അലർജി എന്നിവ കാരണം മുഖത്ത് കറുത്ത പാടുകൾ വരാം. ഉറക്ക കുറവും വിഷാദവും ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറഞ്ഞതും കാരണം കറുത്ത പാട് സംഭവിക്കാം. തുടർച്ചയായ പുകവലിയും കണ്ണിനെ പരിക്കേൽപ്പിക്കും. ഇതെല്ലാം വേണ്ട വിധത്തിൽ ശ്രദ്ധിച്ചാൽ മുഖത്തെ കറുത്ത പാടുകൾ എളുപ്പത്തിൽ മറച്ച് വെക്കാവുന്നതാണ്.