പശുവിൻ പാലോ, സസ്യ പാലുകളോ ഏതാണ് നല്ലത്?
പശുവിൻ പാലിന് പകരം മൂന്നിരട്ടിയോളം വില കൊടുത്ത് സസ്യ പാലുകൾ വാങ്ങുന്നത് ലാഭകരമാണോ?
ലോകത്തിലേറ്റവും പാൽ ഉൽപാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. ചായയിലോ പലഹാരങ്ങളിലോ ആയി ദിവസത്തിൽ ഒരു തവണയെങ്കിലും പാൽ ഉപയോഗിക്കാത്തവർ കുറവാണ്. എന്നാൽ അടുത്തിടെയായി പശുവിൻ പാലിന് പകരക്കാരനായി സസ്യങ്ങളിൽ നിന്ന് ഉണ്ടാക്കുന്ന പാൽ വൻതോതിൽ വിപണിയിലിറങ്ങിയിട്ടുണ്ട്. സോയാബീൻ, നാളികേരം, ഓട്‌സ്, അരി മുതൽ ബദാം പോലുള്ള ഭക്ഷ്യവസ്തുക്കളിൽ നിന്നും പാൽ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ പശുവിൻ പാൽ തന്നെയാണ് നിലവിൽ വിപണിയിലെ രാജാവ്.
ഇതിനിടെ വിപണിയിലെ മറ്റു പാലുകൾ പശുവിൻ പാലിനെക്കാൾ മികച്ചതാണോ എന്നുള്ള ചോദ്യമുയരുകയാണ്. പശുവിൻ പാലിനെക്കാൾ മൂന്നിരട്ടിയോളം വില വില കൊടുത്ത് സസ്യ പാലുകൾ വാങ്ങുന്നതിൽ കാര്യമുണ്ടോ? നോക്കാം പാലുകളുടെ ഗുണവും ദോഷവും.
പശുവിൻ പാലും സസ്യ പാലും
പശുവിൻ പാലിൽ പ്രധാനമായുമുള്ളത് പ്രോട്ടീൻ, കാൽഷ്യം, ബ12 വിറ്റാമിനുകൾ എന്നിവയാണ്. എന്നാൽ തേങ്ങാപ്പാൽ, ബദാം പാൽ, സോയാ പാൽ എന്നിവയിലും ഇവ ഉണ്ട്, പക്ഷെ അളവിലാണ് വ്യത്യസ്തത.
ബദാം പാലിൽ പശുവിൻ പാലിന്റെ ആത്ര പ്രോട്ടീൻ ഇല്ല. എന്നാൽ സോയ പാലിൽ പശുവിൻ പാലിന്റ അത്ര തന്നെ പ്രോട്ടീനുണ്ട്.
കലോറി കണക്കിൽ മുന്നിലുള്ളത് പശുവിൻ പാൽ തന്നെയാണ്. 200 എംഎൽ പശുവിൻ പാലിൽ 132 KCAL കലോറി ഉണ്ടെന്നിരിക്കെ മറ്റ് സസ്യ പാലുകളിൽ ഇത് പകുതിയോളം മാത്രമേയുള്ളു. ഷുഗറിന്റെ അളവിൽ പശുവിൻ പാലാണ് മുന്നിലുള്ളതെന്നിരിക്കെ മറ്റ് പാലുകളിൽ മധുരത്തിനായി രാസവസ്തുക്കൾ ചേർക്കുന്നത് പശുവിൻ പാലിനേക്കാൾ പ്രമേഹത്തിന് ഇവയെ കാരണമായേക്കാം. 200 എംഎൽ പശുവിൻ പാലിൽ 248 മില്ലി ഗ്രാം കാൽഷ്യം ഉണ്ടെന്നിരിക്കെ മറ്റ് സസ്യ പാലുകളിൽ 240നടുത്ത് കാൽഷ്യം ഉണ്ട്.
ഏറെക്കുറെ എല്ലാ കണക്കുകളിലും പശുവിൻ പാൽ മുന്നിട്ട് നിൽക്കുമ്പോൾ വിറ്റാമിനുകളുടെ കാര്യത്തിൽ പശുവിൻ പാൽ ഏറെ പിന്നിലാണ്. സസ്യ പാലുകൾ വിറ്റാമിൻ ഡി, ബി12 എന്നിവയുടെ കലവറയാണ്.
എന്നാൽ നിലവിൽ വിപണിയിൽ വ്യത്യസ്തമായ പശുവിൻ പാലുകളുണ്ട്. കൊഴുപ്പ് കുറഞ്ഞതും, മധുരമില്ലാത്തതും, വിറ്റാമിനുകൾ അടങ്ങിയതും പാലുകൾ ലഭ്യമാണ്. ഏത് പാലാണ് അനുയോജ്യമെന്നത് വ്യക്തിഗതമാണ് എന്നാണ് നിലവിൽ പറയാനാവുക.