എച്എംപി വൈറസ്; കരുതലും പ്രതിരോധവും
ഇതുവരെ രാജ്യത്ത് ആറ് എച്എംപി വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്, കുട്ടികളെയാണ് രോഗം കൂടുതലായും ബാധിക്കുന്നത്
2019ൽ ലോകത്തെയാകെ സ്തംഭിപ്പിച്ച് കൊവിഡ് രോഗം പടർന്നതിന്റെ ഞെട്ടൽ ഇതുവരെ വിട്ടുമാറിയിട്ടില്ല. ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട രോഗം നിരവധി ജീവനുകളെടുക്കുകയും ലോകത്തെയാകെ അടച്ചുപൂട്ടലിലേക്കെത്തിക്കുകയും ചെയ്തിരുന്നു. ഈ ഞെട്ടൽ വിട്ടുമാറിക്കൊണ്ടിരിക്കെ രണ്ട് ദിവസം മുൻപാണ് ചൈനയിൽ എച്ച്എംപി വൈറസ് രോഗം കണ്ടെത്തിയത്. രോഗത്തെക്കുറിച്ചുള്ള വാർത്തകൾ ഞെട്ടലോടെയാണ് ലോകം കാതോർത്തത്. കൊവിഡ് തന്ന പാഠം ചൈനയിൽ ഉരുത്തിരിഞ്ഞ എച്എംപി വൈറസിനെ ജാഗ്രതയോടെ കാണണമെന്ന് ലോകത്തെ പഠിപ്പിച്ചു കഴിഞ്ഞു.
എന്നാൽ ജാഗ്രതയെ ആശങ്കയാക്കി രാജ്യത്ത് ആറ് എച്എംപി കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. മാസങ്ങൾ പ്രായമുള്ള കുഞ്ഞുകൾക്കാണ് അസുഖം കണ്ടെത്തിയത് എന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്. കൊവിഡ് വന്നതിന് അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഒരു വൈറസ് ഇത്ര വേഗം പടർന്നു പിടിക്കുന്നത്. എന്നാൽ അസുഖത്തെക്കുറിച്ച് കൂടുതൽ ആശങ്കപെടണ്ടന്നാണ് ആരോഗ്യ വിദഗ്ദ്ധർ അറിയിച്ചിട്ടുള്ളത്.
അസുഖത്തെക്കുറിച്ച് അറിവ് നേടുക എന്നതാണ് ആദ്യ പ്രതിരോധം
ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് എന്ന എച്ച്എംപി വൈറസ് ശ്വാസകോശത്തെ ബാധിക്കുന്ന ഒരുതരം വൈറസാണ്. തണുപ്പുകാലത്തും വസന്തകാലത്തിന്റെ തുടക്കത്തിലുമാണ് വൈറസിനെ കൂടുതലായും കാണപ്പെടുന്നത്. കൊവിഡിന് സമാനമായ രീതിയിൽ രോഗബാധിതരായ വ്യക്തികളുമായുള്ള സമ്പർക്കത്തിലൂടെയോ മലിനമായ പ്രതലങ്ങളിൽ സ്പർശിക്കുന്നതിലൂടെയോ ആണ് അസുഖം പകരുന്നത്.
രോഗ ലക്ഷണങ്ങൾ
സാധാരണ പനിക്കുണ്ടാകുന്ന ലക്ഷണങ്ങൾ തന്നെയാണ് എച്എംപി വൈറസ് ബാധിക്കുന്ന ഒരു വ്യക്തി പ്രകടിപ്പിക്കുന്നത്. പനി, ചുമ, മൂക്കൊലിപ്പ്, തൊണ്ടവേദന എന്നിവയാണ് ഈ ലക്ഷണങ്ങൾ. ആപൂർവമായി രോഗം ഗുരുതരമാകുന്ന കേസുകളിൽ ശ്വാസതടസം, ന്യുമോണിയ, തൊണ്ടയടപ്പ്, മുതിർന്നവരിൽ കടുത്ത ആസ്ത്മ എന്നീ ലക്ഷണങ്ങളും നിരീക്ഷിച്ചിട്ടുണ്ട്. വൈറസ് ശരീരത്തിലെത്തി മൂന്ന് മുതൽ ആറ് ദിവസങ്ങൾക്കുള്ളിൽ പ്രാഥമിക ലക്ഷണങ്ങൾ പ്രകടമാകാം. ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് ചുമ, തുമ്മൽ, അടുത്ത ഇടപഴകൽ എന്നിവ വഴിയാണ് വൈറസ് പകരാൻ സാധ്യത.
എച്എംപി വൈറസിനെ കരുതേണ്ടത് ആരെല്ലാം
കുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷിയില്ലാത്തവർ, ന്യുമോണിയ അല്ലെങ്കിൽ ബ്രോങ്കിയോളൈറ്റിസ് പോലുള്ള ശ്വാസകോശ സംബന്ധമായ അവസ്ഥ ഉള്ളവർ എന്നിവർക്കാണ് എച്എംപി വൈറസ് ഗുരുതരമാവാൻ സാധ്യതയുള്ളത്. കുട്ടികൾക്കിടയിൽ ഗുരുതരമായ ശ്വാസകോശ അണുബാധകൾക്ക്, എച്എംപി വൈറസ് ഒരു പ്രധാന കാരണമായി അമേരിക്കൻ ലങ് അസോസിയേഷൻ അംഗീകരിച്ചിട്ടുണ്ട്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ പ്രത്യേകിച്ച് അപകടസാധ്യതയുള്ളവരാണ്.
കരുതൽ എങ്ങനെ?
2001-ൽ നെതർലൻഡിലെ ഗവേഷകരാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്, അതിനുശേഷം ശൈത്യകാലത്തും വസന്തകാലത്തും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വരുന്നതിന് വൈറസ് പ്രധാന കാരണമാകുന്നുണ്ടെന്ന് തിരിച്ചറിയുകയായിരുന്നു. നിലവിൽ വൈറസിനെ നേരിടാൻ വാക്‌സിൻ ഉണ്ടാക്കിയിട്ടില്ല, കൂടാതെ ആൻറിവൈറൽ ചികിത്സകളും ലഭ്യമല്ല. എന്നിരുന്നാലും, കൊവിഡ് സമയത്ത് ചെയ്തതുപോലുള്ള ആരോഗ്യ പ്രോട്ടോക്കോളുകൾ പാലിക്കുന്നത് എച്എംപി വൈറസിനെ തടയുന്നതിനും കാരണമാകും. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കുറഞ്ഞത് 20 സെക്കൻഡ് കഴുകുന്നതും പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കുന്നതും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും മൂടുന്നതും വൈറസ് പടരാതിരിക്കാൻ സഹായിക്കും. കഴുകാത്ത കൈകൾ കൊണ്ട് കണ്ണ്, മൂക്ക്, വായ എന്നിവ തൊടുന്നതും ഒഴിവാക്കണം. വൈറസ് ബാധിതർ മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം.
2001ൽ കണ്ടുപിടിക്കപ്പെട്ട എച്എംപി വൈറസ് ന്യൂമോവിറിഡേ കുടുംബത്തിൽ ഉൾപ്പെടുന്നതാണ്. 2011-12ൽ അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിൽ എച്ച്എംപിവി വൈറസ് കേസുകൾ സ്ഥിരീകരിച്ചിരുന്നു. വിശ്രമത്തിലൂടെയും പ്രാഥമിക ചികിത്സയിലൂടെയും ആളുകൾ ഭേദപ്പെട്ടിരുന്നു, എന്നാൽ ഗുരുതരമായിട്ടുള്ള കേസുകളിൽ, വിദഗ്ധ ചികിത്സ നേടേണ്ടത് അനിവാര്യമാണ്.