കുഴഞ്ഞുവീണുള്ള മരണം എങ്ങനെ ഒഴിവാക്കാം
എന്തുകൊണ്ടാണ് ഒരു തരത്തിലുമുള്ള അസുഖത്തിന്റെ ലക്ഷണവുമില്ലാത്തവര്‍ പെട്ടെന്ന് മരിച്ചുപോകുന്നത്.?
''മരിച്ചു''
''എങ്ങനെ''
''കുഴഞ്ഞുവീണതാ''
കുഴഞ്ഞു വീണുള്ള മരണങ്ങള്‍ ഒരു സാധാരണ സംഭവമായി മാറിയിരിക്കുകയാണിന്ന്. വീട്ടിലും ഓഫീസിലും കോളേജിലും വഴിയരികിലും യാത്രയിലുമെല്ലാം നമുക്കു മുന്നില്‍ കുഴഞ്ഞുവീഴുന്നവര്‍ പിന്നെ നമ്മോടൊപ്പമില്ലെന്ന യാഥാര്‍ഥ്യം അംഗീകരിക്കാന്‍ നാം നിര്‍ബന്ധിതരാവേണ്ടി വരുന്നു. പ്രായവ്യത്യാസമില്ലാതെ, യുവാക്കളും സ്ത്രീകളും കുട്ടികളും എല്ലാം ഇങ്ങനെ മരിക്കുന്നവരിലുണ്ട്. പത്രങ്ങളിലെ ചരമ പേജുകള്‍ മാത്രം പരിശോധിച്ചാല്‍ അറിയാം അതിന്റെ ഭീകരത. പലരെയും ഇത്തരം മരണങ്ങള്‍ വല്ലാതെ ആശങ്കപ്പെടുത്തുന്നുമുണ്ട്.
എന്തുകൊണ്ടാണ് ഒരു തരത്തിലുമുള്ള അസുഖത്തിന്റെ ലക്ഷണവുമില്ലാത്തവര്‍ പെട്ടെന്ന് മരിച്ചുപോകുന്നത്.?
ഇതിന് പരിഹാരമുണ്ടോ...?
ഇത്തരം മരണങ്ങള്‍ പ്രതിരോധിക്കാന്‍ കഴിയുമോ..?
ആളുകളുടെ മനസ്സിലുള്ള ചോദ്യങ്ങള്‍ അനവധിയാണ്.
എന്താണ് കുഴഞ്ഞുവീണുള്ള മരണം
ഒരു വ്യക്തി കുഴഞ്ഞുവീണ് മരിക്കാന്‍ നിരവധി കാരണങ്ങളുണ്ട്. പലതരം ശാരീരിക പ്രശ്നങ്ങള്‍ കുഴഞ്ഞുവീണുള്ള മരണത്തിന് കാരണമാകാറുണ്ടെങ്കിലും പ്രധാന കാരണം ഹൃദ്രോഗമാണെന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. ഹൃദ്രോഗങ്ങള്‍ തന്നെ പലതരത്തിലുണ്ട്. ഏകദേശം 10 ശതമാനം പേരില്‍ ഹൃദ്രോഗം ഹൃദയസ്തംഭനമായാണ് വരുന്നത്. അതുകൊണ്ടുതന്നെ കുഴഞ്ഞു വീണുള്ള 95 ശതമാനം മരണങ്ങള്‍ക്കും പിന്നില്‍ ഹൃദയവുമായി ബന്ധപ്പെട്ട തകരാറുകളെന്നാണ് പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്.
ഹൃദയസ്തംഭനം
എപ്പോള്‍, എവിടെ വെച്ച്, ആര്‍ക്ക് സംഭവിക്കും എന്ന് പ്രവചിക്കാന്‍ സാധ്യമല്ലാത്ത രോഗമാണ് ഹൃദയസ്തംഭനം.
ജീവിതശൈലീ രോഗങ്ങളുടെ കൂട്ടത്തില്‍ വലിയ തോതില്‍ ഹൃദ്രോഗങ്ങളുമുണ്ട്. മുമ്പ് മധ്യവയസിന് മുകളില്‍ മാത്രം കണ്ടിരുന്ന ഹൃദ്രോഗങ്ങള്‍ ഇന്ന് യുവാക്കളിലും കൂട്ടികളില്‍ പോലും കണ്ടുവരുന്നുണ്ട്. രക്തത്തിലെ കൊഴുപ്പ് അഥവാ കൊളസ്ട്രോളിന്റെറ ക്രമാതീതമായ ആധിക്യമാണ് ഹൃദയധമനികള്‍ അടഞ്ഞ് ഹൃദ്രോഗങ്ങള്‍ക്ക് കാരണമാവുന്നത്. ഹൃദയധമനികള്‍ അടഞ്ഞ് പോകുന്നത് മൂലവും വൈകാരികവും ശാരീരികവുമായ ശക്തമായ ആഘാതം മൂലവും ഹൃദയസ്തംഭനം സംഭവിക്കാം. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ഹൃദയത്തിന് രക്തം പുറത്തേക്ക് പമ്പ് ചെയ്യാന്‍ കഴിയാതെ വരുന്നു. ഇതുമൂലം മസ്തിഷ്കം, വൃക്കകള്‍, കരള്‍ തുടങ്ങി ശരീരത്തിലെ പ്രധാന അവയവങ്ങളിലേക്ക് രക്തം ലഭിക്കാതെ വരുന്നു. തുടര്‍ന്ന് രോഗി കുഴഞ്ഞുവീഴുകയും മരണം സംഭവിക്കുകയും ചെയ്യുന്നു.
ഹെല്‍ത്ത് ചെക്കപ്പ്
പൊണ്ണത്തടിയുള്ളവരും പാരമ്പര്യമായി ഹൃദയരോഗങ്ങള്‍ക്ക് സാധ്യതയുള്ളവരും പതിവായി ഹെല്‍ത്ത് ചെക്കപ്പ് നടത്തിയാല്‍ രോഗം തുടക്കത്തില്‍തന്നെ രോഗം കണ്ടെത്തി ചികിത്സ ആരംഭിക്കാന്‍ കഴിയും. കൂട്ടത്തില്‍ ഭക്ഷണ നിയന്ത്രണം, വ്യായാമം തുടങ്ങി ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുന്നതും വഴി ഇത്തരം അവസ്ഥയെ ഒരു പരിധിവരെ പ്രതിരോധിക്കാനും കഴിയും. വര്‍ഷത്തില്‍ ഒരു തവണയെങ്കിലും ഹെല്‍ത്ത് ചെക്കപ്പുകള്‍ നടത്തുക, ഇടക്ക് രക്ത പരിശോധന നടത്തുക. രോഗത്തെ നേരത്തെ കണ്ടെത്താനും ചികിത്സ നല്‍കാനും അത് നമ്മളെ സഹായിക്കും. എന്നാല്‍ വിദ്യാസമ്പന്നരായ യുവതലമുറ പോലും ഇക്കാര്യത്തില്‍ വിമുഖത കാണിക്കുകയാണ്. രോഗം വന്നശേഷം മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളിലെ മികച്ച ചികിത്സ തേടി പോകുകയാണിന്ന് ജനങ്ങള്‍
ജീവന്‍രക്ഷാ ശുശ്രൂഷ
ഹൃദയസ്തംഭനമുണ്ടാകുന്ന രോഗികളില്‍ ഒരു വലിയ ശതമാനത്തിനും ജീവന്‍ നഷ്ടപ്പെടുന്നു. അടിസ്ഥാന ജീവന്‍രക്ഷാശുശ്രൂഷകള്‍ ലഭിക്കാത്തതുകൊണ്ടാണ് ഇത്.
ഹൃദയസ്തംഭനം മൂലം കുഴഞ്ഞുവീഴുന്ന ഒരു വ്യക്തിയുടെ മരണം സംഭവിക്കുന്നത് പലപ്പോഴും ശരിയായ രീതിയിലുള്ള പ്രാഥമിക ശുശ്രൂഷ ലഭിക്കാത്തത് മൂലമാണ്. ഇത്തരം സാഹചര്യങ്ങളില്‍ ഉടനടി ചെയ്യേണ്ട ചില പ്രാഥമിക ജീവന്‍ രക്ഷാ മാര്‍ഗങ്ങളെ കുറിച്ച് പൊതുജനം ഇപ്പോഴും അജ്ഞരാണ്. ഇത്തരത്തിലുള്ള അവബോധം സമൂഹത്തില്‍ സൃഷ്ടിക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു.
പ്രാഥമിക ശുശ്രൂഷ
കുഴഞ്ഞുവീഴുന്ന ഒരു വ്യക്തിക്ക് ബോധമുണ്ടോ എന്നറിയുകയാണ് ആദ്യം ചെയ്യേണ്ടത്. ഇല്ലെങ്കില്‍ രോഗിയെ കഴിയുന്നതും ഒരു ഉറച്ച പ്രതലത്തില്‍ മലര്‍ത്തിക്കിടത്തുക. ഒരു കൈകൊണ്ട് രോഗിയുടെ തല അല്‍പം ചരിച്ച്, മറു കൈകൊണ്ട് താടി അല്‍പം മുകളിലേക്ക് ഉയര്‍ത്തിയായിരിക്കണം കിടത്തേണ്ടത്. ഇത് രോഗിയുടെ ശ്വസനനാളി അടയാതിരിക്കാനാണ്. രോഗി ശ്വസിക്കുന്നുണ്ടോ എന്ന് അതിന് ശേഷം ഉറപ്പുവരുത്തണം. ഇല്ലെങ്കില്‍ ഉടന്‍ കൃത്രിമ ശ്വാസോച്ഛാസം നല്‍കണം.
രോഗിയെ എഴുന്നേല്‍പിക്കാന്‍ ശ്രമിക്കുകയോ വായില്‍ വെള്ളം ഒഴിച്ചു കൊടുക്കുകയോ ചെയ്യരുത്. ഇത്തരം കാര്യങ്ങള്‍ രോഗിയില്‍ ശ്വാസതടസ്സം സൃഷ്ടിച്ച് കൂടുതല്‍ അപകടങ്ങള്‍ വരുത്താന്‍ കാരണമാവും. എത്രയും പെട്ടെന്ന് അടിയന്തിര വൈദ്യസംവിധാനം ഉള്ള ആശുപത്രികളിലേക്ക് എത്തിക്കണം.
കൃത്രിമ ശ്വാസോച്ഛാസം നല്‍കുന്ന രീതി
ഇത് ചെയ്യുന്ന വ്യക്തി ആദ്യം നിവര്‍ന്നിരുന്ന് ദീര്‍ഘശ്വാസം എടുക്കുക. തുടര്‍ന്ന് വായ കിടക്കുന്നയാളുടെ വായയോട് പരമാവധി ചേര്‍ത്തുവെക്കുക. എന്നിട്ട് രോഗിയുടെ വായയിലേക്ക് ശക്തമായി ഊതുക. അഞ്ചു സെക്കന്റില്‍ ഒരു തവണ എന്ന തോതില്‍ ഇങ്ങനെ ശ്വാസം നല്‍കണം. ഇങ്ങനെ ചെയ്യുമ്പോള്‍ രോഗിയുടെ നെഞ്ച് ഉയരുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. നെഞ്ച് ഉയരുന്നുണ്ടെങ്കില്‍ കൃത്രിമ ശ്വാസോച്ഛാസം നല്‍കുന്നത് നിര്‍ത്താം.
ഇതോടൊപ്പം തന്നെ രോഗിയുടെ നാഡിമിടിപ്പും പരിശോധിക്കണം. നാടിമിടിപ്പില്ളെങ്കില്‍ CPR അഥവാ cardio pulmonary rescucitation നല്‍കേണ്ടത് അത്യാവശ്യമാണ്. ഇതിനായി നെഞ്ചിന്റെ മധ്യഭാഗത്ത് അല്‍പം താഴെ ഇരുകൈകളും പിണച്ച് വെച്ച് ശക്തിയായി അമര്‍ത്തുകയും വിടുകയും ചെയ്യണം. ഇത് ഒരു മിനിറ്റില്‍ ശരാശരി നൂറുതവണയെങ്കിലും ഇത് ആവര്‍ത്തിക്കണം.
ഓരോ മുപ്പത് തവണയും ഇങ്ങനെ ചെയ്യുമ്പോള്‍ ഇടയില്‍ കൃത്രിമശ്വാസത്തിന് അവസരം കൊടുക്കണം. ഇത് ചുരുങ്ങിയത് രണ്ടു മിനിറ്റ് ചെയ്യണം. രോഗിയുടെ നാഡിമിടിപ്പും ശ്വാസോച്ഛാസവും പുനഃസ്ഥാപിക്കുന്നതുവരെ ഇത് തുടരണം.
ഇത്തരം ജീവന്‍ രക്ഷാമാര്‍ഗങ്ങള്‍ ശരിയായി അറിയാന്‍ പ്രായോഗികമായി പഠിക്കേണ്ടതുണ്ട്. ഇതിനായി പഠനക്ലാസുകളിലും പരിശീലനങ്ങളിലും പങ്കെടുക്കുക.