മുടി കൊഴിച്ചിലാണോ നിങ്ങളുടെ പ്രശ്നം?
പുരുഷന്മാരെയാണ് കഷണ്ടി ബാധിക്കുന്നതെങ്കിലും, മുടിയുടെ ഉള്ളു കുറയുന്നത് സ്ത്രീകള്‍ക്കും സങ്കടമുണ്ടാക്കുന്ന കാര്യമാണ്.
തലമുടി കൊഴിയുന്നത് സ്ത്രീകള്‍ക്കായാലും പുരുഷന്മാര്‍ക്കായാലും ടെന്‍ഷനുണ്ടാക്കുന്ന ഒന്നാണ്. മുടി കൊഴിഞ്ഞുകൊഴിഞ്ഞ് കനം കുറഞ്ഞ് കഷണ്ടി വരെ ആകാം. പുരുഷന്മാരെയാണ് കഷണ്ടി ബാധിക്കുന്നതെങ്കിലും, മുടിയുടെ ഉള്ളു കുറയുന്നത് സ്ത്രീകള്‍ക്കും സങ്കടമുണ്ടാക്കുന്ന കാര്യമാണ്.
ദീര്‍ഘകാലം നിലനില്‍ക്കുന്ന രോഗങ്ങള്‍ ഉള്ളവര്‍, ശസ്ത്രക്രിയ കഴിഞ്ഞവര്‍, അണുബാധ മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ എന്നിവരിലെല്ലാം സാധാരണഗതിയിലുള്ള മുടികൊഴിച്ചില്‍ കാണാറുണ്ട്. ഹോര്‍മോണുകളുടെ അളവിലുള്ള വ്യത്യാസവും മുടി കൊഴിയാന്‍ കാരണമാകാറുണ്ട്. പ്രത്യേകിച്ച് പ്രസവം കഴിഞ്ഞ സ്ത്രീകളില്‍. അമിതമായ ആര്‍ത്തവം മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന സ്ത്രീകളിലും മുടികൊഴിയുന്നത് കൂടുന്നതായി കാണാം. മരുന്നുകളുടെ പാര്‍ശ്വഫലങ്ങളും പോഷകഹാരക്കുറവും മുടികൊഴിച്ചിലിന് കാരണമാകുന്നുണ്ട്. പക്ഷേ, കൂടുതല്‍ പേരിലും വില്ലനാകുന്നത് താരനാണ്.
സാധാരണയായി ഏകദേശം 50 മുതല്‍ 100 വരെ തലമുടികള്‍ ദിനംതോറും നമ്മളറിയാതെ കൊഴിഞ്ഞു പോകുന്നുണ്ട്. മുടികൊഴിച്ചിലിന്റെ അളവ് ഇതില്‍ കൂടിയാല്‍ മാത്രമേ പ്രശ്നമാക്കേണ്ടതുള്ളൂ.
ചിട്ടയായ ഭക്ഷണവും പിരിമുറുക്കങ്ങള്‍ ഒഴിവാക്കിയുള്ള ജീവിതവും ഒരു പരിധിവരെ മുടികൊഴിച്ചില്‍ അകറ്റും. മുടിയുടെ പരിചരണത്തില്‍ കൃത്യമായി ശ്രദ്ധിക്കണം. തലമുടി വൃത്തിയായി കഴുകി സൂക്ഷിക്കണം. ചീപ്പ്, ബ്രഷ്, തൊപ്പി തുടങ്ങി മറ്റുള്ളവരുപയോഗിച്ച സാധനങ്ങള്‍ കഴിയുന്നതും ഉപയോഗിക്കാതിരിക്കുന്നത് താരന്‍ പകരാതിരിക്കാനും അതുവഴിയുള്ള മുടികൊഴിച്ചിലും തടയാനും സഹായിക്കും. ആവശ്യമെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മുടി കൊഴിച്ചില്‍ തടയുന്നതിനുള്ള മരുന്നുകളും ഉപയോഗിയ്ക്കാം.