ബിഹാറിൽ വിളഞ്ഞ ഈ പച്ചക്കറി പൊന്നാണ്; കിലോയ്ക്ക് ഒരു ലക്ഷം രൂപ!

ഐഎഎസ് ഉദ്യോഗസ്ഥ സുപ്രിയ സാഹുവാണ് ഇതു സംബന്ധിച്ച വിവരങ്ങൾ ട്വിറ്ററിൽ പങ്കുവച്ചത്.

Update: 2021-04-02 03:59 GMT
Advertising

പച്ചക്കറി വാങ്ങാൻ പോകുമ്പോൾ ഇതിനൊക്കെ തീവിലയായല്ലോ എന്ന് ചിന്തിക്കുന്നവരാണ് നമ്മളിൽ പലരും. വില കേട്ട് അന്തം വിട്ട് നാളെ വാങ്ങിക്കാം എന്നു കരുതി തിരിച്ചു വരുന്നവരും ധാരാളം. കിലോയ്ക്ക് നൂറു രൂപയൊക്കെ ആകുമ്പോൾ എന്തു വിലയാണ് എന്നതാകും നമ്മുടെ ചിന്ത തന്നെ.

എന്നാൽ ഒരു കിലോയ്ക്ക് ഒരു ലക്ഷം രൂപ വിലയുള്ള പച്ചക്കറി വിളവെടുക്കുന്നുണ്ട് ഇപ്പോൾ ബിഹാറിൽ. പേര് ഹോപ് ഷൂട്ട്‌സ്. അമ്രേഷ് സിങ് എന്നയാളാണ് ഹോപ് ഷൂട്ട്‌സ് കൃഷി ചെയ്യുന്നത്. ഐഎഎസ് ഉദ്യോഗസ്ഥ സുപ്രിയ സാഹുവാണ് ഇതു സംബന്ധിച്ച വിവരങ്ങൾ ട്വിറ്ററിൽ പങ്കുവച്ചത്. 'ഈ പച്ചക്കറിക്ക് ഒരു കിലോയ്ക്ക് ഒരു ലക്ഷം രൂപയാണ്. ലോകത്ത് ഏറ്റവും വിലയുള്ള പച്ചക്കറി. ഇന്ത്യൻ കർഷകനെ തന്നെ ഇതു മാറ്റി മറിക്കും' എന്നാണ് അവർ കുറിച്ചത്.

ഔറംഗബാദ് ജില്ലയിലെ കരംനിധ് ഗ്രാമവാസിയാണ് 38കാരനായ അമ്രേഷ് സിങ്ങ്. വാരാണസിയിലെ ഇന്ത്യൻ വെജിറ്റബ്ൾ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നന്നാണ് ഇദ്ദേഹം ഇതിന്റെ തൈകൾ വാങ്ങിയത്. ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻ ഡോ. ലാലിന്റെ മേൽനോട്ടത്തിലായിരുന്നു കൃഷി.

എന്താണ് ഇത്രയും വില?

ഈ ചെടിയുടെ എല്ലാം ഉപയോഗപ്രദമാണ് എന്നതാണ് ആദ്യത്തെ കാര്യം. പഴം, പൂവ്, തണ്ട് എന്നിവയെല്ലാം. ബീർ നിർമാണത്തിന് ഇതുപയോഗിക്കുന്നുണ്ട്. ക്ഷയരോഗത്തിനുള്ള പ്രതിവിധി എന്ന നിലയിലും അത്യുത്തമമാണ്. ഇതിൽ കാണപ്പെടുന്ന ആന്റിയോക്‌സിഡന്റ് സൗന്ദര്യവർധക വസ്തുവായും ഉപയോഗിക്കുന്നുണ്ട്. ഉത്കണ്ഠ, ഉറക്കമില്ലായ്മ, സമ്മർദം എന്നിവയ്‌ക്കെതിരെയുള്ള മരുന്നുകളുണ്ടാക്കാനും സസ്യം ഉപയോഗിക്കുന്നു.

പ്രത്യേക ഓർഡർ നൽകിയാൽ മാത്രമേ ഹോപ് ഷൂട്ട് വാങ്ങാനാകൂ. ബ്രിട്ടൻ, ജർമനി തുടങ്ങിയ യൂറോപ്യൻ രാഷ്ട്രങ്ങളിൽ ഇത് കൃഷി ചെയ്യുന്നത്. നേരത്തെ ഹിമാചൽ പ്രദേശിൽ കൃഷി ചെയ്തിരുന്നു എങ്കിലും വിപണി കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News