ചീര പച്ചക്ക് കഴിക്കാനോ ജ്യൂസ് അടിക്കാനോ നിൽക്കേണ്ട: പണി കിട്ടുന്നത് കിഡ്‌നിക്ക് തന്നെ

സാധാരണ കറിയുണ്ടാക്കിയാണ് മിക്കവാറും ചീര കഴിക്കാറുള്ളത്. എല്ലാ അവശ്യ പോഷകങ്ങളും നിലനിർത്താൻ ചീര ശരിയായ രീതിയിൽ കഴിക്കണം.

Update: 2023-12-06 12:55 GMT
Editor : banuisahak | By : banuisahak
Advertising

ഇലക്കറികളെല്ലാം ആരോഗ്യത്തിന് അത്യുത്തമമാണ്. പോഷകങ്ങളുടെ കലവറ എന്നാണ് പൊതുവെ ഇലക്കറികൾ അറിയപ്പെടുന്നത് തന്നെ. ഇതിൽ ഏറ്റവും മുൻ നിരയിലാണ് ചീരയുടെ സ്ഥാനം. ദൈനംദിന ഭക്ഷണത്തിൽ ചീര ഉൾപ്പെടുത്തുന്നതിന് ഗുണങ്ങൾ ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രത്യേകിച്ച് തണുപ്പ് കാലത്ത്. നമ്മുടെ നാട്ടിൽ പ്രധാനമായും രണ്ടുതരം ചീരയാണ് കണ്ടുവരുന്നത്. ഒന്ന് പച്ചച്ചീരയും മറ്റൊന്ന് ചുവന്ന ചീരയും. രണ്ടിന്റെയും ഗുണങ്ങൾ ഒന്നിനൊന്ന് മെച്ചമാണ്. 

സാധാരണ കറിയുണ്ടാക്കിയാണ് മിക്കവാറും ചീര കഴിക്കാറുള്ളത്. എന്നാൽ, ചീരയിലടങ്ങിയിരിക്കുന്ന മുഴുവൻ പോഷകങ്ങളും ഇങ്ങനെ ലഭിക്കുമോ എന്ന് ചോദിച്ചാൽ സംശയമാണ്. ചിലർ സാലഡുകളിലും പാസ്തയിലും ചേർത്തും ചീര കഴിക്കാറുണ്ട്. ചീര ശരിയായ രീതിയിൽ കഴിക്കാത്തത് അതിന്റെ പോഷക മൂല്യത്തെ ബാധിക്കും. എല്ലാ അവശ്യ പോഷകങ്ങളും നിലനിർത്താൻ ചീര ശരിയായ രീതിയിൽ കഴിക്കണം.

ചീര കഴിക്കുമ്പോൾ ഒഴിവാക്കേണ്ട ചില തെറ്റുകൾ എന്തൊക്കെയെന്ന് നോക്കാം 

പച്ചയായി കഴിക്കരുത്

ചീര ഒരിക്കലും പച്ചക്ക് കഴിക്കാൻ പാടില്ല. ചീര പച്ചയായി കഴിക്കുന്നത് വൃക്കയിൽ കല്ലുകൾ രൂപപ്പെടാൻ ഇടയാക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. കാൽസ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളുടെ ആഗിരണത്തെ തടസ്സപ്പെടുത്തുന്ന ഓക്സാലിക് ആസിഡ് ചീരയിൽ അടങ്ങിയിരിക്കുന്നതിനാലാണിത്. കാത്സ്യവുമായി ബന്ധിക്കുമ്പോൾ ഓക്സാലിക് ആസിഡ് പരലുകൾ ഉണ്ടാക്കുന്നു. അതിനാൽ, അസംസ്കൃത ചീര കഴിക്കുന്നത് വൃക്കയിൽ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും.

 വേവ് അമിതമാകരുത് 

ചീര അമിതമായി വേവിക്കുന്നത് പോഷക നഷ്ടത്തിന് കാരണമാകും. കാൽസ്യം മുഴുവനും ഇല്ലാതാക്കും എന്നല്ലാതെ മറ്റൊരു ഗുണവും കൂടുതൽ വേവിക്കുന്നതിലൂടെ ലഭിക്കില്ല. 

 ജ്യൂസ് രൂപത്തിൽ വേണ്ട 

സ്മൂത്തിയിൽ ചീര മിക്‌സ് ചെയ്യുന്നത് ഇന്നൊരു പതിവായി മാറിയിരിക്കുകയാണ്. എന്നാൽ, ഇതുവഴി ചീരയിൽ അടങ്ങിയിരിക്കുന്ന നാരുകളെ തകർക്കുമെന്നും അതിലുള്ള ഓക്സാലിക് ആസിഡിനെ ഇല്ലാതാക്കില്ലെന്നും പലർക്കും അറിയില്ല. 

 ചീര പാകം ചെയ്യുന്നതിനുള്ള ശരിയായ രീതി

ചെറിയ രീതിയിൽ വേവിച്ച് കഴിക്കുകയാണ് ഉത്തമം. ചെറുതായി വേവിച്ച ചീരയിൽ പരിമിതമായ ഓക്സാലിക് ആസിഡുള്ള എല്ലാ സുപ്രധാന പോഷകങ്ങളും അടങ്ങിയിട്ടുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. 

ഗുണങ്ങൾ പലതുണ്ട് 

  • വിറ്റാമിൻ എ, വിറ്റാമിൻ സി, കാൽസ്യം, ഇരുമ്പ്, ഫോളിക് ആസിഡ് എന്നിവയടക്കം നിരവധി പോഷകങ്ങളാൽ നിറഞ്ഞതാണ് ചീര. 
  • ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. 
  • കണ്ണിന്റെ ആരോഗ്യം വർദ്ധിപ്പിക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ചീര സഹായിക്കും. 
  • ചീരയിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ, ഇത് ദഹനം വർദ്ധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും

ഈ ശൈത്യകാലത്ത് ചീരയുടെ ഗുണങ്ങൾ നഷ്ടപ്പെടുത്താതെ ശരിയായ രീതിയിൽ കഴിക്കാൻ ശ്രദ്ധിക്കാം 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - banuisahak

contributor

Similar News