മൂന്നു പതിറ്റാണ്ടുകള്‍ക്കിടെ സ്കീസോഫ്രീനിയക്കുള്ള പുതിയ മരുന്നിന് അംഗീകാരം നല്‍കി എഫ്‍ഡിഎ

1989ല്‍ ആൻ്റി സൈക്കോട്ടിക് ആയ ക്ലോസാപൈൻ അംഗീകരിച്ചതിനുശേഷം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മറ്റൊരു മരുന്നിന് അംഗീകാരം ലഭിക്കുന്നത്

Update: 2024-09-28 06:24 GMT
Editor : Jaisy Thomas | By : Web Desk
Advertising

വാഷിംഗ്ടണ്‍: മൂന്നു പതിറ്റാണ്ടുകള്‍ക്കിടെ സ്കീസോഫ്രീനിയക്കുള്ള പുതിയ മരുന്നിന് യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍റെ അംഗീകാരം ലഭിച്ചു. സെപ്തംബർ 26ന്, കരുണ തെറപ്പ്യൂട്ടിക്‌സ് വികസിപ്പിച്ചെടുത്ത കോബെൻഫി എന്ന മരുന്നിന് എഫ്‍ഡിഎ പച്ചക്കൊടി കാട്ടി. തുടര്‍ന്ന് ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രിസ്റ്റോൾ മിയേഴ്‌സ് സ്‌ക്വിബ് മരുന്ന് സ്വന്തമാക്കി. 1989ല്‍ ആൻ്റി സൈക്കോട്ടിക് ആയ ക്ലോസാപൈൻ അംഗീകരിച്ചതിനുശേഷം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മറ്റൊരു മരുന്നിന് അംഗീകാരം ലഭിക്കുന്നത്.

നിലവിലുള്ള സ്കീസോഫ്രീനിയ മരുന്നുകളിൽ നിന്ന് വ്യത്യസ്തമായി, കോബെൻഫി വളരെ വ്യത്യസ്തമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കമ്പനി അവകാശപ്പെട്ടു. സ്കീസോഫ്രീനിയ ലക്ഷണങ്ങളെ ലഘൂകരിക്കുന്നതിന് പുതിയ മരുന്ന് സഹായിക്കുന്നു. മുന്‍പുണ്ടായിരുന്ന മരുന്നുകള്‍ക്ക് ഗുരുതരമായ പാര്‍ശ്വഫലങ്ങളുണ്ടായിരുന്നു. സ്കീസോഫ്രീനിയ ബാധിച്ചവരിൽ ഉയർന്ന തോതിലുള്ള ഹൃദ്രോഗത്തിനും അകാല മരണത്തിനും ശരീരഭാരം കൂടുന്നതിന് ഈ മരുന്നുകള്‍ കാരണമാകുന്നു. കൂടാതെ, മന്ദത, തുടങ്ങിയ പാർശ്വഫലങ്ങൾ കാരണം പല രോഗികളും അവ ഉപയോഗിക്കുന്നത് നിർത്തുന്നു.

ഒരു വ്യക്തിയുടെ ചിന്തയെയും പെരുമാറ്റത്തെയും ബാധിക്കുന്ന രോഗാവസ്ഥയാണ് സ്‌കീസോഫ്രീനിയ.ജീവശാസ്ത്രപരമായ ഘടകങ്ങള്‍, പ്രധാനമായും മസ്തിഷ്‌കത്തിലെ ജീവരാസ വ്യവസ്ഥയുടെ അസന്തുലിതാവസ്ഥ, പ്രത്യേകിച്ച് നാഡീകോശങ്ങള്‍ തമ്മില്‍ സന്ദേശം കൈമാറുന്നതിനുള്ള ഡോപ്പമിന്‍ എന്ന പദാര്‍ത്ഥത്തിന്റെ അളവുകൂടുന്നതാണ് സ്‌കീസോഫ്രീനിയയുടെ അടിസ്ഥാനപരമായ കാരണം. ഇതുകൂടാതെ പാരമ്പര്യത്തിനുള്ള സാധ്യതയും ഈ അസുഖത്തിന് കൂടുതലാണ്. മനഃശാസ്ത്രപരമായ വസ്തുതകള്‍, കുടുംബപ്രശ്‌നങ്ങള്‍, സംഘര്‍ഷങ്ങള്‍ നിറഞ്ഞ ജീവിതം, സാമൂഹിക സാംസ്‌കാരിക സ്വാധീനങ്ങള്‍ എന്നിവ ഈ അസുഖത്തിന്റെ ആക്കം കൂട്ടുന്നു.ഒന്നിനും താല്‍പര്യമില്ലായ്മ - മറ്റുള്ളവരില്‍ നിന്നും ഒഴിഞ്ഞുമാറുക, പഠിത്തം, ജോലി, വൃത്തി, ആഹാരം എന്നിവയില്‍ അലസതയും താല്‍പര്യക്കുറവും, മറ്റുള്ളവര്‍ക്ക് കേള്‍ക്കാന്‍ കഴിയാത്ത സാങ്കല്‍പിക ശബ്ദങ്ങള്‍ കേള്‍ക്കുക എന്നിവയൊക്കെയാണ് ഇതിന്‍റെ ലക്ഷണങ്ങള്‍. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News