ഇന്ത്യയിലും എംപോക്സ്: ലക്ഷണങ്ങൾ എന്തൊക്കെ?, എങ്ങനെ പ്രതിരോധിക്കും? വൈറസിനെ കുറിച്ച് കൂടുതലറിയാം
ആഫ്രിക്കൻ രാജ്യങ്ങളെ എംപോക്സ് പിടിച്ചുകുലുക്കിയതിനെ തുടർന്ന് ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു
ആഫ്രിക്കൻ രാജ്യങ്ങളെ ഭീതിയിലാഴ്ത്തുകയും ആരോഗ്യ മേഖലയെ പിടിച്ചുകുലുക്കുകയും ചെയ്ത എംപോക്സ് (Mpox) അഥവാ മങ്കിപോക്ക്‌സ് ഇന്ത്യയിലും സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്തിടെ വിദേശത്ത് നിന്നെത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പടിഞ്ഞാറൻ ആഫ്രിക്കയിൽ സന്ദർശനം നടത്തിയ യുവാവിനാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇദ്ദേഹം ഐസൊലേഷനിൽ തുടരുകയാണ്.
രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സാമ്പിൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ക്ലാസ് 2 എം പോക്സ് വൈറസാണ് ഇയാളിൽ സ്ഥിരീകരിച്ചിരിക്കുന്നത്. ആഫ്രിക്കയിൽ നിലവിൽ പടരുന്നത് ക്ലേഡ് 1 എംപോക്സ് വൈറസാണ്. ക്ലേഡ് 2 വിനെക്കാൾ അപകടകാരിയായ വൈറസാണിത്. ഒറ്റപ്പെട്ട കേസാണിതെന്നും 2002 ജൂലൈ മുതൽ ഇതുവരെ ഇന്ത്യയിൽ 30 പേർക്ക് സമാന രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിൽ എംപോക്സ് അതിവേഗത്തിൽ പടർന്ന് പിടിച്ചതിനെ തുടർന്ന് ലോകാരോഗ്യ സംഘടന 2024 ഓഗസ്റ്റ് 14ന് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
എന്താണ് എംപോക്‌സ്
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് കുരങ്ങ് വസൂരി എന്നറിയപ്പെടുന്ന എംപോക്‌സ്. എൺപതുകളുടെ അവസാനത്തിൽ ഉന്മൂലനം ചെയ്യപ്പെട്ട ഓർത്തോപോക്സ് വൈറസ് അണുബാധയുണ്ടാക്കുന്ന വസൂരിയുടെ ലക്ഷണങ്ങളുമായി ഇതിന് സമാനതകളേറെയാണ്. മധ്യ പടിഞ്ഞാറൻ ആഫ്രിക്കയിലാണ് ഈ രോഗം സാധാരണ കണ്ടുവന്നിരുന്നത്. എന്നാൽ ഈ വർഷം മെയ് മാസം മുതൽ ഇഗ്ലണ്ട് സ്പെയിൻ, പോർച്ചുഗൽ, കാനഡ എന്നിവിടങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു.
വർഷങ്ങളായി ഒരു ജന്തുജന്യ രോഗം മാത്രമായിരുന്നു എംപോക്സ്. ഈ രോഗത്തിന് കാരണമാകുന്നത് വസൂരി വൈറസിന്റെ കുടുംബത്തിൽ പെട്ട മങ്കി പോക്സ് വൈറസാണ്. ആഫ്രിക്കയിലെ ഉഷ്ണമേഖലാ മഴക്കാടുകൾക്കു സമീപമുള്ള പ്രദേശങ്ങളിലാണ് മങ്കിപോക്സ് വൈറസിന്റെ സാന്നിധ്യം പൊതുവെ കാണപ്പെടുന്നത്. ഇതിന്റെ സ്വാഭാവിക ഉറവിടത്തെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല, എലികളെപ്പോലുള്ള കരണ്ടു തീനികളിലും, ആൾക്കുരങ്ങ് പോലുള്ള
പ്രിമേറ്റുകളിലുമാണ് രോഗം മുഖ്യമായും കാണുന്നത്. ഇവയിൽ നിന്നാണ് മനുഷ്യനിലേക്ക് എംപോക്‌സ് പടരുന്നതെന്നാണ് ശാസ്ത്രജ്ഞർ സംശയിക്കുന്നത്. എന്നാൽ ഇന്ന് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കുള്ള രോഗത്തിന്റെ വ്യപനം രൂക്ഷമാണ.്
1958-ൽ, ഗവേഷണത്തിനായി സൂക്ഷിച്ചിരിക്കുന്ന കുരങ്ങുകളിലാണ് വസൂരിക്ക് സമാനമായ ഈ അസുഖം കണ്ടെത്തിയത്. 1970-ൽ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ് മനുഷ്യരിൽ ആദ്യമായി എംപോക്സ് രോഗം കണ്ടെത്തിയത്. 2022-ൽ ലോകമെമ്പാടും എംപോക്സ് പടർന്നു പിടിച്ചു.
രോഗങ്ങളുടെ പേര് നൽകുന്നതിനുള്ള ആധുനിക മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിനായി ലോകാരോഗ്യ സംഘടന 2022-ൽ രോഗത്തിന്റെ പേര് മങ്കി പോക്സിൽ നിന്ന് എംപോക്സ് എന്നാക്കി മാറ്റി. രോഗത്തിന് കാരണമാകുന്ന വൈറസിന്റെ പേര് ഇപ്പോഴും മങ്കി പോക്സ് വൈറസ് എന്നാണ് പറയുന്നത് .വർഷങ്ങളായി എംപോക്സ് ആഫ്രിക്കയിൽ പടരുന്നുണ്ട്. എന്നാൽ ആഗോള സമൂഹം ഇതിനെ ആഫ്രിക്കയുടെ മാത്രം പ്രശ്നമായി കണ്ടു. അതിനാൽ രോഗനിരീക്ഷണത്തിനും, നിർണയത്തിനും, ചികത്സയ്ക്കുമുള്ള ഗവേഷണ ഫണ്ടുകൾ ആഫ്രിക്കൻ രാജ്യങ്ങൾക്ക് ലഭിച്ചില്ല. ഇത് ആഫ്രിക്കയ്ക്കുള്ളിലും പുറത്തും രോഗം വ്യാപകമാകുന്നതിന് കാരണമായി. 2022-ൽ ആഫ്രിക്കയ്ക്ക് പുറത്ത്, പ്രത്യേകിച്ച് ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ എംപോക്സ് പടർന്ന് പിടിച്ചപ്പോൾ മാത്രമാണ് രോഗവ്യാപനത്തിന്റെ ഗൗരവം ലോകത്തിന് മനസിലായത്.
കാലാവസ്ഥ വ്യതിയാനവും, ജനസംഖ്യാ പെരുപ്പവും, വർധിച്ച അന്തരാഷ്ട്ര വാണിജ്യ ബന്ധങ്ങളും, അന്താരാഷ്ട്ര യാത്രകളും, അമിതമായ വനനശീകരണവും, സാംക്രമിക രോഗങ്ങളുടെ, പ്രത്യേകച്ച് ജന്തുജന്യ രോഗങ്ങളുടെ ആവിർഭാവത്തിനും, പുനർആവിർഭാവത്തിനും കാരണമാകുന്നുണ്ട്. ഇത്തരത്തിലുള്ള രോഗങ്ങളെ നേരിടാനും നിർമാർജനം ചെയ്യാനും കൂട്ടായ അന്താരാഷ്ട്ര പരിശ്രമം ആവശ്യമാണെന്ന് നിലവിലെ അവസ്ഥ ആവശ്യപ്പെടുന്നു.
രോഗം പകരുന്നത് ഏതെല്ലാം വഴികളിലൂടെ?
- മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും, മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്കും രോഗം പകരും. അണ്ണാൻ, എലി, കുരങ്ങ് എന്നിവ രോഗവാഹകരാവും.
- രോഗം ബാധിച്ച മൃഗങ്ങളുടെ രക്തത്തിൽ നിന്നും ശരീരസ്രവങ്ങളിൽ നിന്നും അവയുടെ തൊലിപ്പുറമേയുള്ള പാടുകളുമായി സമ്പർക്കം പുലർത്തുന്നത് വഴിയും മനുഷ്യരിലേക്ക് രോഗം പടരാനുള്ള സാധ്യതയുണ്ട്.
- രോഗ വാഹകരായ മൃഗങ്ങളുടെ മാംസം ശരിയായി വേവിക്കാതെ കഴിക്കുന്നത് മൂലവും രോഗം പടരാം.
- രോഗം ബാധിച്ച വ്യക്തികളുടെ ശരീര സ്രവങ്ങളിൽ നിന്നും രോഗ ബാധ മൂലം ശരീരത്തിലുണ്ടായ പാടുകളിൽ നിന്നും മറ്റുള്ളവരിലേക്ക് രോഗം പടരാം. രോഗികൾ ഉപയോഗിച്ച കിടക്ക പുതപ്പ്, ടവൽ എന്നിവ ഉപയോഗിക്കുന്നതിലൂടെയും രോഗ വ്യാപനത്തിന് സാധ്യത കൂടുതലാണ്. അമ്മയിൽ നിന്ന് കുഞ്ഞിലേക്കും രോഗം പടരാം.
എംപോക്‌സിന്‍റെ ലക്ഷണങ്ങൾ എന്തൊക്കെ?
- പനി, നടുവേദന, ശക്തമായ തലവേദന, പേശിവേദന
- പനി വന്ന് ദിവസങ്ങൾക്കുള്ളിൽ ദേഹത്ത് കുമിളകൾ പ്രത്യക്ഷപ്പെടും
പ്രതിരോധ മാർഗങ്ങൾ
- രോഗലക്ഷണം കണ്ടാൽ ഉടനെ ഡോക്ടറെ സമീപിക്കുക
- മൃഗങ്ങളുമായുള്ള സമ്പർക്കം കുറയ്ക്കുക
- മാംസാഹാരം നന്നായി വേവിച്ച് മാത്രം ഉപയോഗിക്കുക
- പനിയോ മറ്റ് ലക്ഷണങ്ങളോ ഉള്ളവർ സ്വയം ചികിത്സ ഒഴിവാക്കുക