വിവാഹം കഴിക്കുന്നവരിൽ രക്തസമ്മർദ്ദം കൂടുന്നു: കാരണം വ്യക്തമാക്കി പഠനം

ഉയർന്ന രക്തസമ്മർദ്ദമുള്ള പുരുഷന്മാരെ വിവാഹം കഴിച്ച സ്ത്രീകൾക്ക് ഹൈപ്പർടെൻഷൻ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം സൂചിപ്പിക്കുന്നു...

Update: 2023-12-10 12:55 GMT
Editor : banuisahak | By : Web Desk
Advertising

കല്യാണം എന്ന് കേൾക്കുമ്പോൾ തന്നെ ഭൂരിഭാഗം ആളുകൾക്കും പേടിയാണ്. പെൺകുട്ടികളാണ് ഈ പേടി കൂടുതലും അനുഭവിക്കുന്നത്. കല്യാണം കഴിക്കാൻ പെൺകുട്ടികളെ കിട്ടാനില്ല എന്ന പ്രശ്നം നേരിടുന്ന പുരുഷന്മാർക്കും വിവാഹം നൽകുന്ന പേടി ചെറുതല്ല. മുന്നോട്ടുള്ള ജീവിതം എങ്ങനെയായിരിക്കും, ചെലവ് കൂടുന്നു ഇങ്ങനെ ടെൻഷൻ അടിക്കാൻ പല കാരണങ്ങളും കണ്ടെത്തുന്നുണ്ട് ഇരുകൂട്ടരും. വെറുതെ ചിന്തിച്ച് ടെൻഷൻ അടിക്കുന്ന പല കാര്യങ്ങളും ഒരു കഴമ്പും ഇല്ലാത്തതായിരിക്കും. 

ഇക്കൂട്ടത്തിലേക്ക് പുതിയൊരു കാര്യം അവതരിപ്പിച്ചിരിക്കുകയാണ് അമേരിക്കയിലെ ഗവേഷകർ. വിവാഹം കഴിക്കുന്നവരിൽ രക്തസമ്മർദ്ദം വർധിക്കുന്നതായാണ് കണ്ടെത്തൽ. ചൈന, ഇംഗ്ലണ്ട്, ഇന്ത്യ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ നടത്തിയ ഗവേഷണത്തിലാണ് പുതിയ കണ്ടെത്തൽ. മറ്റ് കാരണങ്ങളൊന്നും ചിന്തിക്കേണ്ട, പങ്കാളിക്കുണ്ടാകുന്ന ഹൈപ്പർ ടെൻഷൻ തന്നെയാണ് കാരണം. 

പങ്കാളിക്ക് ഹൈപ്പർ ടെൻഷൻ ഉണ്ടെങ്കിൽ നിങ്ങൾക്ക് രക്തസമ്മർദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ധമനികളിലെ രക്തസമ്മർദ്ദം തുടർച്ചയായി വർദ്ധിക്കുന്ന ഒരു ദീർഘകാല രോഗാവസ്ഥയാണ് ഹൈപ്പർ ടെൻഷൻ. നാല് രാജ്യങ്ങളിലായി 30,000 ദമ്പതികളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ച് നടത്തിയ പഠനമാണ് അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ചത്. 

ഉയർന്ന രക്തസമ്മർദ്ദമുള്ള പുരുഷന്മാരെ വിവാഹം കഴിച്ച സ്ത്രീകൾക്ക് ഹൈപ്പർടെൻഷൻ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം സൂചിപ്പിക്കുന്നു. നേരെ തിരിച്ചും, ഹൈപ്പർ ടെൻഷൻ ഉള്ള സ്ത്രീകളെ വിവാഹം കഴിച്ച പുരുഷന്മാരുടെ അവസ്ഥയും ഇതുതന്നെ. ഇംഗ്ലണ്ടിലെ 47.1% ദമ്പതികളും യുണൈറ്റഡ് സ്റ്റേറ്റ്സിൽ 37.9% ഉം ചൈനയിൽ 20.8% ഉം ഇന്ത്യയിൽ 19.8% ഉം ഈ അവസ്ഥ നേരിടുന്നുണ്ട്. 

Also Read: ഫലസ്തീനികളുടെ യാതനകളെ അപഹസിച്ച് 'സാറ'യുടെ പരസ്യചിത്രം; വൻ പ്രതിഷേധം

 മിഷിഗൺ യൂണിവേഴ്സിറ്റി, എമോറി യൂണിവേഴ്സിറ്റി, കൊളംബിയ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് പിന്നിൽ. പങ്കാളികൾ തമ്മിലുള്ള സംസാരവും ഇരുവരുടെയും ജീവിതശൈലികളും ഹൈപ്പർ ടെൻഷൻ നേരിടാൻ സഹായിക്കും. ആരോഗ്യകരമായ സംഭാഷണങ്ങളിൽ ഏർപ്പെടാൻ ശ്രദ്ധിക്കണം. ചൈനയിലും ഇന്ത്യയിലും ഉള്ളതിനേക്കാൾ യുഎസിലും ഇംഗ്ലണ്ടിലും ഉയർന്ന രക്തസമ്മർദ്ദം സാധാരണമാണ്. എങ്കിലും ദമ്പതികളുടെ രക്തസമ്മർദ്ദ നില തമ്മിലുള്ള ബന്ധം യുഎസിലും ഇംഗ്ലണ്ടിലും ഉള്ളതിനേക്കാൾ ചൈനയിലും ഇന്ത്യയിലും ശക്തമാണെന്ന് പഠനം കണ്ടെത്തി. രാജ്യത്തെ സംസ്കാരങ്ങളിലുള്ള വ്യത്യാസമാണ് ഇതിന് കാരണം. 

ചൈനയിലും ഇന്ത്യയിലും, ഒരു കുടുംബമെന്ന നിലയിൽ ഒരുമിച്ച് നിൽക്കുക എന്നതിന് വളരെ പ്രാധാന്യമുണ്ട്. എത്ര അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും കല്യാണം കഴിച്ചതിന്റെ പേരിൽ ഒന്നിച്ച് നിൽക്കുക എന്നത് ഒരുതരത്തിൽ ഒരു വിശ്വാസമാണ് ഈ രാജ്യങ്ങളിൽ. അതിനാൽ, പങ്കാളികളുടെ ആരോഗ്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഒരുമിച്ച് വ്യായാമം ചെയ്യുക, ജോയിന്റ് മോണിറ്ററിംഗ് തുടങ്ങിയവ ഹൈപ്പർ ടെൻഷൻ കൈകാര്യം ചെയ്യാൻ സഹായകമാകുമെന്നും ഗവേഷകരുടെ പഠനം നിർദേശിക്കുന്നു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News