ഒരു സാധനം വെച്ചാൽ കാണില്ല... പരാതികൾ കൂടുന്തോറും ശ്രദ്ധിക്കണം; മറവി ശരിക്കും മറവിയാകുന്നത് എപ്പോഴാണെന്ന് അറിയാമോ!

ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ 'പ്രായത്തിന്റെയല്ലേ..' എന്ന് പറഞ്ഞ് അവഗണിക്കാതിരിക്കുക. ചിലപ്പോൾ വില്ലൻ ഡിമെൻഷ്യ ആയേക്കാം

Update: 2023-06-13 12:40 GMT
Editor : banuisahak | By : Web Desk
Advertising

അയ്യോ.. ഇയാളെ എനിക്കറിയാമല്ലോ, പക്ഷേ പേരെന്തായിരുന്നു! ജീവിതത്തിൽ ഒരിക്കലെങ്കിലും ഇങ്ങനെയൊരു അവസ്ഥ നേരിടാത്തവരുണ്ടാകില്ല. കൂടെ പഠിച്ചയാളുടെയോ അല്ലെങ്കിൽ അത്രയും പരിചയമുള്ള ഒരാളുടെയോ പേര് മനസ്സിലെവിടെയോ ഉണ്ട്. എന്നാൽ, എത്ര ശ്രമിച്ചിട്ടും അത് ഓർത്തെടുക്കാൻ കഴിയുന്നില്ല. എന്നും കയ്യിലെ ബാഗിൽ തന്നെ സൂക്ഷിക്കുന്ന താക്കോൽ തേടി വീടുമുഴുവൻ അരിച്ചുപറക്കേണ്ട അവസ്ഥ. തൊട്ടടുത്ത് വെച്ച മൊബൈൽ ഫോൺ പോലും മറന്നുപോകുന്നു. ഓ, ഇത്തരം മറവികൾ പ്രായമാകുമ്പോൾ എല്ലാവർക്കും ഉണ്ടാകുന്നതല്ലേ. വാർദ്ധക്യത്തോടൊപ്പം ചില അളവിലുള്ള മറവി സാധാരണമാണ്. എന്നാൽ, കുറച്ച് ശ്രദ്ധിച്ചാൽ മറവിക്ക് പിടികൊടുക്കാതെ കുറച്ച് നാൾ കൂടി ഹാപ്പി ആയിട്ട് കഴിയാനാകും. 

മറവി മറവിയാകുന്നത്..! 

മറവി എപ്പോഴാണ് ശരിക്കും മറവിയാകുന്നത്? ഇത് മനസിലാക്കാൻ സാധാരണ മറവിയും അസാധാരണ മറവിയും എന്താണെന്ന് മനസിലാക്കേണ്ടത് അത്യാവശ്യമാണ്. ചില പേരുകൾ മറന്നുപോകുന്നതും എന്നും ഓർത്ത് ചെയ്യുന്ന ചില കാര്യങ്ങളിൽ മാറ്റം വരുന്നതും വാർദ്ധക്യത്തിലെ മറവിയുടെ സാധാരണ രൂപങ്ങൾ മാത്രമാണ്. പക്ഷേ, വയോധികരിൽ  വില്ലനായി എത്തുന്നത് ഡിമെൻഷ്യയാണ്. 

ചിന്തിക്കാനുള്ള കഴിവ്, ഓർമ്മശക്തി, ശ്രദ്ധ, യുക്തി,സ്ഥലകല ബോധം നഷ്ടപ്പെടുക തുടങ്ങിയ നഷ്ടപ്പെടുന്ന അവസ്ഥയാണ് ഡിമെൻഷ്യ അഥവാ മറവി രോഗം. മസ്തിഷ്‌കത്തിലെ നാഡീകോശങ്ങൾ ക്ഷയിക്കുന്നതാണ് ഇതിന് പ്രധാന കാരണം. ഓർമ്മകൾ കവർന്നുകൊണ്ട് പോകുന്നതിന് മുൻപ് ഡിമെൻഷ്യ വളരെ സാവധാനമാണ് വരവറിയിക്കുന്നത്. അതിനാൽ തന്നെ ഇതിന്റെ ലക്ഷണങ്ങൾ പലപ്പോഴും അധികമാരും ശ്രദ്ധിക്കാതെ അവഗണിക്കാറാണ് പതിവ്. 

 വഴികളും ദിശകളുമെല്ലാം കൃത്യമായി അറിയാമായിരുന്ന ആൾക്ക് പെട്ടെന്നൊരു ദിവസം വഴിതെറ്റുന്നു, മുൻകാലങ്ങളിൽ ഒരിക്കലും മറക്കാത്ത ജന്മദിനങ്ങളും മറ്റ് വിശേഷദിവസങ്ങളും വിട്ടുപോകുന്നു. ഈ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ 'പ്രായത്തിന്റെയല്ലേ..' എന്ന് പറഞ്ഞ് അവഗണിക്കാതിരിക്കുക. സൂക്ഷ്മമായ ഇത്തരം മാറ്റങ്ങൾ രോഗിയുടെ അടുത്തുള്ളവർ അവഗണിക്കാറാണ് പതിവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് രോഗനിർണയത്തിനാണ് തിരിച്ചടിയാകുന്നത്. അതിനാൽ ലക്ഷണങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. 

ശ്രദ്ധിക്കേണ്ടത്..

 ഒരാളുടെ മറവി ദൈനംദിന ജീവിതത്തെ ബാധിച്ചുതുടങ്ങുമ്പോഴാണ് ശ്രദ്ധിച്ചുതുടങ്ങേണ്ടത്. പ്രധാനമായ അപ്പോയിന്റ്‌മെന്റുകൾ മറക്കുകയോ ഒരേ ചോദ്യങ്ങൾ ആവർത്തിച്ച് ചോദിക്കുകയോ ചെയ്യുന്നത് നിസാരമായി കാണരുത്. ദൈനംദിന ജീവിതത്തെ തടസപ്പെടുത്തുന്ന ഓർമ്മക്കുറവ് ആശങ്കയ്ക്ക് കാരണമായേക്കാവുന്ന മറവിയുടെ അടയാളമായി കണക്കാക്കാം. പുതിയ വിവരങ്ങൾ പഠിക്കാനുള്ള ബുദ്ധിമുട്ട്, സംഭാഷണങ്ങളോ നിർദ്ദേശങ്ങളോ പാലിക്കാൻ പാടുപെടുക, അസാധാരണമായ സ്ഥലങ്ങളിൽ സാധനങ്ങൾ വെക്കുക, ആളുകളെക്കുറിച്ചുള്ള ആശയക്കുഴപ്പം എന്നിവ ലക്ഷണങ്ങളാണ്. കൂടാതെ, മാനസികാവസ്ഥയിലോ വ്യക്തിത്വത്തിലോ ഉണ്ടാകുന്ന കാര്യമായ മാറ്റങ്ങളും നിരീക്ഷിക്കണം. 

ആയുർദൈർഘ്യം കൂടുന്നതിനനുസരിച്ച്, കൂടുതൽ ആളുകൾക്ക് തലച്ചോറിന്റെ യഥാർത്ഥ അപചയം നേരിടേണ്ടിവരുമെന്ന് അഥർവ് എബിലിറ്റി ജനറൽ മാനേജരും സെന്റർ ഹെഡുമായ ഡോ.ഗൗരീഷ് കെങ്ക്രെ വിശദീകരിക്കുന്നു. അതായത് പ്രായമാകും തോറും തലച്ചോറിന്റെ പ്രവർത്തനങ്ങൾ മന്ദഗതിയിലാകുമെന്ന് അർഥം. ഇത് ഡിമെൻഷ്യയ്ക്ക് കാരണമാകുന്നു. 

 

ഇങ്ങനെയുള്ള മസ്തിഷ്ക ശോഷണം തടയാൻ യാതൊരു വഴിയുമില്ല. പക്ഷേ, അത് മന്ദഗതിയിലാക്കാനാകും. ശാരീരിക പ്രവർത്തനങ്ങൾ, മാനസിക പ്രവർത്തനങ്ങൾ എന്നിവ തുടർച്ചയായി നിരീക്ഷിക്കുകയാണ് അപചയത്തെ മന്ദഗതിയിലാക്കാനുള്ള പ്രധാന മാർഗം. ശരീരം ഇപ്പോഴും ഊർജസ്വലമാക്കി നിർത്താൻ ശ്രദ്ധിക്കുക. വ്യായാമമാണ് വഴി. എല്ലാ കാര്യത്തിനും അവരെ പിന്തുണക്കരുത്. തനിയെ നടക്കാൻ വിടുക. എല്ലാ തരത്തിലുള്ള പ്രതലങ്ങളിലൂടെയും നടക്കാൻ അവരെ പരിശീലിപ്പിക്കുക. വ്യത്യസ്തമായ അന്തരീക്ഷങ്ങളിലും പരിചിതമായിരിക്കാൻ ശ്രദ്ധിക്കണം. 

ഈ ലക്ഷണങ്ങളെ അവഗണിക്കരുത്.. 

  • സമീപകാല സംഭവങ്ങളോ സംഭാഷണങ്ങളോ ഓർത്തെടുക്കാൻ ബുദ്ധിമുട്ട്
  • പരിചിതമായ സ്ഥലങ്ങളിൽ വഴിതെറ്റുന്നു
  • മുമ്പ് എളുപ്പമായിരുന്ന സങ്കീർണ്ണമായ ജോലികൾക്കുള്ള ബുദ്ധിമുട്ട്
  • ഒരു സംഭാഷണത്തിൽ ശരിയായ വാക്കുകൾ കണ്ടെത്താൻ പാടുപെടുന്നു
  • മാനസികാവസ്ഥയിലോ വ്യക്തിത്വത്തിലോ ഉള്ള മാറ്റങ്ങൾ
  • സമയമോ സ്ഥലമോ സംബന്ധിച്ച ആശയക്കുഴപ്പം
  • വീട്ടിലോ ജോലിസ്ഥലത്തോ ഒഴിവുസമയങ്ങളിലോ പരിചിതമായ ജോലികൾ പൂർത്തിയാക്കാനുള്ള ബുദ്ധിമുട്ട്
  • കാലക്രമേണ ഈ ലക്ഷണങ്ങൾ സ്ഥിരമായി ശ്രദ്ധയിൽപ്പെട്ടാൽ കുടുംബാംഗങ്ങൾ ആശങ്കാകുലരാകണം. അല്ലെങ്കിൽ, ഇവ കൂടുതൽ വഷളായേക്കാം. 

മസ്തിഷ്ക ശോഷണം മന്ദഗതിയിലാക്കാം 

മസ്തിഷ്കം സജീവമായി നിലനിർത്താൻ ഒരാൾ ചെയ്യേണ്ട കാര്യങ്ങൾ ഡോക്ടർ പങ്കുവെക്കുന്നത് അറിയാം. 

  • ശാരീരിക വ്യായാമം
  • പഴങ്ങൾ, പച്ചക്കറികൾ, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പുഷ്ടമായ സമീകൃതാഹാരം
  •  ആവശ്യത്തിന് ഉറക്കം
  • സമ്മർദ്ദം നിയന്ത്രിക്കാം 
  • വായന, പുതുതായി എന്തെങ്കിലും പഠിക്കൽ
  • മെമ്മറി ഗെയിമുകൾ പരിശീലിക്കുന്നതും നല്ലതാണ് 
Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News