കുട്ടികള്‍ക്ക് കോവിഡ് വന്നുപോയോ?; ഈ ലക്ഷണങ്ങളിലൂടെ ദീര്‍ഘകാല കോവിഡ് തിരിച്ചറിയാം
കുട്ടികളിലെ ദീര്‍ഘകാല കോവിഡ് കേസുകള്‍ വരികയാണെന്ന് അടുത്തിടെ നടന്ന ഒരു പഠനം വെളിപ്പെടുത്തുന്നു.
രോഗമുക്തരായതിന് ശേഷം ആഴ്ചകളും മാസങ്ങള്‍ക്കും പിന്നിട്ടിട്ടും ഒരാളുടെ ജീവിതനിലവാരത്തെയും ജോലി ചെയ്യാനുള്ള പ്രാപ്തിയെയും ബാധിക്കുന്ന തരത്തില്‍ തുടരുന്ന ലക്ഷണങ്ങളെയാണ് ദീര്‍ഘകാല കോവിഡ് എന്ന് പറയുന്നത്. കോവിഡ് ബാധിതരില്‍ പത്ത് ശതമാനമെങ്കിലും ദീര്‍ഘകാല കോവിഡ് മൂലമുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ദീര്‍ഘകാല കോവിഡ് പൊതുവേ മുതിര്‍ന്നവരെ ബാധിക്കുന്ന ഒരു പ്രശ്‌നമായിട്ടാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ കുട്ടികളിലെ ദീര്‍ഘകാല കോവിഡ് കേസുകള്‍ വര്‍ധിച്ചു വരികയാണെന്ന് അടുത്തിടെ നടന്ന ഒരു പഠനം വെളിപ്പെടുത്തുന്നു. തീവ്ര കോവിഡ് ബാധ സ്വയം ആക്രമിക്കുന്ന ആന്റിബോഡികള്‍ക്ക് കാരണമാകാം.
ദീര്‍ഘകാല കോവിഡിന്റെ ലക്ഷണങ്ങള്‍ ഇവയാണ്
1. മണം നഷ്ടമാകല്‍
2. നെഞ്ച് വേദന
3. പേശീ വേദന
4. തുടര്‍ച്ചയായ ജലദോഷം
5. തീവ്രമായ തലവേദന
6. ഉറക്കമില്ലായ്മ
7. ക്ഷീണം
8. ബ്രെയിന്‍ ഫോഗ്
9. തുടര്‍ച്ചയായുള്ള ചുമ
അതേസമയം, കുട്ടികളിലെ ദീര്‍ഘകാല കോവിഡ് 12 ആഴ്ചകള്‍ക്ക് ശേഷം അപൂര്‍വമായി മാത്രമേ തുടരാറുള്ളൂ എന്ന് പീഡിയാട്രിക് ഇന്‍ഫെക്ഷ്യസ് ഡിസീസ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 19,426 കുട്ടികള്‍ പങ്കെടുത്ത 14 രാജ്യാന്തര പഠനങ്ങളുടെ അവലോകനത്തിലാണ് ഈ കണ്ടെത്തല്‍. 20ല്‍ ഒരു കുട്ടിക്ക് മാത്രമേ നാലാഴ്ചകള്‍ക്ക് അപ്പുറം കോവിഡ് ലക്ഷണങ്ങള്‍ തുടരാറുള്ളൂ എന്ന് ലണ്ടനിലെ കിങ്‌സ് കോളജ് നടത്തിയ മറ്റൊരു പഠനവും പറയുന്നു.