നന്നായി ഉറങ്ങിക്കോളൂ, അമിതവണ്ണം കുറഞ്ഞോളും...
ഒരു ദിവസം 30 മിനിറ്റ് ഇരിക്കുന്നതിന് പകരം ഉറങ്ങുന്നതിലൂടെ ശരീരഭാരവും അരവണ്ണവും കുറക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്
തെറ്റായ ജീവിതശൈലി നയിക്കുന്നത് പലപ്പോഴും അകാലമരണത്തിന് വരെ ഇടയാക്കാറുണ്ട്. മോശം ജീവിതശൈലിയിലുടെ നാം വിളിച്ച് വരുത്തുന്ന പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവ മരണത്തിലേക്ക് നമ്മെ എത്തിക്കുമെന്നാണ് ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നത്. ഇതിനുള്ള ഏക പരിഹാരം ജീവിതശൈലിയിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരിക എന്നതാണ്. എന്നാൽ, ഉറക്കത്തിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പുതിയൊരു പഠനം വെളിപ്പെടുത്തുന്നത്.
പ്രാഥമികമായി ശരീരത്തെ ഊർജ്ജസ്വലമാക്കാൻ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണ് വേണ്ടത്. ഓട്ടം, നടത്തം, സൈക്ലിംഗ്, നീന്തൽ, മറ്റ് വ്യായാമങ്ങൾ എന്നിവയിൽ ഏർപ്പെടുക. ഇത് ശരീരഭാരം നിയന്ത്രിക്കാനും ജീവിതശൈലി രോഗങ്ങളിൽ നിന്ന് മോചനം നേടാനും സഹായിക്കുമെന്ന് എല്ലാവർക്കും അറിയാം. യൂറോപ്യൻ ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം സൂചിപ്പിക്കുന്നത് അനുസരിച്ച് ആയാസരഹിതമായ പ്രവർത്തനങ്ങൾകൊണ്ടും ശരീരഭാരം കുറക്കാമെന്നാണ്. അതായത് ഉറങ്ങിക്കൊണ്ടും ശരീരഭാരം കുറക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്.
അരമണിക്കൂർ വ്യായാമത്തിൽ ഏർപ്പെടുന്നത് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കാൻ സഹായിക്കും. എന്നാൽ ഒരു ദിവസം 30 മിനിറ്റ് ഇരിക്കുന്നതിന് പകരം ഉറങ്ങുന്നതിലൂടെ ശരീരഭാരവും അരവണ്ണവും കുറക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. നടക്കുന്നതും നിൽക്കുന്നതും സമാനമായ ഫലങ്ങൾ കൈവരിക്കുന്നതിന് സഹായിക്കും.
ഡെൻവറിലെ നാഷണൽ ജൂയിഷ് ഹെൽത്തിലെ കാർഡിയോ വാസ്‌കുലർ പ്രിവൻഷൻ ആൻഡ് വെൽനസ് ഡയറക്ടർ ഡോ. ആൻഡ്രൂ ഫ്രീമാൻ പറയുന്നതനുസരിച്ച് ഗുണനിലവാരമുള്ള ഉറക്കം ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും. എന്നാൽ വ്യായാമങ്ങളൊക്കെ ഒഴിവാക്കി ഉറക്കം മാത്രം ശീലമാക്കുന്നത് നല്ലതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓരോ വ്യക്തിയുടെയും ശാരീരിക പ്രത്യേകതകൾക്കും ജീവിതശൈലിക്കും അനുസരിച്ചായിരിക്കും ഇതിന്റെ ഫലം ലഭിക്കുക. ചിലർക്കിത് വലിയ ഗുണം ചെയ്‌തേക്കാം. എന്നാൽ ചിലർക്ക് കൃത്യമായ വ്യായാമം ആവശ്യമായി വന്നേക്കാം. ശാരീരിക പ്രവർത്തനങ്ങൾ ഹൃദയാരോഗ്യം മെച്ചപ്പെടാനും ഗുണമേന്മയുള്ള ഉറക്കത്തിനും സഹായിക്കും.