പാമ്പു കടിയേറ്റാല്‍ ഒരിക്കലും ഈ കാര്യങ്ങള്‍ ചെയ്യരുത്
നല്ല വിഷമുള്ള പാമ്പാണ് കടിച്ചതെങ്കിൽ കാഴ്ച മങ്ങുകയും, ശരീരം കുഴയുകയും ചെയ്യാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ചികിത്സ വൈകുന്നത് അപകടത്തിലേക്ക് നയിക്കും
നമ്മുടെ നാട്ടിൽ സർവസാധാരണമായി കണ്ടുവരുന്ന ജീവിവർഗമാണല്ലോ പാമ്പുകൾ. പാമ്പുകളില്‍ വിഷമുള്ളവയും ഇല്ലാത്തവയുമുണ്ട്. രാത്രി കാലങ്ങളില്‍ യാത്ര ചെയ്യുമ്പോൾ പാമ്പ് കടിയേൽക്കുകയും എന്താണ് സംഭവിച്ചത് എന്നറിയാതെ ചികിത്സ വൈകിയത് മൂലം മരണത്തിൽ വരെ കലാശിക്കുകയും ചെയ്ത പല സംഭവങ്ങളും നാം കേട്ടിട്ടുണ്ട്. പാമ്പു കടിയേൽക്കുകയോ കടിയേറ്റെന്ന് സംശയിക്കുകയോ ചെയ്താൽ ഉടൻ ചെയ്യേണ്ട കാര്യങ്ങളും ചെയ്യരുതാത്ത കാര്യങ്ങളും എന്തൊക്കെയാണ്? പരിശോധിക്കാം.
പാമ്പു കടിയേറ്റാൽ അടുത്തടുത്തായി രണ്ടു പല്ലുകളുടെ അടയാളം സാധാരണ കാണാറുണ്ട്. രാത്രി നടന്നു പോകുമ്പോൾ കടിയേറ്റതായി സംശയിക്കുകയും ഇങ്ങനെ മുറിവു കാണുകയും ചെയ്താൽ ഉടൻ തന്നെ രോഗിയെ ആശുപത്രിയിലെത്തിക്കണം.
സാധാരണഗതിയിൽ ഛർദ്ദി, തളർച്ച, എന്നിവയാണ് പാമ്പുകടിയുടെ പ്രഥമ ലക്ഷണങ്ങളായി കാണാറ്. നല്ല വിഷമുള്ള പാമ്പാണ് കടിച്ചതെങ്കിൽ കാഴ്ച മങ്ങുകയും, ശരീരം കുഴയുകയും ചെയ്യാറുണ്ട്. അത്തരം കേസുകളിൽ ചികിത്സ വൈകുന്നത് അപകടത്തിലേക്ക് നയിക്കും.
കയ്യിലോ കാലിലോ ആണ് കടിയേറ്റതെങ്കില്‍ നെഞ്ചിന് താഴേക്കായി കടിയേറ്റ ശരീരഭാഗം തൂക്കിയിടണം. വിഷം പടരുന്നത് കുറയ്ക്കാന്‍ ഇത് സഹായിക്കും.
പാമ്പ് കടിയേറ്റതാണെന്ന് മനസിലായാൽ സ്വയം ചികിത്സയക്ക് മുതിരാതെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയാണ് വേണ്ടത്. പാമ്പ് കടിയേറ്റ ഭാഗത്ത് മുറിവുണ്ടാക്കി രക്തമൊഴുക്കുന്നതും, ചരട് വലിച്ചു കെട്ടുന്നതും, രക്തം വായിൽ വലിച്ചൂറ്റിക്കളയുന്നതുമൊന്നും ഫലപ്രദമായ ചികിത്സയല്ലെന്ന് ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
പരിഭ്രാന്തി പരത്തി രോഗിയെ ഒരുകാരണവശാലും ഭയപ്പെടുത്തരുത്. ഭയം മൂലം രോഗിയുടെ രക്തസമ്മർദം വർധിക്കാൻ ഇടയാകും. അതിനാൽ തന്നെ രോഗിയുടെ മാനസിക സമ്മർദം കുറക്കാനും സമാധാനിപ്പിക്കാനും ശ്രമിക്കണം. ശേഷം ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് ആന്‍റിവെനം നൽകണം.
പാമ്പു കടിയേറ്റാല്‍ ഒരിക്കലും ഈ കാര്യങ്ങള്‍ ചെയ്യരുത്
1പരിഭ്രാന്തി പരത്തി രോഗിയെ ഭയപ്പെടുത്തരുത്
2.രോഗിയെ ഒരിക്കലും നടത്തരുത്. ഇത് വിഷം വ്യാപിക്കാന്‍ ഇടയാക്കും.
3.മുറിവിൽ പച്ചിലപ്രയോഗമോ, മറ്റു പരിചിതമല്ലാത്ത നാട്ടുവൈദ്യങ്ങളോ പ്രയോഗിക്കരുത്
4. കടിയേറ്റ ഭാഗത്ത് ബ്ലേഡ് കൊണ്ട് മുറിവേൽപ്പിക്കരുത്
5. രക്തം വായിലേക്കു വലിച്ച് തുപ്പരുത്
6.കടിച്ച പാമ്പ് ഏതെന്നറിയാൻ അതികനേരം തിരഞ്ഞ് സമയം കളഞ്ഞ് രോഗിയുടെ നില ഗുരുതരമാക്കരുത്
7.മുറിവിൽ ഐസോ മറ്റോവക്കരുത്