ശരിക്കുറങ്ങാതെ രാവിലെ എത്ര ഓടിയിട്ടും കാര്യമില്ല; ഉറങ്ങാതെ ഓടുന്നവർ സൂക്ഷിച്ചോളൂ!

നാലു മണിക്കൂറും അഞ്ചു മണിക്കൂറും മാത്രം ഉറങ്ങി അതിരാവിലയെണീറ്റ്, ഓടുന്നവരോടാണ്

Update: 2023-10-07 05:05 GMT
Editor : Jaisy Thomas | By : Web Desk

പ്രതീകാത്മക ചിത്രം

Advertising

മനസിനും ശരീരത്തിനും ഒരുപോലെ ആവശ്യമായ കാര്യമാണ് ഉറക്കം. ഒരാള്‍ ഒരു ദിവസം എട്ടുമണിക്കൂറെങ്കിലും ഉറങ്ങണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. രാത്രി ആറു മണിക്കൂറില്‍ കുറവു ഉറങ്ങുന്നവരുടെ ആയുര്‍ദൈര്‍ഘ്യം കുറയാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ജോലിത്തിരക്കിനിടയില്‍ പലര്‍ക്കും ശരിയായി ഉറങ്ങാന്‍ പോലും സമയം കിട്ടാറില്ല. കൃത്യമായി ഉറങ്ങാതെ രാവിലെ നടക്കാനും ഓടാനും ഇറങ്ങിയിട്ട് ഒരു പ്രയോജനവുമില്ലെന്ന് വിശദീകരിക്കുകയാണ് ഐ.എം.എ സംസ്ഥാന പ്രസിഡന്‍റ് ഡോ. സുല്‍ഫി നൂഹു.

ഡോക്ടറുടെ കുറിപ്പ്

ഉറങ്ങാതെ ഓടുന്നവരോട് !

നാലു മണിക്കൂറും അഞ്ചു മണിക്കൂറും മാത്രം ഉറങ്ങി അതിരാവിലയെണീറ്റ്, ഓടുന്നവരോടാണ്, നടക്കുന്നവരോടാണ്! ഫൈവ് എ എം ക്ലബ് ഒക്കെ നല്ലതാണ്. പക്ഷേ എട്ടുമണിക്കൂർ കുറഞ്ഞത് 7 മണിക്കൂർ ഉറങ്ങിയിട്ട് മതി 5 എ എം ക്ലബ് ഒക്കെ. ഉറക്കം ആരോഗ്യമാണെന്ന്, പറഞ്ഞ് തഴമ്പിച്ച ആ പഴയ തള്ള് വീണ്ടും വീണ്ടും പറഞ്ഞു വയ്ക്കാതെ വയ്യ! ഇന്നലെ കേട്ട ഒരു കഥ! 40 വയസ്സുകാരൻ 24 മണിക്കൂറിൽ 16 മണിക്കൂർ ജോലി. നാലു മണിക്കൂർ ഉറക്കം ഒരു മണിക്കൂർ നടത്തണം.

ആഹാരം കഴിക്കാനും കുളിക്കാനും പോലും സമയമില്ല. ജോലി ചെയ്യുന്ന 16 മണിക്കൂറിൽ ഏതാണ്ട് മുഴുവൻ ഭാഗവും കടുത്ത സ്ട്രസ്സ്. രോഗങ്ങൾ വന്നപ്പോഴാണ് തിരിച്ചറിവ്. ഉറക്കം തലച്ചോറിനെയും സർവ്വ നാഡി ഞരമ്പുകളെയും മനസ്സിനെയും സർവ്വതിനെയും യുവത്വത്തിൽ തന്നെ നിലനിർത്തും . എട്ടു മണിക്കൂർ 7 മണിക്കൂർ ഉറങ്ങിയില്ലെങ്കിൽ പിന്നെ രണ്ടു മണിക്കൂറോ അഞ്ചു മണിക്കൂറോ നടന്നിട്ടും ഒരു കാര്യവുമില്ല. ഈ അടുത്തകാലത്ത് ഒരു സൂപ്പർസ്റ്റാറിന്റെ വീരവാദം കേൾക്കാനിടയായി.

അദ്ദേഹം അതിരാവിലെ രണ്ടുമണിക്ക് കിടന്നാലും നാലുമണിക്ക് ഓടാൻ പോകുമത്രേ. സൂപ്പർസ്റ്റാർ സാർ ആയാലും എട്ടു മണിക്കൂർ ഉറങ്ങണം കുറഞ്ഞത് 7. ഇല്ലെങ്കിൽ ദുഃഖിക്കേണ്ടി വരും ഉറക്കത്തിന്‍റെ എല്ലാ ഘട്ടങ്ങളിലൂടെയും നല്ലോണം കടന്നുപോണം. ഓർമ്മശക്തിയും ബുദ്ധിശക്തിയും ശരീരവും മനസ്സും സർവ്വതും രോഗവിമുക്തമാകും. രോഗ പ്രതിരോധശേഷിയെങ്കിലും കൂടും. ഇന്നലെയും കൂടി ഇമ്മ്യൂണിറ്റി കൂട്ടാൻ ഗുളിക തപ്പി ഒരു ഐടി ചേട്ടൻ എത്തിയിരുന്നു. പോയി ഉറങ്ങടോ എന്ന് ഞാൻ പറഞ്ഞു. ഏറ്റവും വലിയ ഇമ്മ്യൂണിറ്റി ഗുളിക ഉറക്കമാണ്. അതില്ലാതെ അതിരാവിലെ എണീറ്റ് നടന്നിട്ടും ഓടിയിട്ടും കാര്യമില്ല. തരികിട ഇമ്മ്യൂണിറ്റി ഗുളിക കഴിച്ചിട്ടും കാര്യവുമില്ല. ആദ്യം ഉറക്കം, പിന്നീട് നടത്തം! ഉറങ്ങാതെ ഓടുന്നവർ സൂക്ഷിച്ചോളൂ!..

ഡോ സുൽഫി നൂഹു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News