മധുരം കഴിച്ചാലും മധുരം കുടിക്കുന്നത് കരുതണേ... പാഞ്ഞെത്തും ഹൃദ്രോഗം

69,705 ആളുകളെ പങ്കാളികളാക്കി പത്ത് വർഷമായി നടത്തിവരുന്ന പഠനമാണ് മധുരപാനീയങ്ങൾ ഹൃദ്രോഗത്തെ പെട്ടെന്ന് വിളിച്ചുവരുത്തുമെന്ന് കണ്ടെത്തിയത്

Update: 2024-12-10 13:22 GMT
Editor : ശരത് പി | By : Web Desk
Advertising

 ദിവസം രാവിലെ ചായ തുടങ്ങി ഒട്ടനേകം മധുരപാനീയങ്ങൾ കുടിക്കുന്നവരാണ് നമ്മളോരോരുത്തരും. വിപണിയിൽ കൂടുതൽ പാനീയങ്ങളും മധുരം വൻതോതിൽ കലർത്തിയവയുമാണ്. എന്നാൽ മധുരപാനീയങ്ങൾ മറ്റ് മധുരപലഹാരങ്ങളേക്കാൾ ഏറെ അപകടകരമാണെന്ന് തെളിയിച്ച് സ്വീഡിഷ് പഠനം പുറത്തുവന്നിരിക്കുകയാണ്.

പ്രമേഹത്തിന് പുറമെ പക്ഷാഘാതം, ഹൃദയാഘാതം, ഹൃദയധമനികളുടെ പേശികൾ തകരുന്നത് പോലുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് വളരെ കുറഞ്ഞ സമയം കൊണ്ട് ഒരാളെ എത്തിക്കുന്നതിന് മധുരപാനീയങ്ങൾക്ക് സാധിക്കും. പഠനപ്രകാരം ചെറിയ അളവിൽ മധുരം കഴിക്കുന്നത് അപകടകരമല്ല.

സ്വീഡനിലെ ലുണ്ട് സർവകലാശാലയിലെ സുസൻ ജാൻസി എന്ന ഗവേഷകയുടെ പഠനപ്രകാരം, മധുരം ഖരരൂപത്തിലെത്തുന്നത് ശരീരത്തെ പെട്ടെന്ന് തന്നെ സംതൃപ്തിപ്പെടുത്തുന്നു. മധുരം കഴിക്കണമെന്ന തോന്നൽ ഉടൻ ശമിപ്പിക്കാൻ ഖരരൂപത്തിലുള്ള മധുരപലഹാരങ്ങൾ കുറഞ്ഞ അളവിൽ കഴിച്ചാൽ മതി. എന്നാൽ മധുരപാനീയങ്ങൾ കുടിക്കുമ്പോൾ വയർ നിറയുന്നില്ല. ശരീരത്തിന് ഭക്ഷണത്തേക്കാൾ അധികം ജലമാണ് ആവശ്യമെന്നതിനാൽ ആമാശയം കൂടുതലായി ജലത്തിന് ഇടം നൽകുന്നു. ദ്രാവകരൂപത്തിലുള്ള മധുരവസ്തുക്കൾ കുടിക്കുമ്പോൾ ഇത് കൂടുതൽ മധുരം ശരീരത്തിലെത്തുന്നതിന് കാരണമാവുന്നു.  മധുരവുമായി അനുബന്ധപ്പെട്ട അസുഖങ്ങളെ പെട്ടെന്ന് വിളിച്ചുവരുത്താൻ പാനീയങ്ങൾ കാരണമാവുന്നതെന്ന് പഠനം പറയുന്നു.

പത്തുവർഷത്തിന് മുൻപ് ആരംഭിച്ച ഗവേഷണം 69,705 ആളുകളെ പഠനത്തിൽ പങ്കാളികളാക്കിയിരുന്നു. ഇത്രയും ആളുകളുടെ ഭക്ഷണരീതി ഗവേഷണം ഈ കാലഘട്ടത്തിൽ നിരീക്ഷിച്ചുവന്നു. മറ്റ് സാമ്പിളുകളും പരിശോധിച്ചു. പ്രധാനമായും ഇവർ കഴിച്ച മധുരമുള്ള ഭക്ഷണങ്ങളെ ഗവേഷണം നിരീക്ഷിച്ചു. തേനും മധുരപലഹാരങ്ങളും മധുര പാനീയങ്ങളും പഠനത്തിൽ ഏറ്റവുമധികം ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ട ഭക്ഷ്യവസ്തുക്കളായിരുന്നു. ഹൃദ്രോഗത്തിൽ ഉൾപ്പെടുന്ന പക്ഷാഘാതം, ഹൃദയാഘാതം, ഹൃദയസ്തംഭനം, ഹൃദയധമനികളുടെ തകർച്ച, ധമനികളുടെ ചുരുങ്ങൽ എന്നിവയും പഠനവിധേയമായി.

പത്ത് വർഷങ്ങൾക്ക് ശേഷം പഠനത്തിൽ പങ്കെടുത്ത 25,739 പേരിൽ പല തരത്തിലുള്ള ഹൃദ്രോഗങ്ങൾ കണ്ടെത്തി. മധുരം കഴിച്ചാണ് ആളുകൾക്ക് കൂടുതലായും അസുഖങ്ങൾ വന്നതെന്ന് കണ്ടെത്തിയെങ്കിലും മധുരപാനീയങ്ങൾ കുടിച്ചവർക്ക് ഈ അസുഖങ്ങൾ വളരെ നേരത്തെ വന്നെന്ന് പഠനങ്ങൾ വ്യക്തമാക്കി. മധുരപാനീയങ്ങൾക്ക് പുറമെ മിഠായികളാണ് ഏറ്റവും അപകടകരമായ മധുര ഭക്ഷണ വിഭാഗം.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News