ഫിറ്റ്‌നസ് ചലഞ്ച്: അമിതമായി വെള്ളം കുടിച്ച ടിക് ടോക്കർ ആശുപത്രിയിൽ
ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നാല് ലിറ്റര്‍ വെള്ളം കുടിച്ചതോടെയാണ് ആശുപത്രിയിലായത്
വൈറൽ ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായി അമിതമായി വെള്ളം കുടിച്ച ടിക് ടോക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. '75 ഹാർഡ്' എന്ന് പേരിട്ട ചലഞ്ചിൽ പങ്കെടുക്കുന്നവർ 75 ദിവസം നാല് ലിറ്റർ വെള്ളം വീതമാണ് കുടിക്കേണ്ടിയിരുന്നത്. ചലഞ്ച് 12 ദിവസം പിന്നിട്ടപ്പോഴേക്കും കാനഡയിലെ ടിക് ടോക്കര്‍ മിഷേൽ ഫെയർബേൺ ആശുപത്രിയിലായി.
മദ്യം ഒഴിവാക്കിയുള്ള ഭക്ഷണക്രമം, ഒരു ദിവസം രണ്ടു തവണ 45 മിനിറ്റ് വർക്ക്ഔട്ട്, ഒരു ദിവസം 10 പേജ് വായന എന്നിവയും ചലഞ്ചിന്‍റെ ഭാഗമായിരുന്നു. യൂട്യൂബർ ആൻഡി ഫ്രിസെല്ല ആരംഭിച്ച ചലഞ്ചില്‍ പങ്കെടുക്കുകയാണെന്ന് മിഷേൽ ഫെയർബേൺ ടിക് ടോക്കില്‍ അറിയിച്ചു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ മൂന്നോ നാലോ ലിറ്ററിൽ കൂടുതൽ വെള്ളം കുടിച്ചതോടെ തനിക്ക് സുഖമില്ലാതായെന്ന് മിഷേൽ വീഡിയോയില്‍ പറഞ്ഞു. തനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ലെന്നും പലതവണ ടോയ്‍ലറ്റില്‍ പോവേണ്ടിവരുന്നുവെന്നും ഭക്ഷണം കഴിക്കാന്‍ കഴിയുന്നില്ലെന്നും ഓക്കാനം വരുന്നുവെന്നും ചലഞ്ച് 12 ദിവസം പിന്നിട്ടതോടെ മിഷേല്‍ പറഞ്ഞു.
തുടർച്ചയായി നടത്തിയ പരിശോധനകൾക്ക് ശേഷം മിഷേലിന് സോഡിയത്തിന്റെ കുറവുണ്ടെന്ന് കണ്ടെത്തി. ദിവസേന നാല് ലിറ്റര്‍ വെള്ളം കുടിക്കുന്നതു നിര്‍ത്തി അര ലിറ്റര്‍ വെള്ളം കുടിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. എന്നാല്‍ '75 ഹാര്‍ഡ്' ചലഞ്ച് തുടരാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് മിഷേല്‍ പറഞ്ഞു.
2019ലാണ് ആദ്യമായി '75 ഹാര്‍ഡ്' ചലഞ്ച് അവതരിപ്പിക്കപ്പെട്ടത്. ഫിറ്റ്നസ് ചലഞ്ച് തുടങ്ങും മുന്‍പ് അത് തനിക്ക് അനുയോജ്യമാണോ എന്ന് ഫിസിഷ്യനെ കണ്ട് ഉറപ്പുവരുത്തണമെന്ന് ഈ ചലഞ്ച് മുന്നോട്ടുവെച്ച ആൻഡി ഫ്രിസെല്ല വ്യക്തമാക്കിയിരുന്നു.
Summary- A TikToker in Canada was hospitalised after drinking four litres of water for 12 days as part of a viral fitness challenge.