പല്ലു വേദനയാണോ...? ചില വീട്ടു വൈദ്യങ്ങൾ ആശ്വാസം നൽകും
സാധാരണയായി വരുന്ന വേദനയാണെങ്കിലും ചില സമയങ്ങളിലെ അസഹനീയമായ വേദന നമ്മളെയാകെ തളർത്തും
പല്ലു വേദന വരാത്തവർ ചുരുക്കമായിരിക്കും. മറ്റുള്ളത് പോലെ സർവ സാധാരണയായി വരുന്ന വേദനയാണെങ്കിലും ചില സമയങ്ങളിലെ അസഹനീയമായ വേദന നമ്മളെയാകെ തളർത്തും. വേദനയുണ്ടായാൽ ഡോക്ടറെ സമീപിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. പല്ലിന്റെ പ്രശ്‌നങ്ങൾ മനസിലാക്കി കൃത്യമായ സംരക്ഷണങ്ങൾ നൽകേണ്ടത് അത്യാവശ്യമാണ്. എന്നാൽ വേദന വരുന്ന സമയങ്ങളിൽ ചെറിയൊരാശ്വാസം ലഭിക്കാൻ ചില വീട്ടു വൈദ്യങ്ങൾ ചെയ്യുന്നത് നല്ലതാണ്. ഇത് വേദനയ്ക്ക് ചെറിയൊരാശ്വാസം ലഭിക്കാൻ സഹായിക്കും.
ഉപ്പുവെള്ളം
പല്ലു വേദന ഉള്ളപ്പോൾ ഉപ്പ് വെള്ളം കൊണ്ട് വായ കഴുകുന്നതും കവിൾകൊള്ളുന്നതും പല്ലു വേദന മാറാനും പല്ലുകളുടെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും. പല്ലുവേദനയ്ക്കുള്ള ലളിതവും എന്നാൽ ഫലപ്രദവുമായ പ്രതിവിധിയാണിത്. ഒരു ദിവസം രണ്ടോ മൂന്നോ നേരം ഇത്തരത്തിൽ ചെയ്യുന്നത് നല്ലതാണ്. പല്ലു വേദനയ്ക്ക് മാത്രമല്ല വായ്ക്കകത്തുള്ള നീര് കുറയ്ക്കാനും മുറിവുകൾ ഭേദമാക്കാനും തൊണ്ട വേദന ശമിപ്പിക്കാനും ചൂടുള്ള ഉപ്പുവെള്ളം ഉപയോഗിക്കാം.
ഗ്രാമ്പൂ
വേദനയുണ്ടാവുമ്പോൾ ഏറ്റവും കൂടുതൽ ആളുകൾ ചെയ്തു നോക്കുന്ന മാർഗമാണിത്. വേദന നിയന്ത്രിക്കുക മാത്രമല്ല, വീക്കം കുറക്കാനും സഹായിക്കുന്നു. ബാക്ടീരിയകളെ നശിപ്പിക്കാനും നീര് കുറയ്ക്കാനുമുള്ള കഴിവ് ഗ്രാമ്പുവിനുണ്ട്. ഗ്രാമ്പൂ പൊടിച്ച് വെളിച്ചെണ്ണയിൽ കലർത്തി വേദനയുള്ള പല്ലിൽ പുരട്ടുകയോ അല്ലെങ്കിൽ അൽപം ചൂടുള്ള ഗ്രാമ്പൂ ചായ കുടിക്കുകയോ ചെയ്യുന്നത് വേദന കുറക്കാൻ സഹായിക്കുന്നു.
വെളുത്തുള്ളി
പല്ല് വേദന മാറാൻ ഏറ്റവും മികച്ച ഒന്നാണ് വെളുത്തുള്ളി. ആൻറി ബാക്ടീരിയൽ ഗുണങ്ങളുള്ള ഇത് ബാക്ടീരിയകളെ നശിപ്പിക്കുകയും വേദന സംഹാരിയായി പ്രവർത്തിക്കുകയും ചെയ്യും. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന 'അല്ലിസിൻ'(അഹഹശരശി) എന്ന ഘടകം നല്ലൊരു അണുനാശിനിയാണ്.
വെളുത്തുള്ളിയുടെ അല്ലികൾ പച്ചയ്ക്ക് ചവയ്ക്കുകയോ വെളുത്തുള്ളി പേസ്റ്റ് തയ്യാറാക്കി വേദനയുള്ള ഭാഗങ്ങളിൽ വെയ്ക്കുകയോ ചെയ്യുന്നത് നല്ലതാണ്. അരച്ചെടുത്ത വെളുത്തുള്ളിയിൽ ഉപ്പ് ചേർത്ത് പുരട്ടുന്നതും നല്ലതാണ്.
പേരയില
ധാരാളം പോഷക ഗുണങ്ങളുള്ള ഒന്നാണ് പേരയില. പേരയിലയിട്ട തിളപ്പിച്ച വെള്ളം കൊണ്ട് വായ കഴുകുന്നത് പല്ലു വേദന മാറാൻ മാത്രമല്ല വായ്‌നാറ്റം അകറ്റാനും അണുബാധ ഉണ്ടാകാതിരിക്കാനും ഏറെ നല്ലതാണ്.
കറ്റാർ വാഴ
പല രോഗങ്ങൾക്കും ഉപയോഗിക്കുന്ന ഒരു മരുന്നാണ് കറ്റാർവഴ. കറ്റാർവാഴ ജെൽ മുടിക്കും ശരീരത്തുനും ഒരുപോലെ ഗുണം ചെയ്യുന്നു. കറ്റാർ വാഴയ്ക്ക് സ്വാഭാവിക ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ടെന്നും പല്ലിന് കേടുവരുത്തുന്ന രോഗാണുക്കളെ നശിപ്പിക്കാൻ കഴിയുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്
കർപ്പൂര തുളസി
സംരക്ഷിക്കുന്നു. ഇതിനായി കർപ്പൂര തുളസി എണ്ണ ഉപയോഗിക്കാം അല്ലെങ്കിൽ അല്പം ചൂടുള്ള പെപ്പർമിന്റ് ടീ ബാഗ് പല്ലിൽ വയ്ക്കാം. ടീ ബാഗ് പല്ല് വേദനയ്ക്കുളള നല്ല ഒരു പരിഹാരമാണ്. ടീ ബാഗ് വെള്ളത്തിലിട്ട് ചൂടാക്കി അത് വേദനയുള്ള ഭാഗത്ത് അമർത്തി പിടിച്ചാൽ വേദനക്ക് ആശ്വാസം ലഭിക്കും.
തണുപ്പ് പിടിക്കുക
കുറച്ച് ഐസ് ഒരു തൂവാലയിൽ പൊതിഞ്ഞ് ഇത് മുഖത്തിന്റെ വേദനയുള്ള ഭാഗത്ത് കുറച്ച് നേരം വയ്ക്കുക. കുറച്ച് നേരം വെച്ച് കഴിയുമ്പോൾ നല്ലൊരാശ്വാസം ലഭിക്കാൻ ഇങ്ങനെ ഉപയോഗിക്കുന്നത് നല്ലതാണ്. തണുപ്പ് പിടിക്കുന്ന കോൾഡ് കംപ്രസ് രീതി ഉപയോഗിക്കുന്നത് ചെറിയൊരാശ്വാസം ലഭിക്കാൻ കാരണമാവും.