എന്തൊരു മുഹബ്ബത്ത്! ഒരോ മിനിറ്റിലും സ്വിഗ്ഗി വിറ്റത് 115 ബിരിയാണി
സ്വിഗ്ഗിയുടെ ചാർട്ടിൽ ചിക്കൻ ബിരിയാണിയുടെ വിറ്റുവരവ് ആറു വർഷമായി ടോപ്പ് റാങ്കിങ്ങിലാണ്
ബിരിയാണിയോടുള്ള ഇന്ത്യക്കാരുടെ പ്രിയം പ്രസിദ്ധമാണ്. നാവിൽ വെള്ളമൂറുന്ന, രുചി തന്നെയാണ് ഈ പേർഷ്യൻ ഭക്ഷണത്തെ പ്രിയങ്കരമാക്കുന്നത്. ആ ഇഷ്ടത്തിന്റെ ഒരു കണക്ക് പുറത്തുവിട്ടിരിക്കുകയാണിപ്പോൾ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി. കഴിഞ്ഞ വർഷം ഓരോ മിനിറ്റിലും 115 ബിരിയാണി തങ്ങൾ വിറ്റെന്നാണ് സ്വിഗ്ഗി പറയുന്നത്. കോവിഡ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലു തകർത്ത വർഷത്തിൽ കൂടിയാണ് സ്വിഗ്ഗി ഇത്രയും കൂടുതൽ ബിരിയാണി വിറ്റത് എ്ന്നതുമോർക്കണം.
സ്വിഗ്ഗിയുടെ ചാർട്ടിൽ ചിക്കൻ ബിരിയാണിയുടെ വിറ്റുവരവ് ആറു വർഷമായി ടോപ്പ് റാങ്കിങ്ങിലാണ്ഹൈദരാബാദ്, ചെന്നൈ, കൊൽക്കത്ത, ലഖ്‌നൗ തുടങ്ങിയ പ്രദേശങ്ങളിൽ ആളുകൾ വലിയ തോതിൽ ചിക്കൻ ബിരിയാണി ഓർഡർ ചെയ്യുന്നുണ്ട്. ബംഗളൂരുവിൽ ചിക്കൻ ബിരിയാണി ഭക്ഷണ പ്രേമികൾക്ക് രണ്ടാമത്തെ പ്രിയപ്പെട്ട ഭക്ഷണമായി തുടരുന്നു. പൂനെയിൽ ഇഷ്ട ഭക്ഷണങ്ങളുടെ രണ്ടാമത്തെ റാങ്കിങ്ങിൽ ദം ചിക്കൻ ബിരിയാണിയുണ്ട്.
സ്വിഗ്ഗിയുടെ മീറ്റ് സ്റ്റോറിലെ ഏറ്റവും പ്രചാരമുള്ള വിഭവമാണിപ്പോൾ ബിരിയാണി. ചിക്കൻ വിഭവങ്ങളിൽ പിന്നീട് ഏറ്റവും കൂടുതൽ ആളുകൾ വാങ്ങി കഴിക്കുന്ന ലഘുഭക്ഷണം ചിക്കൻ സമൂസയാണ്. പാവ് ഭാജി ഇപ്പോൾ ലഘു ഭക്ഷണങ്ങളുടെ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തെത്തി. അതേ സമയം രാത്രി 10 മണിക്ക് ശേഷം ആളുകൾ കഴിക്കാൻ ഇഷ്ടപ്പെടുന്ന വിഭവങ്ങളുടെ കൂട്ടത്തിൽ ചീസ് ഗാർലിക്ക് ബ്രഡും, പോപ്പ്‌കോർണും, ഫ്രഞ്ച് ഫ്രൈസുമുണ്ട്.
എന്തായാലും പാചകക്കുറിപ്പുകളും ഭക്ഷ്യ വിഭവങ്ങളും ഇന്ത്യക്കാർ കൂടുതലായി തിരയുന്നുണ്ടെന്നാണ് ഗൂഗിളും വ്യക്തമാക്കുന്നത്. ഇന്ത്യൻ വിഭവങ്ങളിൽ ഏറെ പ്രസിദ്ധിയാർജിച്ച ഭക്ഷണമാണ് ദോശ, എന്നാൽ ഈ ഭക്ഷണത്തെ മറികടന്ന് എനോക്കി മഷ്‌റൂം ജനങ്ങൾക്കിടയിൽ വൻ പ്രചാരം നേടിയിട്ടുണ്ട്.