വൈ.എസ് ശർമിള ആന്ധ്രാപ്രദേശ് പിസിസി അധ്യക്ഷ
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് ശർമിളയെ പി.സി.സി അധ്യക്ഷയായി നിയമിച്ചത്
ന്യൂഡല്‍ഹി: വൈ.എസ് ശർമിളയെ ആന്ധ്രാപ്രദേശ് പിസിസി അധ്യക്ഷയായി നിയമിച്ചു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെ സഹോദരിയായ വൈ എസ് ശർമിള കഴിഞ്ഞ മാസമാണ് കോൺഗ്രസിൽ ചേർന്നത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് ശർമിളയെ പി.സി.സി അധ്യക്ഷയായി നിയമിച്ചത്. ആന്ധ്രാപ്രദേശ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് ഗിഡുഗു രുദ്രരാജു കഴിഞ്ഞദിവസമാണ് രാജിവെച്ചത്. ഇദ്ദേഹത്തെ കോൺഗ്രസ് പ്രവർത്തക സമിതിയിൽ പ്രത്യേക ക്ഷണിതാവാക്കി നിയമിച്ചിട്ടുണ്ട്.
തന്‍റെ പാര്‍ട്ടിയായ വൈ.എസ്.ആർ.ടി.പി കോൺഗ്രസിൽ പൂര്‍ണമായും ലയിച്ചതായി ശര്‍മ്മിള കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ പ്രഖ്യാപിച്ചിരുന്നു. ആന്ധ്രാപ്രദേശിലെ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ശർമിളയെ മുൻ നിർത്തി ജഗൻ മോഹനെ നേരിടാനാണ് കോൺഗ്രസ് നീക്കം. എൻഡിഎയിലേക്ക് നരേന്ദ്ര മോദി വിളിച്ചിട്ടും പോകാത്ത ശർമിളയിലൂടെ തെലങ്കാനയിലെ വിജയം ആവർത്തിക്കാമെന്ന ആത്മവിശ്വാസം കോൺഗ്രസിനുണ്ട്.
ഹൈക്കമാൻഡുമായി നടത്തിയ മാരത്തൺ ചർച്ചകൾക്ക് ഒടുവിലാണ് വൈഎസ്ആർ തെലുഗു ദേശം പാർട്ടി സ്ഥാപക വൈഎസ് ശർമിള കോൺഗ്രസിൽ എത്തുന്നത്. പാർട്ടിയെ തന്നെ കോൺഗ്രസിൽ ശർമിള ലയിപ്പിക്കുമ്പോൾ മറ്റ് ഭാരവാഹികൾക്കും അർഹിക്കുന്ന സ്ഥാനം നൽകുമെന്ന് കോൺഗ്രസ് വാക്ക് നൽകിയിട്ടുണ്ട്.