17 ദിവസം, ചെലവ് വെറും 25,000 രൂപ: പൂർണമായും മുളയിൽ നിർമ്മിച്ച വീട്
കട്ടിലുകളും ഇരിപ്പിടങ്ങളുമെല്ലാം മുളയിലാണ് തീർത്തിരിക്കുന്നത്.
ലോക്ക്ഡൗണിൽ പണിയില്ലാതിരുന്നപ്പോൾ ചുരുങ്ങിയ ദിവസം കൊണ്ട് പ്രകൃതി സൗഹൃദമായ ഒരു വീട് ഒരുക്കിയിരിക്കുകയാണ് ഇടുക്കി കട്ടപ്പന സ്വദേശിയായ വി എസ് രതീഷ്. പൂർണമായും മുളയിലാണ് ഓട്ടോ ഡൈവറായ രതീഷ് വീട് തയ്യാറാക്കിയിരിക്കുന്നത്.
സുഹൃത്തുക്കളിൽ നിന്നാണ് മുളവീട് എന്ന ആശയം രതീഷിന് ലഭിച്ചത്. ഭാര്യ സവിതയും മക്കളായ അശ്വിനും അർജുനും പിന്തുണ നൽകിയപ്പോൾ സ്വപ്നം യാഥാർഥ്യമാക്കാൻ രതീഷ് തീരുമാനിച്ചു. മെയ് എട്ടിന് ലോക്ക്ഡൗൺ ആരംഭിച്ചപ്പോൾ രതീഷ് തന്റെ വീട് പണിയും ആരംഭിച്ചു. അയൽവാസിയായ ബാബുവും ഒപ്പം കൂടിയതോടെ 17 ദിവസം കൊണ്ട് നിർമാണം പൂർത്തിയാക്കി.
150 മുളകളാണ് നിർമാണത്തിന് ആവശ്യായി വന്നത്. കട്ടിലുകളും ഇരിപ്പിടങ്ങളുമെല്ലാം മുളയിലാണ് തീർത്തിരിക്കുന്നത്. മുറ്റത്ത് ചെടികൾ നട്ടിരിക്കുന്നതും മുളയുടെ കുറ്റികളിലാണ്. വഴിയരികിലും മുളകൊണ്ടുള്ള അലങ്കാരപ്പണികളുണ്ട്.
മുള വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് അത് നിർമ്മിച്ച് നൽകാനും രതീഷ് ഒരുക്കമാണ്. ലോക്ക്ഡൗൺ കാലത്തെ പരീക്ഷണം പുതിയ ഉപജീവനമാർഗം തുറക്കുമെന്ന പ്രതീക്ഷയിലാണ് രതീഷ്.