ജനാധിപത്യത്തിൽ താറുമാറാവുന്ന പട്ടാള ഭരണം.. ‘ദി അനൗൺസ്മെന്‍റ്’ റിവ്യു വായിക്കാം
മികച്ചൊരു പൊളിറ്റിക്കല്‍ സറ്റയറാണ് ദി അനൗൺസ്മെന്‍റ്.
1963ൽ ഇസ്താംബൂളിൽ നടന്ന തുർക്കിയുടെ പട്ടാള അട്ടിമറിയിൽ സൈന്യത്തെ നയിച്ച, എന്നാൽ ഇപ്പോൾ സൈന്യത്തിലില്ലാത്ത നാല് പട്ടാളക്കാരുടെ ദീർഘമായ രാത്രി യാത്ര. അട്ടിമറി പൂർത്തിയാവണമെങ്കിൽ ഒരു പൊതുഅറിയിപ്പ് നടത്തണമെന്ന വിശ്വാസത്തിന്റെ പേരിൽ അങ്കാരയിലെ ഒരു റേഡിയോ സ്റ്റേഷൻ അതിക്രമിച്ച് കീഴടക്കി ഇനി മുതൽ തുർക്കിയിൽ പട്ടാള ഭരണമായിരിക്കുമെന്ന് അറിയിക്കാനാണ് അവർ യാത്ര നടത്തുന്നത്. പക്ഷേ പട്ടാളക്കാർക്ക് ആ ഉദ്യമം വിചാരിച്ചത്ര എളുപ്പമായിരുന്നില്ല. പല കാര്യങ്ങളും അതിന് വിലങ്ങുതടിയായി. പൊതുജനത്തിന്റെ ശക്തിയായിരുന്നു പ്രധാന വെല്ലുവിളി. ദി അനൗൺസ്മെന്റ് എന്ന തുർക്കി ചിത്രം ചർച്ച ചെയ്യുന്ന രാഷ്ട്രീയം കരുത്തുറ്റതാണ്.
ചിത്രം തുടങ്ങുന്നത് തന്നെ ജർമനിയിലെ ഒരു ആശുപത്രി മുറിയിലാണ്. ടർകിഷ് പ്രവാസിയായ ഒരു ടാക്സി ഡ്രൈവറെ ഒരു ജർമ്മൻ ഡോക്ടർ പരിശോധിക്കുകയാണ്. വളരെ വൈഡ് ആംഗിളിൽ ചിത്രീകരിച്ചിരിക്കുന്ന സീൻ വെള്ളയും കറുപ്പുമടങ്ങുന്ന ടൈൽസ് പതിപ്പിച്ചിരിക്കുന്ന മുറിയെ പ്രതീകാത്മകമായി ജർമനിയിലെയും തുർക്കിയിലെയും പട്ടാള ഭരണ ചിട്ടകളെ വിമർശിക്കുന്നു. പരിശോധന പൂർത്തിയാവാതെ തന്നെ പുറത്തിറങ്ങുന്ന പ്രവാസി തിരിച്ച് ഇസ്താംബുളിലേക്കെത്തുകയും പിന്നീട് പട്ടാളക്കാരുമായി ചേരുകയും ചെയ്യുന്നു.
തുടക്കത്തിൽ വളരെ ഗൗരവതരമായി ആരംഭിച്ച സിനിമ പിന്നീട് നര്‍മം നിറഞ്ഞതായി. തുർക്കിയിൽ നിലനിന്നിരുന്ന സന്തുലിതമല്ലാത്ത ഭരണകാലത്തെ മുന്‍ നിർത്തി ജനാധിപത്യ വിരുദ്ധമായി പ്രവർത്തിക്കുന്ന ഭരണ സംവിധാനങ്ങളെ ആക്ഷേപഹാസ്യ രൂപത്തില്‍ വിമർശിക്കുകയാണ് അനൗൺസ്മെന്റ്. ഇടക്കിടക്കുള്ള കൊലപാതകങ്ങൾ പട്ടാള ഭരണത്തിലെ മേൽക്കോയ്മകളെ ചൂണ്ടിക്കാണിക്കുന്നു. ഭരണ സംവിധാനങ്ങൾ തകരാറിലാകുമ്പോൾ അവിടെ ഒളിച്ചോട്ടങ്ങളുണ്ടാകുന്നു എന്ന് വിളിച്ചോതിക്കൊണ്ട് ടാക്സി ഡ്രൈവർ പരിശോധനക്കായി വീണ്ടും ജർമ്മനിയിലേക്ക് തിരിക്കുന്ന രംഗങ്ങൾ മികച്ച് നിന്നു. റേഡിയോ സ്റ്റേഷൻ കൈപിടിയിലാക്കി മാനേജറെ കാണുന്ന സീനുകളാണ് ചിത്രത്തിലെ ഏറ്റവും മികച്ച ഹാസ്യ രംഗങ്ങൾ. സ്റ്റിൽ ഫ്രെയിമുകളാണ് സംവിധായകൻ മഹ്മൂദ് ഫാസിൽ ഉപയോഗിച്ചിരിക്കുന്നത്. ചുരുക്കത്തില്‍ മികച്ചൊരു പൊളിറ്റിക്കല്‍ സറ്റയറാണ് ദി അനൗൺസ്മെന്‍റ്.