സിനിമയെ സ്നേഹിക്കുന്ന ആളുകൾ ഇപ്പോഴുമുണ്ട് എന്നതിന്റെ തെളിവാണ് ഐ.എഫ്.എഫ്.കെ: അബു വളയംകുളം
താന്‍ അഭിനയിച്ച ഈട, ഉടലാഴം എന്നീ സിനിമകള്‍ ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിക്കുന്നതിന്‍റെ ആവേശത്തിലാണ് അബു വളയംകുളം
സിനിമയെ സ്നേഹിക്കുന്ന ആളുകൾ ഇപ്പോഴുമുണ്ടെന്ന് തെളിയിക്കുകയാണ് ഇത്തവണത്തെ ഐ.എഫ്.എഫ്.കെ എന്ന് നടൻ അബു വളയംകുളം. 2000 രൂപ മുടക്കി അധികമാരും മേളയിൽ വരില്ലെന്നാണ് മിക്കവരും കരുതിയത്. എന്നാൽ എല്ലാവരുടെയും പ്രതീക്ഷകൾ തെറ്റിച്ച് കൊണ്ടാണ് ഐ.എഫ്.എഫ്.കെ ഇത്തവണ അരങ്ങേറിയതെന്നും അബു പറഞ്ഞു.
താൻ ഭാഗമായ മൂന്ന് സിനിമകൾ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്. അതിന്റെ ആവേശത്തിലാണ്. മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഈട, ഉടലാഴം എന്നീ സിനിമകളിൽ അഭിനേതാവായും ലോക സിനിമ വിഭാഗത്തിൽ മത്സരിക്കുന്ന സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിൽ കാസ്റ്റിങ് ഡയറക്ടറായും അബു സാന്നിധ്യമറിയിച്ചിട്ടുണ്ട്.
അഭിനയിച്ചിട്ടുണ്ടെങ്കിലും ഉടലാഴം താൻ കാണുന്നത് ഐ.എഫ്.എഫ്.കെയിൽ വച്ചാണ്. കൂടാതെ വളരെയധികം നിരൂപക പ്രശംസ നേടിയ വിജയ് സേതുപതിയുടെ മേർക്ക് തൊടർച്ചി മലൈ എന്ന സിനിമയിലും അബു ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.