അസ്ഹർ ഫർഹാദി വീണ്ടും മികവ് തെളിയിച്ചോ..? എവരിബഡി നോസ് റിവ്യു വായിക്കാം
അർജന്റീനയിൽ കുടുംബത്തോടൊപ്പം താമസിക്കുകയാണ് സ്പാനിഷുകാരിയായ ലോറ. കുടുംബത്തിലെ ഒരു പ്രധാനപ്പെട്ട വിവാഹത്തിൽ പങ്ക് ചേരാനായി ലോറ മക്കളുമൊത്ത് നാട്ടിലേക്ക് ഒരുപാട് കാലത്തിന് ശേഷം എത്തുന്നു. തുടർന്ന് യാഥൃശ്ചികമായ പല സംഭങ്ങൾ അരങ്ങേറുകയും കൗമാരക്കാരിയായ മകൾ എെറിനെ കാണാതാവുകയും ചെയ്യുന്നു. ശേഷം നടക്കുന്ന സംഭവ വികാസങ്ങളെ ആസ്പദമാക്കിയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഭാവിയും ഭൂതവും വർത്തമാനവും തമ്മിലുള്ള സംഘർഷങ്ങളാണ് അസ്ഹർ ഫർഹാദി തന്റെ ആദ്യ സ്പാനിഷ് സിനിമയായ ‘എവരിബഡി നോസി’ലൂടെ പ്രേക്ഷകർക്ക് മുന്നിൽ തുറന്ന് കാട്ടുന്നത്. കാൻ ചലച്ചിത്രമേളയിലും ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ച ഈ ചിത്രം ഇരുപത്തിമൂന്നാമത് എെ.എഫ്.എഫ്.കെയിലും ഉദ്ഘാടന ചിത്രമായി തെരഞ്ഞെടുത്തതിൽ ആശ്ചര്യപ്പെടാനൊന്നുമില്ല.
നാട്ടിലെത്തുന്ന എെറിൻ ഒരു ആൺകുട്ടിയുമായി പ്രണയത്തിലേർപ്പെടുന്നുണ്ട്. അവനിൽ നിന്നും നാട്ടിലെ പാക്കോ എന്നയാളുമായി തന്റെ അമ്മ കല്യാണത്തിന് മുൻപ് പ്രണയത്തിലായിരുന്നുവെന്ന കാര്യം അവൾ അറിയാനിടയാവുന്നു. അത് വിശ്വസിക്കാനാവാത്ത എെറിനോട് എല്ലാവർക്കും ഇതറിയാം..(എവരിബഡി നോസ്) എന്ന് കാമുകൻ പറയുന്നു. മറ്റെന്തെല്ലാം എല്ലാവർക്കും അറിയാം എന്ന ചോദ്യത്തിന്റെ ഉത്തരങ്ങൾ കൂടി ഇഴ കലർത്തിയാണ് കഥ മുന്നോട്ട് പോവുന്നത്. ഒരേ സമയം ത്രില്ലറായും അതേസമയം കുടുംബപ്രേക്ഷകർക്ക് ആസ്വാദ്യകരമാവുന്ന വിധത്തിൽ ബന്ധങ്ങളിലെ സങ്കീർണ്ണതകളിലൂടെയും കടന്ന് പോവുന്ന തിരക്കഥയാണ് സിനിമയുടേത്. പതിവ് ഫർഹാദി സ്റ്റൈൽ മേക്കിങ് തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഒരു സ്ലോ പേസ് ത്രില്ലർ ഡ്രാമ ഗണത്തിൽ പെടുത്താവുന്ന സിനിമയിൽ രഹസ്യങ്ങൾ ചുരുളഴിക്കുമ്പോൾ പതിവ് രീതിയിൽ മിതത്വം പാലിച്ച് സംവിധായകൻ പ്രേക്ഷകനിൽ ആസ്വാദനാനുഭൂതി സൃഷ്ടിക്കുന്നു.
അക്കാദമി അവാർഡ് ജേതാക്കളായ പെനെലോപ്പെ ക്രൂസ് ലോറയായും ജാവിയർ ബാർഡെം പാക്കോയായും സിനിമയിലുടനീളം മികച്ച പ്രകടനം കാഴ്ച വച്ചു. ചിത്രത്തിലെ പ്രകടനത്തിന് കാൻ ചലച്ചിത്ര മേളയിൽ പെനെലോപ്പെ ക്രൂസ് മികച്ച നടിക്കുള്ള പുരസ്കാരത്തിന് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. കഥയുടെ പല വഴിത്തിരിവുകളിലും സിനിമക്ക് ശക്തി നൽകാൻ ഈ അതുല്യ പ്രതിഭകൾക്ക് സാധിച്ചു. ഛായാഗ്രഹണം മികച്ചതായിരുന്നതിനാൽ ഒരു ഫ്രെയിമിൽ പോലും സിനിമയുടെ ആത്മാവിന് യാതൊരു കോട്ടവും സംഭവിച്ചില്ല. അസ്ഹർ ഫർഹാദിയുടെ മുൻകാല ചിത്രങ്ങളായ സെപ്പറേഷൻ, സെയില്‍സ്മാൻ തുടങ്ങിയ ചിത്രങ്ങളുടെ നിലവാരത്തിൽ സിനിമക്ക് എത്താനായോ എന്ന് ചോദിച്ചാൽ ഒരു പക്ഷെ എത്തിയിട്ടില്ല എന്ന് പറയേണ്ടി വരും. എന്നിരുന്നാലും മാസ്റ്റേഴ്സ് ബ്രില്ല്യന്റ്സ് എന്ന വാക്കിന് കൂടുതൽ അർത്ഥം നൽകികൊണ്ട് മികച്ച രീതിയിൽ തന്നെ കഥ പറയാൻ ഫർഹാദിക്ക് സാധിച്ചു. സെപ്പറേഷനും സെയിൽസ്മാനും മികച്ച അന്യഭാഷ ചിത്രങ്ങളുടെ വിഭാഗത്തിൽ ഓസ്കർ നേടിയ ചിത്രങ്ങളാണ്.