കുമ്പളങ്ങി നൈറ്റ്സ് ഫെബ്രുവരി ഏഴിന് തിയേറ്ററുകളിലേക്ക്
ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ശ്യാം തന്നെയാണ്.
ഷെയ്ൻ നിഗം, ഫഹദ് ഫാസിൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മധു സി നാരായണൻ സംവിധാനം ചെയ്യുന്ന കുമ്പളങ്ങി നൈറ്റ്സ് ഫെബ്രുവരി ഏഴിന് തിയേറ്ററുകളിലെത്തും. ഐ.എഫ്.എഫ്.കെ വേദിയിലെത്തിയ ചിത്രത്തിന്റെ നിർമ്മാതാക്കളിലൊരാളായ ദിലീഷ് പോത്തനാണ് ഇക്കാര്യം മീഡിയവണിനോട് പറഞ്ഞത്. ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ശ്യാം തന്നെയാണ്.
ഷെയ്‍ന്‍ നിഗം, ഫഹദ് ഫാസിൽ എന്നിവരെ കൂടാതെ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി തുടങ്ങി നീണ്ട താരനിര ചിത്രത്തിലുണ്ട്. ദിലീഷ് പോത്തൻ - ശ്യാം പുഷ്കരൻ ടീം ഒന്നിച്ച മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ സിനിമകൾ ദേശീയ പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിരുന്നു. കഴിഞ്ഞ വർഷം ഐ.എഫ്.എഫ്.കെയിൽ മികച്ച മലയാള സിനിമക്കുള്ള നെറ്റ്പാക്ക് പുരസ്കാരവും തൊണ്ടിമുതലും ദൃക്സാക്ഷിയും സ്വന്തമാക്കിയിരുന്നു.