ഏകാന്തതയെ ഉപേക്ഷിക്കാൻ വിസമ്മതിക്കുന്ന വാർദ്ധക്യം- ‘ദി ബെഡ്’ റിവ്യു
ലാറ്റിൻ അമേരിക്കൻ ചിത്രമായ ദി ബെഡ് സംവിധാനം ചെയ്തത് മോണിക്ക ലൈറാനയാണ്.
വൃദ്ധ ദമ്പതികളായ ജോർജ്ജും മേബലും കഴിഞ്ഞ 24 വർഷമായി തങ്ങളുടെ വീട്ടിൽ ഏകാന്തവാസത്തിലാണ്. പക്ഷെ, ഒരു ഘട്ടത്തിൽ തങ്ങൾ താമസിച്ചിരുന്ന വീട് അവർ വിൽക്കുന്നു. ആ വീട്ടിലെ സാധനങ്ങളെല്ലാം അവർ ഒരുമിച്ച് വാങ്ങിയതാണ്. അത് സമാസമം പങ്കിട്ടെടുത്ത് തങ്ങളുടെ വീട്ടിലെ ഒരുമിച്ചുള്ള അവസാന ദിവസം അവർ ചിലവിടുകയാണ്. ആ അവസാന ദിവസം അവർ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും ആഗ്രഹങ്ങളും പ്രതീക്ഷകളും വേർപാടുമെല്ലാമാണ് ദി ബെഡ് പറയുന്നത്. ലാറ്റിൻ അമേരിക്കൻ ചിത്രമായ ദി ബെഡ് സംവിധാനം ചെയ്തത് മോണിക്ക ലൈറാനയാണ്. ഐ.എഫ്.എഫ്.കെയുടെ മത്സരവിഭാഗത്തിലാണ് ദി ബെഡ് പ്രദർശിപ്പിക്കുന്നത്.
24 വർഷം പുറംലോകവുമായി ബന്ധമില്ലാതെ ജീവിക്കുന്ന ഈ വൃദ്ധ ദമ്പതികളുടെ ലോകത്ത് അവർ മാത്രമേയുള്ളൂ. പിന്നെ, ആ വീടിനെ ചുറ്റിപ്പറ്റി ജീവിക്കുന്ന ചില ജീവികളും. അതിനാൽ തന്നെ സിനിമയിൽ വെറും രണ്ട് കഥാപാത്രങ്ങൾ മാത്രമാണുള്ളത്. ആ വീടിനുള്ളിൽ നിന്നും പുറത്ത് പോകാതെ തന്നെ സംവിധായിക സിനിമ പൂർത്തീകരിച്ചു. വളരെ വൈകാരികമായ രീതിയിൽ കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധത്തെ വളരെ വ്യക്തമായി ചിത്രത്തിൽ വരച്ചിടാനും സംവിധായികക്ക് സാധിച്ചു. അതിന് ഉദാഹരണമാണ് അവസാന ദിവസം വികാരാധീനരായി എന്തുചെയ്യണമെന്നറിയാതെ ചിരിച്ചും കരഞ്ഞും അവരുടെ ചത്ത പൂച്ചയെ കുഴിച്ചിട്ടും നായയെ കൂടെ കുളിപ്പിച്ചും അവർ സമയം ചിലവഴിച്ചത്. വികാരാധീനതയുടെ കൊടുമുടിയിൽ പ്രേക്ഷകരെ നിർത്തിക്കൊണ്ട് അവസാനം അവർ പിരിയുന്നു.
കഥാപാത്രങ്ങളുടെ എണ്ണം കുറയുമ്പോഴാണ് അഭിനേതാക്കൾക്ക് ജോലി കൂടുക. മറ്റൊന്നിലേക്കും ശ്രദ്ധ പോകാതെ തന്റെ അഭിനയത്തിൽ പ്രേക്ഷകരെ പിടിച്ചിടാൻ കഴിയണം. അത് യാഥാർത്ഥ്യമാക്കിക്കൊണ്ടാണ് ദി ബെഡിലെ രണ്ട് കഥാപാത്രങ്ങളും അഭിനയിച്ചിരിക്കുന്നത്. സിനിമ ഒരു വീടിനുള്ളിൽ ചുരുങ്ങിയതിനാൽ അവരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കുന്ന മൂന്നാമതൊരാളായി പ്രേക്ഷകര്‍ മാറുന്നു. വികാരങ്ങൾ കൊണ്ട് കെട്ടിപ്പടുത്ത ബെഡ് ഏതാന്തതയെ ഉപേക്ഷിക്കാൻ വിസമ്മതിക്കുന്ന വാർദ്ധക്യത്തിന്റെ മാനസിക സംഘർഷങ്ങളാണ്.