‘മുഹമ്മദ്: ദി മെസ്സഞ്ചര്‍ ഓഫ് ഗോഡ്’ ഇത്തവണയും പ്രദര്‍ശിപ്പിക്കില്ല; സെന്‍സര്‍ അനുമതിയില്ലെന്ന് ചലച്ചിത്ര അക്കാദമി

Update: 2018-12-10 15:11 GMT
Advertising

അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ജൂറി അധ്യക്ഷനായ ഇറാനിയൻ സംവിധായകൻ മജീദ് മജീദിയുടെ ചിത്രമായ 'മുഹമ്മദ്: ദി മെസ്സഞ്ചര്‍ ഓഫ് ഗോഡ്'ന്‍റെ പ്രദര്‍ശനം ഇത്തവണയും മുടങ്ങി. മേളയിലെ ജൂറി വിഭാഗത്തിൽ പ്രദര്‍ശിപ്പിക്കേണ്ട ചിത്രത്തിന്‍റെ പ്രദര്‍ശനം ഇന്ന് രാത്രി 10.30ന് നിശാഗന്ധി തിയറ്ററിൽ നടക്കുമെന്നായിരുന്നു നേരത്തെ ചലച്ചിത്രോല്‍സവ ഗൈഡില്‍ സൂചിപ്പിച്ചിരുന്നത്. എന്നാൽ സെൻസര്‍ ബോര്‍ഡിന്റെ അനുമതി ലഭിക്കാത്തതിനാല്‍ പ്രദര്‍ശനം നടത്താനാകില്ലെന്ന് മേളയുടെ അധികൃതര്‍ അറിയിക്കുകയായിരുന്നു. ഇക്കാര്യം ഔദ്യോഗികമായി തന്നെ ചലച്ചിത്രമേളയുടെ വെബ്സൈറ്റിലൂടെയും മൊബൈല്‍ മെസ്സേജുകളിലൂടെയും പ്രേക്ഷകരെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും ‘മുഹമ്മദ്: ദി മെസ്സഞ്ചര്‍ ഓഫ് ഗോഡ്’ മേളയില്‍ സ്ഥാനം പിടിച്ചെങ്കിലും പിന്നീട് ഇതേ കാരണം പറഞ്ഞ് അന്ന് മേളയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം കനത്ത പ്രതിഷേധമായിരുന്നു ‘മുഹമ്മദ്: ദി മെസ്സഞ്ചര്‍ ഓഫ് ഗോഡ്’ ഒഴിവാക്കിയതിനെതിരെ ഉയര്‍ന്നത്.

ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രേക്ഷക പ്രശംസ നേടിയ 'ഡാര്‍ക്ക് ഈസ് ദ നൈറ്റ്' ഉള്‍പ്പെടെ 4 ചിത്രങ്ങളാണ് ജൂറി വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. അതോടൊപ്പം ' മുഹമ്മദ്: ദി മെസ്സഞ്ചര്‍ ഓഫ് ഗോഡ് ', 'ഹൈവേ', 'വടചെന്നൈ' എന്നിവയാണ് മറ്റ് ജൂറി ചിത്രങ്ങള്‍. രാജ്യാന്തര മേളകളില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ 'ചില്‍ഡ്രന്‍ ഓഫ് ഹെവന്‍', 'ദ കളര്‍ ഓഫ് പാരഡൈസ്' എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് മജീദ് മജീദി. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ബാല്യകാലം ആവിഷ്‌കരിക്കുന്നതാണ് മുഹമ്മദ്: ദി മെസ്സഞ്ചര്‍ ഓഫ് ഗോഡ് ' ഇറാനിയന്‍ സിനിമാ ചരിത്രത്തില്‍ ഏറ്റവും വലിയ മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രവുമാണ് മുഹമ്മദ്: ദി മെസ്സഞ്ചര്‍. എ.ആര്‍. റഹ്മാനാണ് ചിത്രത്തിന് സംഗീതം നല്‍കിയത്. ഇത്തവണ മേളയുടെ ജൂറി അധ്യക്ഷനായി ഇറാനിയൻ സംവിധായകൻ മജീദ് മജീദി വന്ന സന്ദര്‍ഭത്തില്‍ ചിത്രം കാണാനാവുമെന്ന പ്രതീക്ഷയിലായിരുന്നു ചലച്ചിത്ര പ്രേമികള്‍.

Full View
Tags:    

Similar News