പൊതുജനങ്ങളിലേക്കെത്താനുള്ള ഏറ്റവും നല്ല എളുപ്പവഴിയാണ് സിനിമയെന്ന് വെട്രിമാരൻ
അതിനാലാണ് ശക്തമായ രാഷ്ട്രീയ പ്രശ്നങ്ങൾ ഉന്നയിക്കുന്ന സിനിമകൾ തമിഴിൽ നിന്നുണ്ടാകുന്നതെന്നും വെട്രിമാരൻ പറഞ്ഞു.
സിനിമ എന്ന കല കാര്യങ്ങൾ ജനങ്ങളിലേക്കെത്തിക്കാനുള്ള ഏറ്റവും നല്ല എളുപ്പവഴിയെന്ന് സംവിധായകൻ വെട്രിമാരൻ. അതിനാലാണ് ശക്തമായ രാഷ്ട്രീയ പ്രശ്നങ്ങൾ ഉന്നയിക്കുന്ന സിനിമകൾ തമിഴിൽ നിന്നുണ്ടാകുന്നതെന്നും വെട്രിമാരൻ പറഞ്ഞു. പരിയേരും പെരുമാൾ, അരുവി തുടങ്ങിയ ചിത്രങ്ങൾ ഇതിനുദാഹരണമാണ്.
തമിഴ് സിനിമ പ്രേക്ഷകരിൽ കൂടുതൽ സ്വാധീനം ചെലുത്തുന്നതിന് മറ്റ് പല കാരണങ്ങൾ കൂടിയുണ്ടെന്നും വെട്രിമാരൻ പറഞ്ഞു. സാധാരണ ജനങ്ങളുടെ ആഖ്യാന രീതിയും സംസ്കാരവുമാണ് മിക്ക തമിഴ് സിനിമകളിൽ വരച്ചിടുന്നത്.
ഇത് പലപ്പോഴും താരങ്ങൾക്ക് രാഷ്ട്രീയത്തിലേക്കുള്ള വഴി കൂടി തുറന്ന കൊടുക്കുന്നു. എല്ലാവരെയും തോൽപ്പിച്ച് വിജയിച്ച് മുന്നേറുന്ന അമാനുഷികനായ നായകന്മാരായിരിക്കും ഒട്ടുമിക്ക തമിഴ് കച്ചവട സിനിമയിലും ഉണ്ടാവുക. തങ്ങളുടെ ജനത നേരിടുന്ന പ്രശ്നങ്ങൾ വെള്ളിത്തിരയിലെങ്കിലും പരിഹരിച്ച് കാണുമ്പോഴുള്ള സന്തോഷമാണ് പല തമിഴ് സിനിമകളുടെയും വിജയ രഹസ്യമെന്നും വെട്രിമാരൻ കൂട്ടിച്ചേർത്തു.