യു.പിയിൽ യുവ പൊലീസ് കോൺസ്റ്റബിളിനെ ശരീരത്തിലൂടെ ട്രാക്ടർ ഓടിച്ചുകയറ്റി കൊന്ന് മണൽമാഫിയ

അനധികൃത മണൽക്കടത്തിനെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയതായിരുന്നു ഇദ്ദേഹം.

Update: 2024-06-09 12:12 GMT
Advertising

ലഖ്നൗ: യുവ പൊലീസ് കോൺസ്റ്റബിളിന്റെ ശരീരത്തിലൂടെ ട്രാക്ടർ ഓടിച്ചുകയറ്റി കൊലപ്പെടുത്തി മണൽമാഫിയ. ഉത്തർപ്രദേശിലെ ബറേയ്ലി ജില്ലയിലെ നവാബ്​ഗഞ്ച് പ്രദേശത്താണ് സംഭവം. ബിജ്നോർ സ്വദേശിയായ 24കാരൻ രോഹിത് കുമാർ ആണ് മരിച്ചത്.

ശനിയാഴ്ച രാത്രി അനധികൃത മണൽക്കടത്തിനെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് രോഹിത് കുമാറും സബ് ഇൻസ്പെക്ടർ സന്തോഷ് കുമാറും മറ്റൊരു കോൺസ്റ്റബിൾ ചമനും ന​ഗ്ല ചന്ദനിലേക്ക് പോവുകയായിരുന്നു.

ന​ഗ്ല ചന്ദനിലെത്തിയ പൊലീസ് സംഘം അവിടെനിന്നും മണലുമായി പോവുകയായിരുന്ന ട്രാക്ടർ ട്രോളി തടഞ്ഞു. ഡ്രൈവറെ ചോദ്യം ചെയ്യുന്നതിനിടെ ഇയാൾ പൊടുന്നനെ വാഹനം മുന്നോട്ടെടുക്കുകയും കുമാറിന്റെ ശരീരത്തിലൂടെ കയറ്റിയിറക്കുകയുമായിരുന്നു.

​ഗുരുതരമായി പരിക്കേറ്റ കുമാറിനെ ഉടൻ തന്നെ മറ്റ് പൊലീസുകാർ ലോഹിയ ആശുപത്രിയിലും തുടർന്ന് അവിടെനിന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ മരിച്ചു.

2021 ബാച്ചിലെ ഉദ്യോ​ഗസ്ഥനാണ് കുമാറെന്നും സംഭവത്തിൽ ഉൾപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും എസ്പി വികാസ് കുമാർ പറഞ്ഞു.

കഴിഞ്ഞദിവസം മധ്യപ്രദേശിലും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഷഹ്‌ദോലിലെ അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ മഹേന്ദ്ര ബാഗ്രിയാണ് മരിച്ചത്. പ്രസാദ് കനോജി, സഞ്ജയ് ദുബെ എന്നീ രണ്ട് കോൺസ്റ്റബിൾമാരോടൊപ്പം പ്രദേശത്തെ അനധികൃത മണൽഖനനം പരിശോധിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം.

മണൽ കടത്തുകയായിരുന്ന ട്രാക്ടർ തടയാൻ ശ്രമിച്ചപ്പോൾ വാഹനം ഇദ്ദേഹത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മഹേന്ദ്ര ബാഗ്രി സംഭവസ്ഥലത്ത് തന്നെ മരിച്ചു. കനോജിയും ദുബെയും ഭാ​ഗ്യം കൊണ്ട് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവത്തിൽ ഡ്രൈവറെയും ട്രാക്ടർ ഉടമയുടെ മകനെയും അറസ്റ്റ് ചെയ്തതായും ഉടമ ഒളിവിലാണെന്നും പൊലീസ് അറിയിച്ചിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News