ഡൽഹിയിലെ മൂന്ന് സ്കൂളുകൾക്ക് ബോംബ് ഭീഷണി; കുട്ടികളെ ഒഴിപ്പിച്ചു
തെരച്ചിൽ ആരംഭിച്ചതോടെ പരീക്ഷ പാതിവഴിയിൽ നിർത്തി.
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ മൂന്ന് സ്കൂളുകൾക്ക് ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചത്. ഇതേ തുടർന്ന് പൊലീസ് സംഘം സ്കൂളുകളിൽ പരിശോധന ആരംഭിച്ചു. ചാണക്യപുരി സംസ്കൃതി സ്കൂൾ, ഈസ്റ്റ് ഡൽഹിയിലെ മയൂർ വിഹാർ മദർ മേരി സ്കൂൾ, ദ്വാരകയിലെ ഡൽഹി പബ്ലിക് സ്കൂൾ എന്നിവയ്ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.
ഭീഷണിയുടെ പശ്ചാത്തലത്തിൽ മൂന്ന് സ്കൂളുകളിലെയും വിദ്യാർഥികളെയും അധ്യാപകരേയും ഒഴിപ്പിച്ചു. മദർ മേരി സ്കൂളിൽ പരീക്ഷ നടന്നുവരികയായിരുന്നു. തെരച്ചിൽ ആരംഭിച്ചതോടെ പരീക്ഷ പാതിവഴിയിൽ നിർത്തി. സ്‌കൂൾ അടയ്ക്കുകയും എല്ലാവരോടും ഉടൻ തന്നെ പരിസരം വിടാൻ ആവശ്യപ്പെടുകയും ചെയ്തു.
"വിദ്യാർഥികളുടെ സുരക്ഷയ്ക്കു ഭീഷണിയാവുന്ന ഒരു ഇ- മെയിൽ സ്‌കൂളിന് ലഭിച്ചിട്ടുണ്ട്. മുൻകരുതൽ നടപടിയുടെ ഭാഗമായി ഞങ്ങൾ വിദ്യാർഥികളെ വീട്ടിലേക്ക് തിരിച്ചയക്കുന്നു"- രക്ഷിതാക്കൾക്ക് അയച്ച മെയിലിൽ ഡൽഹി പബ്ലിക് സ്കൂൾ അധികൃതർ പറഞ്ഞു.
സംഭവം അറിഞ്ഞതോടെ കുട്ടികളെ കൂട്ടിക്കൊണ്ടുവരാൻ രക്ഷിതാക്കൾ സ്‌കൂളിലേക്ക് ഓടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബോംബ് ഡിറ്റക്ഷൻ ടീം, ബോംബ് നിർവീര്യ സംഘം, ഡൽഹി ഫയർ സർവീസ് ഉദ്യോഗസ്ഥർ എന്നിവർ സ്‌കൂളുകളിൽ എത്തിയിട്ടുണ്ട്. പരിശോധനയിൽ ഇതുവരെ സംശയാസ്പദമായൊന്നും കണ്ടെത്താനായിട്ടില്ല.
ഫെബ്രുവരിയിൽ ആർകെ പുരത്തെ ഡൽഹി പൊലീസ് സ്കൂളിൽ സമാനമായ ഭീഷണി ലഭിക്കുകയും പരിശോധനയിൽ വ്യാജമാണെന്ന് തെളിയുകയും ചെയ്തിരുന്നു.