ലോക്ഡൗണ്‍ പ്രതിസന്ധി; ബാഗ്ലൂരില്‍ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ പിടിച്ചെടുത്തത് 30,000 ഓട്ടോറിക്ഷകള്‍
കേരളത്തിലടക്കം നിരവധി പേരാണ് ലോക്ഡൗണിൽ ഓട്ടോറിക്ഷ ഉപേക്ഷിച്ച് മറ്റ് തൊഴിൽ മേഖലകളിലേക്ക് കടന്നത്.
രാജ്യത്ത് കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ഡൗൺ രാജ്യത്തെ സമ്പത്ത് വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാണ് ഉണ്ടാക്കിയത്. നിരവധി പേർക്ക് ജോലി നഷ്ടമായി, ചില തൊഴിൽ മേഖലകൾ തന്നെ ഇല്ലാതായി, ഉത്പാദനത്തിലും വരുമാനത്തിലും വലിയ തോതിലുള്ള കുറവ് രേഖപ്പെടുത്തി, സ്ഥിരവരുമാനമില്ലാത്തവർ കടുത്ത പ്രതിസന്ധിയാണ് നേരിട്ടത്.
ലോക്ഡൗണിൽ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിട്ട ഒരു വിഭാഗമാണ് ഓട്ടോറിക്ഷ ഡ്രൈവർമാർ. ആൾക്കാരുടെ സഞ്ചാരം കുറഞ്ഞതും പൊതുഗതാതഗത്തിലെ സുരക്ഷിതത്തോടുള്ള അനാവശ്യമായ ഭയം മൂലവും ഓട്ടോറിക്ഷകൾക്ക് വലിയ അടിയാണ് നൽകിയത്. സ്വകാര്യ വാഹനങ്ങളുടെ എണ്ണം കൂടിയതും തിരിച്ചടിയായി. കേരളത്തിലടക്കം നിരവധി പേരാണ് ലോക്ഡൗണിൽ ഓട്ടോറിക്ഷ ഉപേക്ഷിച്ച് മറ്റ് തൊഴിൽ മേഖലകളിലേക്ക് കടന്നത്.
ഇത്തരത്തിലുള്ള ഞെട്ടിക്കുന്ന ഒരു കണക്കാണ് ഇപ്പോൾ കർണാടകയിലെ ബാംഗ്ലൂരിൽ നിന്ന് പുറത്തുവന്നിരിക്കുന്നത്. ലോക്ഡൗൺ ആരംഭിച്ചത് മുതൽ ഇന്ന് വരെ 30,000 ഓട്ടോകളെങ്കിലും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ വായ്പ തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തിയതിന് പിടിച്ചെടുത്തെന്ന കണക്കാണ് പുറത്തു വന്നിരിക്കുന്നത്.
ഇനിയും നിരവധി ഓട്ടോറിക്ഷകൾ ജപ്തിയുടെ വക്കിലാണെന്ന് 14,000 അംഗങ്ങളുള്ള ആദർശ ഓട്ടോ യൂണിയന്റെ പ്രസിഡന്റ് സി. സമ്പത്ത് പറഞ്ഞു. വായ്പകൾ തിരിച്ചടക്കുന്ന പ്രശ്‌നത്തിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ യൂണിയൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പക്ഷേ സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ലോക്ഡൗണിന് മുമ്പ് ബാംഗ്ലൂർ നഗരത്തിൽ 1.45 ലക്ഷം ഓട്ടോകൾ ഉണ്ടായിരുന്നെന്ന് ഇപ്പോൾ അത് പകുതിയായി ചുരുങ്ങിയെന്നും സമ്പത്ത് പറഞ്ഞു. നിരവധി പേർ തങ്ങളുടെ ഓട്ടോ പച്ചക്കറിയും പഴങ്ങളും വിൽക്കാനുള്ള വാഹനമാക്കി രൂപമാറ്റം വരുത്തിയതായും അദ്ദേഹം അറിയിച്ചു.
ചിലർ ഇഎംഐ അടക്കാൻ ബുദ്ധിമുട്ടുമ്പോൾ ചിലർ ഇൻഷൂറൻസ് അടക്കാനുള്ള പണമുണ്ടാക്കാൻ കഷ്ടപ്പെടുകയാണ്. പെർമിറ്റ് കഴിഞ്ഞ ഓട്ടോറിക്ഷകൾക്ക് ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റ് നേടാനുള്ള ബുദ്ധിമുട്ടുകളും നേരിടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബാഗ്ലൂർ നഗരത്തിൽ ഓട്ടോറിക്ഷ ഓടിച്ചിരുന്ന 16 പേർ കോവിഡ് ബാധിച്ചു മരിച്ചതായും സമ്പത്ത് കൂട്ടിച്ചേർത്തു.