ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുടെ കൂട്ട കീഴടങ്ങൽ; 50 പേര്‍ സുരക്ഷാ സേനയ്ക്ക് മുന്‍പാകെ കീഴടങ്ങി

തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ട മാവോയിസ്റ്റുകളും ഇക്കൂട്ടത്തിലുണ്ട്

Update: 2025-03-30 13:37 GMT
Editor : Jaisy Thomas | By : Web Desk
Advertising

റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുടെ കൂട്ട കീഴടങ്ങല്‍. ബിജാപൂരില്‍ 50 മാവോയിസ്റ്റുകൾ സുരക്ഷാ സേനയ്ക്ക് മുന്‍പാകെ കീഴടങ്ങി. സായുധ സേനകള്‍ നടപടി കടുപ്പിച്ചതോടെയാണ് വനിതകളും പുരുഷന്‍മാരുമടങ്ങുന്ന സംഘം ബിജാപുർ എസ്പിക്ക്‌ മുന്നിൽ കീഴടങ്ങിയത്. തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ട മാവോയിസ്റ്റുകളും ഇക്കൂട്ടത്തിലുണ്ട്. ഇന്നലെ ദണ്ഡേവാഡയില്‍ 15 മാവോയിസ്റ്റുകള്‍ കീഴടങ്ങിയിരുന്നു.

കഴിഞ്ഞയാഴ്ച സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 22 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ മാവോയിസ്റ്റ് വേട്ട നടക്കുന്ന സാഹചര്യത്തില്‍, 2026 മാര്‍ച്ച് 29ഓടുകൂടി ഇന്ത്യയിലെ മാവോയിസ്റ്റുകളെ തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.

ബസ്തറിൽ കഴിഞ്ഞ രണ്ടുമാസത്തിനിടെ 35 മാവോയിസ്റ്റുകളെയാണ് വധിച്ചിട്ടുള്ളത്. ഒരു കോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന ചലപതി എന്ന് വിളിക്കപ്പെടുന്ന മാവോയിസ്റ്റ് നേതാവ് ജയറാം റെഡ്ഡിയെ ജനുവരിയിൽ സുരക്ഷാ സേന വധിച്ചിരുന്നു. 2024ൽ ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുടെ ആക്രമണത്തിൽ 219 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഇതിൽ 217 പേരും ബസ്തർ, ദന്ദേവാഡ, കാങ്കർ, ബിജാപൂർ, നാരായൺപൂർ, കൊണ്ടഗാവ് എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു. ഓപറേഷനിടെ 800ലധികം മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News