ജമ്മു കശ്മീരില്‍ ജയ്ഷെ മുഹമ്മദ് കമാൻഡർ സാഹിദ് വാനി ഉള്‍പ്പെടെ 5 ഭീകരരെ വധിച്ചെന്ന് സൈന്യം
രണ്ടിടത്തായിരുന്നു ഏറ്റുമുട്ടല്‍
ജമ്മു കശ്മീരില്‍ രണ്ടിടത്തുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെ വധിച്ചെന്ന് സൈന്യം. കൊല്ലപ്പെട്ടവരിൽ ജയ്ഷെ മുഹമ്മദ് കമാൻഡർ സാഹിദ് വാനിയും ഒരു പാകിസ്താനി ഭീകരനുമുണ്ടെന്ന് സൈന്യം അറിയിച്ചു.
ജമ്മു കശ്മീരിലെ പുൽവാമ, ബുദ്ഗാം ജില്ലകളിലാണ് സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ലഷ്‌കർ-ഇ-തൊയ്ബ, ജയ്ഷെ മുഹമ്മദ് എന്നീ സംഘടനകളുമായി ബന്ധമുള്ള ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് കശ്മീര്‍ ഐ.ജി.പി വിജയ് കുമാര്‍ അറിയിച്ചു. കഴിഞ്ഞ 12 മണിക്കൂറിനുള്ളിലായിരുന്നു ഏറ്റുമുട്ടല്‍. ഇത് വലിയ വിജയമാണെന്ന് വിജയ് കുമാര്‍ പറഞ്ഞു.
പുൽവാമ ജില്ലയിലെ നൈറ മേഖലയിലെ ഏറ്റുമുട്ടലിലാണ് നാല് ഭീകരരെ വധിച്ചത്. ആയുധങ്ങളും വെടിക്കോപ്പുകളും ഉൾപ്പെടെ കണ്ടെടുത്തു. മേഖലയില്‍ തിരച്ചിൽ തുടരുകയാണെന്ന് കശ്മീർ സോൺ പൊലീസ് ട്വീറ്റ് ചെയ്തു. ബുദ്ഗാമിലെ ഏറ്റുമുട്ടലിലാണ് ഒരു ഭീകരനെ വധിച്ചത്. എകെ 56 റൈഫിൾ ഉൾപ്പെടെ ഇവിടെ നിന്നും കണ്ടെത്തി. ഈ മേഖലയിലും കൂടുതല്‍ ഭീകരരുണ്ടോ എന്ന് കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്.