വിദ്വേഷ രാഷ്ട്രീയത്തിന് ഇരകളാക്കപ്പെട്ടവരുടെയും രാഷ്ട്രീയ തടവുകാരുടെയും കുടുംബത്തിന് ഇഫ്താർ ഒരുക്കി എസ്ഐഒ
വിചാരണത്തടവുകാരായി ജയിലിൽ അടക്കപ്പെട്ടവരും നിരവധിയുണ്ട്

ഡൽഹി: വിദ്വേഷ രാഷ്ട്രീയത്തിന് ഇരകളാക്കപ്പെട്ടവരുടെയും രാഷ്ട്രീയ തടവുകാരുടെയും കുടുംബത്തിന് ഇഫ്താർ വിരുന്ന് ഒരുക്കി എസ്ഐഒ. ജയിലിൽ കഴിയുന്നവരുടെ കേസിലെ നിലവിലെ സാഹചര്യങ്ങൾ കുടുംബാംഗങ്ങൾ പങ്കുവെച്ചു. ജയിലിൽ കഴിയുന്നവരുടെ മോചനത്തിനായുള്ള നിയമപരവും രാഷ്ട്രീയവുമായ പോരാട്ടങ്ങൾക്ക് എസ്ഐഒ ഇനിയും കൂടെയുണ്ടാകുമെന്ന് ഉറപ്പു നൽകി.
ജയിലിൽ കഴിയുന്ന ഉറ്റവരെയും ഉടയവരെയും ഓർത്ത് വർഷങ്ങളായി ഉരുകുകയാണ് കുടുംബങ്ങൾ. വിചാരണകൾ അനന്തമായി നീളുന്നവരും ഒരു കേസിൽ ജാമ്യം നേടിയെങ്കിലും മറ്റൊരു കേസിൽ കൂടി അകപ്പെടുത്തി കൊണ്ട് മോചനം അനന്തമായി നീണ്ടു പോകുന്നവരും ഉണ്ട്. വിചാരണത്തടവുകാരായി ജയിലിൽ അടക്കപ്പെട്ടവരും നിരവധിയുണ്ട്. മറ്റൊരു റമദാൻ കൂടി കടന്നെത്തുമ്പോൾ പ്രിയപ്പെട്ടവർ വീടുകളിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ.
പൗരത്വ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയതിന്‍റെ പേരിൽ അന്യായമായി ജയിലിലടക്കപ്പെട്ട ഖാലിദ് സൈഫിയുടെ കുടുംബം, ജാമിയ അലുംനി അസോസിയേഷൻ പ്രസിഡന്‍റായിരുന്ന ഷിഫാ റഹ്മാന്‍റെ കുടുംബം, വിദ്യാർഥി നേതാവ് ഗുൾഫിഷയുടെ മാതാവ്, പൗരത്വ പ്രക്ഷോഭങ്ങളുടെ പേരിൽ ജയിലിൽ അടക്കപ്പെട്ട സഫൂറ സർഗറിന്‍റെ കുടുംബം, ജയിലിൽ അടക്കപ്പെട്ട ആസിഫ് ഇഖ്ബാൽ തൻഹ, ദൽഹി കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് വിചാരണ തടവുകാരായി ജയിലിൽ അടക്കപ്പെട്ട അതർഖാൻ, സലിം ഖാൻ, സലിം മുന്ന, ഷാദാബ്, താഹിർ ഹുസ്സൈൻ തുടങ്ങിയവരുടെ കുടുംബങ്ങളാണ് സംഗമത്തിൽ പങ്കെടുത്തത്.
എസ് ഐ ഒ അഖിലേന്ത്യാ ആസ്ഥാനത്താണ് ഇഫ്താർ സംഘടിപ്പിച്ചത്. ഒരുമിച്ച് നോമ്പ് തുറന്ന് പ്രാർഥനകളിലും നിയമപോരാട്ടങ്ങളിലും നിങ്ങളെ ചേർത്തുപിടിക്കുന്ന സന്ദേശവും പകർന്നാണ് എസ്ഐഒ പ്രവർത്തകർ ഇവരെ യാത്രയാക്കിയത്. എസ്ഐഒ ദേശീയ പ്രസിഡന്‍റ് അബ്‌ദുൽ ഹഫീസ്, ജനറൽ സെക്രട്ടറി അനീസ് റഹ്‌മാൻ തുടങ്ങിയവർ സംഗമത്തിൽ സന്ദേശങ്ങൾ കൈമാറി.