കടുത്ത വയറുവേദന; ശസ്ത്രക്രിയയില്‍ പുറത്തെടുത്തത് 63 സ്പൂണുകൾ!

മയക്കുമരുന്നിന് അടിമയായ യുവാവ് ആഴ്ചകളായി നാട്ടിലെ റീഹാബിലിറ്റേഷന്‍ കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു

Update: 2022-09-30 14:59 GMT
Editor : Shaheer | By : Web Desk
Advertising

ലഖ്നൗ: രണ്ടു മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിൽ യുവാവിന്റെ വയറ്റിൽനിന്ന് ഡോക്ടർമാർ പുറത്തെടുത്തത് 63 സ്പൂണുകൾ! ഉത്തർപ്രദേശിലെ മുസഫർനഗറിൽനിന്നാണ് ഞെട്ടിപ്പിക്കുന്ന വാർത്ത. കഴിഞ്ഞ ദിവസമാണ് മീറത്തിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടന്നതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

മുസഫർനഗറിലെ ബൊപാര സ്വദേശിയായ വിജയ് കുമാർ ചൗഹാൻ(32) ആണ് ദിവസങ്ങൾക്കുമുൻപ് കടുത്ത വയർവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയത്. രണ്ട് ആഴ്ചയായി കടുത്ത വേദനയാണെന്നാണ് യുവാവ് പറഞ്ഞിരുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ വയറ്റിൽ അസ്വാഭാവികമായ എന്തോ വസ്തുക്കളുടെ സാന്നിധ്യം ശ്രദ്ധയിൽപെട്ടെന്ന് ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ ഡോ. രാഖേഷ് ഖുറാന പറഞ്ഞു. ശസ്ത്രക്രിയ നടത്തി ഇതു പുറത്തെടുക്കണമെന്ന് അറിയിച്ചു.

വീട്ടിലേക്ക് മടങ്ങിയ രോഗി വീണ്ടും ഇതേ അസുഖവുമായി ആശുപത്രിയിലെത്തി. ഒരിക്കൽകൂടി സ്‌കാൻ നടത്തി നോക്കിയിപ്പോഴാണ് സ്പൂണുകൾ പോലുള്ള വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ രോഗിയെ ശസ്ത്രക്രിയയ്ക്കായി അഡ്മിറ്റ് ചെയ്തു. തുടർന്ന് ഞായറാഴ്ച നടത്തിയ ശസ്ത്രക്രിയയിൽ 63 തലയില്ലാത്ത സ്പൂണുകൾ പുറത്തെടുക്കുകയായിരുന്നുവെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടിൽ പറയുന്നു.

മയക്കുമരുന്നിന് അടിമയാണ് രോഗിയെന്ന് ഡോക്ടർ വെളിപ്പെടുത്തി. നാട്ടിലുള്ള ഒരു റീഹാബിലിറ്റേഷൻ കേന്ദ്രത്തിൽ കഴിഞ്ഞ ഏഴു മാസത്തോളമായി യുവാവ് ചികിത്സ നടത്തിവരികയാണ്. എന്നാൽ, സ്പൂണുകൾ എങ്ങനെയാണ് വയറ്റിൽ എത്തിയതെന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് രോഗി വൈരുദ്ധ്യങ്ങൾ നിറഞ്ഞ മറുപടിയാണ് നൽകുന്നതെന്നും അവർ പറയുന്നു.

റീഹാബിലിറ്റേഷൻ കേന്ദ്രത്തിലെ ജീവനക്കാർ നിർബന്ധിച്ച് സ്പൂൺ വിഴുങ്ങിച്ചതാണെന്നാണ് രോഗി ഒരിക്കൽ വെളിപ്പെടുത്തിയത്. വീണ്ടും ചോദിച്ചപ്പോൾ സ്വന്തം ഇഷ്ടപ്രകാരം വിഴുങ്ങിയതാണെന്നും മാറ്റിപ്പറഞ്ഞു. കൃത്യമായി ബോധം തിരിച്ചു ലഭിച്ച ശേഷം യഥാർത്ഥ കാരണം രോഗി വെളിപ്പെടുത്തിയാലേ വിശദാംശങ്ങൾ അറിയാനാകൂവെന്നാണ് ഡോക്ടർമാർ പറയുന്നത്.

Summary: Doctors remove 63 spoons from Muzaffarnagar man's stomach in Meerut hospital in Uttar Pradesh

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News