നീറ്റ് ചോദ്യപേപ്പർ കിട്ടിയത് രാത്രി; കെമിസ്ട്രിക്ക് 5% ഫിസിക്സിന് 85 % മാർക്ക്,അറസ്റ്റിലായ വിദ്യാർത്ഥിയുടെ മാർക്കിൽ പൊരുത്തക്കേട്

കുറഞ്ഞ സമയത്തിനുള്ളിൽ എല്ലാ ചോദ്യങ്ങളുടെയും ഉത്തരങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും വിദ്യാർത്ഥി

Update: 2024-06-21 09:53 GMT
Advertising

പട്ന: നീറ്റ് പരീക്ഷയുടെ ചോദ്യ​പേപ്പർ ചോർത്തിയ കേസിൽ അറസ്റ്റിലായ വിദ്യാർത്ഥിക്ക് കെമിസ്ട്രിക്ക് കിട്ടിയത് അഞ്ച് ശതമാനം മാർക്ക്. എന്നാൽ ഫിസിക്സിന് 85 ശതമാനം മാർക്കാണ് ലഭിച്ചിരിക്കുന്നത്. പരീക്ഷയുടെ തലേന്ന് രാത്രിയാണ് ചോദ്യപേപ്പർ കിട്ടിയതെന്നും എല്ലാ ചോദ്യങ്ങളുടെയും ഉത്തരങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും വിദ്യാർത്ഥി വെളിപ്പെടുത്തിയതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു.

ചോദ്യപേപ്പർ ചോർച്ചകേസിൽ നാല് വിദ്യാർഥികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തൽ. അതിൽ അറസ്റ്റിലായ അനുരാഗ് യാദവിന്റെ മാർക്ക് ലിസ്റ്റിലാണ് വൻപൊരുത്തക്കേടുകൾ ഉള്ളത്.കോട്ടയി​ലെ കോച്ചിങ് കേന്ദ്രത്തിലാണ് അനുരാഗ് നീറ്റ് പരിശീലനത്തിന് ചേർന്നത്. അതിനിടയിലാണ് അമ്മാവൻ സിക്കന്ദർ സമസ്തിപൂരിലേക്ക് വരാൻ ആവശ്യ​പ്പെട്ടു. പരീക്ഷയുടെ തലേന്നാണ് ചോദ്യപേപ്പർ ലഭിച്ചതെന്നും വിദ്യാർഥി വെളിപ്പെടുത്തി.

അനുരാഗ് 720-ൽ 185 മാർക്ക് നേടിയതായാണ് സ്കോർബോർഡ് കാണിക്കുന്നത്. അനുരാഗ് ഫിസിക്‌സിൽ 85.8 ശതമാനവും ബയോളജിയിൽ 51 ശതമാനവും നേടിയെന്നാണ് കണക്കുകൾ പറയുന്നത്. എന്നാൽ കെമസ്ട്രിക്ക് ലഭിച്ചത് 5 ശതമാനം മാർക്ക് മാത്രമാണ്. കെമസ്ട്രി ചോദ്യങ്ങളുടെ ഉത്തരങ്ങൾ മനഃപാഠമാക്കാൻ അനുരാഗിന് സമയം ലഭിച്ചില്ലെന്നാണ് സ്കോറുകൾ സൂചിപ്പിക്കുന്നത്. അഖിലേന്ത്യാ റാങ്കിൽ 10,51,525 സ്ഥാനത്താണ് അനുരാഗ്, ഒബിസി കാറ്റഗറിയിൽ 4,67,824 റാങ്കിലുമാണുള്ളത്.

ചോദ്യപേപ്പറിന് അമിത് ആനന്ദ്, നിതീഷ് കുമാർ എന്നീ വിദ്യാർഥികളോട് 32 ലക്ഷം രൂപ വരെയാണ് ആവശ്യപ്പെട്ടതെന്ന് അറസ്റ്റിലായ സിക്കന്ദർ യാദവേന്ദു പൊലീസിനോട് പറഞ്ഞു. നിലവിൽ അനുരാഗിനെ മാത്രമാണ് അറസ്റ്റ് ചെയ്തത്. ബാക്കി മൂന്ന് പേര് നിരീക്ഷണത്തിലാണ്. നിരീക്ഷണത്തിലുള്ള ഒരാൾ 720-ൽ 300 മാർക്കാണ് ലഭിച്ചത്. ബയോളജിയിൽ 87.8 ശതമാനം ലഭിച്ചപ്പോൾ ഫിസിക്സിന് 15.5 ശതമാനവും കെമിസ്ട്രിക്ക് 15.3 ശതമാനം മാർക്ക് മാത്രമാണ് ലഭിച്ചത്. ബാക്കി 2 പേരിൽ ഒരാൾക്ക് 720ൽ 581ഉം മറ്റേയാൾക്ക് 483 ഉം മാർക്കാണ് ലഭിച്ചിരിക്കുന്നത്. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News