മഹാരാഷ്ട്രയിലെ തോൽവി: ഇവിഎം ക്രമക്കേട് ആരോപണം സജീവമാക്കാൻ മഹാവികാസ് അഘാഡി സഖ്യം

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ വിശ്വാസ്യതയ്‌ക്കെതിരെ ദേശീയ തലത്തില്‍ തന്നെ പ്രതിഷേധം സംഘടിപ്പിക്കാന്‍ സഖ്യത്തിന് പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

Update: 2024-11-27 09:48 GMT
Editor : rishad | By : Web Desk
Advertising

മുംബൈ: മഹാരാഷ്ട്രയിലെ ഇലക്ട്രോണിക് വോട്ടിങ് മെഷിന്‍( ഇവിഎം) ക്രമക്കേട് ആരോപണം സജീവമാക്കാൻ മഹാവികാസ് അഘാഡി(എംവിഎ) സഖ്യം. ഇതോടൊപ്പം ഇവിഎം ഒഴിവാക്കി ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരുന്നതിന്, 'മാസ് ക്യാമ്പയിന്‍' നടത്താനുമാണ് സഖ്യത്തിന്റെ തീരുമാനം. 

അതേസമയം മുന്നണിയിലെ വിവിധ സ്ഥാനാർഥികൾ വീണ്ടും ആരോപണവുമായി രംഗത്തെത്തി. 1000 വേട്ടുകൾ വരെ ലഭിക്കേണ്ട ബൂത്തുകളിൽ നിന്ന് ലഭിച്ചത് വെറും 40, 50 വോട്ടുകൾ മാത്രമാണെന്ന് സ്ഥാനാർഥികൾ ആരോപിച്ചു. വിവിപാറ്റുകൾ എണ്ണണമെന്നും സ്ഥാനാർഥികൾ ആവശ്യപ്പെടുന്നു. 

തെരഞ്ഞെടുപ്പ് ഫലത്തിൽ സംശയം പ്രകടിപ്പിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പരാതികൾ ലഭിക്കുന്നുണ്ടെന്നും ജനാധിപത്യ രാജ്യത്ത് ഇത്തരം പരാതികൾ പരിശോധിക്കേണ്ടതുണ്ടെന്നും കോൺഗ്രസ് നേതാവ് ആരിഫ് നസീം ഖാൻ പറഞ്ഞു. മുംബൈയിലെ ചന്ദിവാലി അസംബ്ലി മണ്ഡലത്തിൽ നിന്ന് അദ്ദേഹം ജനവിധി തേടിയിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു. ഇവിഎമ്മില്‍ സംശയം പ്രകടിപ്പിച്ച് ഉദ്ധവ് താക്കറെയെ കാണാനെത്തിയതായിരുന്നു അദ്ദേഹം. 

ഉദ്ധവ് വിഭാഗം ശിവസേനയിലെ പരാജയപ്പെട്ട പല സ്ഥാനാർത്ഥികളും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ തകരാറിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഉദ്ധവ് താക്കറെയുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ അവര്‍ ഇക്കാര്യം ഉന്നയിക്കുകയും ചെയ്തു. 

അതേസമയം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ വിശ്വാസ്യതയ്‌ക്കെതിരെ ദേശീയ തലത്തില്‍ തന്നെ പ്രതിഷേധം സംഘടിപ്പിക്കാന്‍ സഖ്യത്തിന് പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാലറ്റ് പേപ്പറിലേക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട് ഇനിയും കോടതിയെ സമീപിക്കാനാകുമോ എന്നും ആലോചിക്കുന്നുണ്ട്.  

ഉദ്ധവ് താക്കറെക്ക് പുറമെ തന്റെ പാര്‍ട്ടിയിലെ തോറ്റ സ്ഥാനാര്‍ഥികളുമായി ശരദ് പവാറും സംസാരിക്കുന്നുണ്ട്. നിയമനടപടികൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടും ചർച്ച ചെയ്യുന്നു. പവാറിന്റെ പാർട്ടി 86 സീറ്റുകളിലാണ് മത്സരിച്ചിരുന്നത്. ജയിച്ചത് പത്തെണ്ണത്തിലും. വിവിപാറ്റിന്റെ വിശകലനം സാധ്യമാകുമെങ്കില്‍ നടത്താന്‍ അദ്ദേഹം തോറ്റ സ്ഥാനാർത്ഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എൻസിപിയുടെ മുതിര്‍ന്ന നേതാക്കളും വോട്ടെണ്ണലിൽ കൃത്രിമം നടന്നതായി ആരോപിക്കുന്നു. 

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവി ഉൾപ്പെടെ നേരത്തെയും ഇവിഎമ്മുകൾക്കെതിരെ പ്രതിപക്ഷം രംഗത്ത് എത്തിയതാണ്. എന്നാല്‍ വിഷയം സജീവമാക്കി നിലനിര്‍ത്താന്‍ പ്രതിപക്ഷ സഖ്യത്തിനായില്ല. ബാലറ്റ് പേപ്പറുകളിലേക്ക് മടങ്ങണമെന്നാണ് കോൺഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ അടുത്തിടെ ആവശ്യപ്പെട്ടത്. 

അതേസമയം തെരഞ്ഞെടുപ്പിന് പേപ്പർ ബാലറ്റ് വോട്ടിങ് സംവിധാനം പുനസ്ഥാപിക്കണമെന്ന ഹരജി സുപ്രിംകോടതി കഴിഞ്ഞ ദിവസവും തള്ളിയിരുന്നു. നിങ്ങള്‍ വിജയിച്ചാല്‍ ഇവിഎമ്മുകള്‍ നല്ലതെന്നും തോല്‍ക്കുമ്പോള്‍ കൃത്രിമം എന്നാണ് പറയുന്നത് എന്നുമാണ് സുപ്രിംകോടതി ചൂണ്ടിക്കാട്ടിയിരുന്നത്.  

മഹാരാഷ്ട്രയില്‍ ശിവസേന(ഏക്നാഥ് ഷിന്‍ഡെ), ബിജെപി, എൻസിപി( അജിത് പവാര്‍) എന്നിവ ഉൾപ്പെടുന്ന മഹായുതി സഖ്യം വമ്പന്‍ വിജത്തോടെയാണ് അധികാരം നിലനിര്‍ത്തിയത്. കോണ്‍ഗ്രസും ശിവസേനയും(ഉദ്ധവ് വിഭാഗം) എന്‍സിപി( ശരദ് പവാര്‍ വിഭാഗ) അടങ്ങുന്ന മഹാവികാസ് അഘാഡിയിലെ ഒരു പാര്‍ട്ടിക്കും പ്രതിപക്ഷ നേതാവ് പദവിക്ക് ആവശ്യമായ സീറ്റ് പോലും നേടാനായിരുന്നില്ല. 

288 അംഗ നിയമസഭയിൽ മഹായുതി സഖ്യം  230 സീറ്റുകളാണ് സ്വന്തമാക്കിയത്. എംവിഎ സഖ്യം 46 സീറ്റുകളിലൊതുങ്ങി. 20 സീറ്റുകൾ നേടി പ്രതിപക്ഷ പാളയത്തിലെ ഏറ്റവും വലിയ കക്ഷിയായി ഉദ്ധവ് വിഭാഗം ശിവസേന മാറിയപ്പോള്‍ കോൺഗ്രസ് 16 ഉം എൻസിപി ശരദ് പവാർ വിഭാഗം 10 സീറ്റുകളുമാണ് നേടിയത്. മറുവശത്ത് 132 സീറ്റോടെ ബിജെപിയാണ് സഖ്യത്തിലെ വലിയ കക്ഷി. എൻസിപി അജിത് പവാർ വിഭാഗം 41 സീറ്റുകളും ഷിന്‍ഡെ വിഭാഗം ശിവസേന 57 സീറ്റുകളും നേടി. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News