ഗുജറാത്തിൽ ക്രിക്കറ്റ് ടൂർണമെന്റിനിടെ മുസ്‍ലിം യുവാവിനെ അടിച്ചുകൊന്നു

മത്സരം തുടങ്ങിയതോടെ കാണികളിൽ ഒരു വിഭാഗം ‘ജയ് ശ്രീരാം’ വിളിക്കാൻ തുടങ്ങി

Update: 2024-06-29 12:09 GMT
Advertising

അഹമ്മദാബാദ്: ക്രിക്കറ്റ് ടൂർണമെന്റിനിടെയുണ്ടായ സംഘർഷത്തിൽ മുസ്‍ലിം യുവാവിനെ സംഘം ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി. 23കാരനായ സൽമാൻ വൊഹ്റയാണ് കൊല്ലപ്പെട്ടത്. ജൂൺ 22ന് ഗുജറാത്തിലെ ചിഖോദരയിലാണ് സംഭവം. പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റിലെ ഫൈനൽ മത്സരം കാണാൻ പോയതായിരുന്നു സൽമാൻ. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സക്കിടെയാണ് ഇദ്ദേഹം മരണപ്പെട്ടത്.

ടൂർണമെന്റിൽ മുസ്‍ലിം താരങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചതിനെ തുടർന്നാണ് പ്രദേശത്തെ ഹിന്ദുത്വ വാദികൾ സംഘർഷം സൃഷ്ടിച്ചതെന്ന് ‘ദെ ക്വിന്റ്’ റിപ്പോർട്ട് ചെയ്യുന്നു. ക്വാർട്ടർ ഫൈനലിലും ​സെമി ഫൈനലിലും മികച്ച പ്രകടനം നടത്തിയ കളിക്കാർ മുസ്‍ലിംകളായിരുന്നു. ഫൈനലിലെത്തിയ ഒരു ടീമിൽ ഭൂരിഭാഗം പേരും മുസ്‍ലിംകളായിരുന്നു. എതിർ ടീമിലും രണ്ട് മൂന്ന് താരങ്ങൾ മുസ്‍ലിംകളാണ്.

വർഗീയ സംഘർഷം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മുസ്‍ലിം താരങ്ങൾ സുരക്ഷിതരല്ലെന്നും ടൂർണമെന്റ് സംഘാടകർ മുന്നറിയിപ്പ് നൽകിയിരുന്നു. മത്സരം വീക്ഷിക്കാനായി 5000ഓളം പേർ തടിച്ചുകൂടിയിരുന്നു. മത്സരം തുടങ്ങിയതോടെ കാണികളിൽ ഒരു വിഭാഗം ജയ് ശ്രീരാം വിളിക്കാൻ തുടങ്ങി. മുസ്‍ലിം താരങ്ങൾ നല്ല രീതിയിൽ കളിക്കരുതെന്നായിരുന്നു അവരുടെ ലക്ഷ്യമെന്ന് ദൃക്സാക്ഷികൾ പറയുന്നു.

ഇതിനിടയിലാണ് മദ്യപിച്ചെത്തിയ ഒരു സംഘം ആളുകൾ സൽമാനുമായി തർക്കത്തിലേർപ്പെടുന്നത്. പാർക്കിങ് സ്റ്റാൻഡിൽനിന്ന് ബൈക്ക് മാറ്റാൻ അവർ സൽമാനോട് ആവശ്യപ്പെട്ടു. കുറച്ചു സമയങ്ങൾക്ക് ശേഷം കൂടുതൽ പേരുമായി അവർ തിരിച്ചെത്തി. മദ്യപിച്ചെത്തിയ ഒരാൾ സൽമാ​നാണെന്ന് തെറ്റിദ്ധരിച്ച് സുഹൈൽ എന്ന യുവാവിനെ ആക്രമിക്കാൻ തുടങ്ങി. സുഹൈലിനെ രക്ഷിക്കാനായി ശ്രമിച്ചതോടെ സൽമാ​ന് നേരെയായി ആക്രമണം.

ക്രൂരമായ മർദനത്തിനാണ് ഇയാൾ ഇരയായത്. വലത് കൈയിൽ അടിയേറ്റ പാടുകളുണ്ടായിരുന്നു. കണ്ണിന് താഴെ മുറിവേറ്റു. കത്തികൊണ്ടുള്ള കുത്തേറ്റ് വൃക്കക്ക് തകരാറ് സംഭവിച്ചു. വലിയ രീതിയിൽ രക്തസ്രാവമുണ്ടായി. ചെവി കടിച്ചുമുറിച്ചിരുന്നതായും സൽമാന്റെ അമ്മാവൻ നൊമാൻ വെഹ്റ ‘ദെ ക്വിന്റി’നോട് പറഞ്ഞു.

കത്തി വൃക്കയിൽ തട്ടിയതാണ് മരണത്തിന്റെ പ്രധാനകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സൽമാനെ കൂടാതെ മറ്റു രണ്ടു മുസ്‍ലിം ചെറുപ്പക്കാർക്കും സംഘർഷത്തിൽ പരിക്കേറ്റു. രണ്ട് മാസം മുമ്പാണ് സൽമാന്റെ വിവാഹം കഴിഞ്ഞത്. ഭാര്യ മാഷിറ ഗർഭിണിയാണ്.

സൽമാന്റെ കുടുംബം ജൂൺ 23ന് ആനന്ദ് റൂറൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തിൽ ഇതുവരെ ഒമ്പതുപേർ അറസ്റ്റിലായിട്ടുണ്ട്. അതേസമയം, സൽമാനെ ബാറ്റുകൊണ്ടും കത്തികൊണ്ടും മർദിച്ച വിഷാൽ, ശക്തി എന്നിവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടി​ല്ലെന്ന് ദൃക്സാക്ഷികൾ പറയുന്നു. കൂടാതെ കേസിൽ ക്രമിനൽ ഗൂ​ഢാലോചനാ കുറ്റം ഉൾപ്പെടുത്തിയിട്ടില്ലെന്നും പരാതിയുണ്ട്. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News