സംഘർഷത്തിന് അയവില്ല; മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം നീട്ടി
മണിപ്പൂരിലേക്ക് 50 കമ്പനി സേനയെ കൂടി അയയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്
ഇംഫാൽ: സംഘർഷം രൂക്ഷമായി തുടരുന്ന മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം നീട്ടി. ബുധനാഴ്ച വരെ നിയന്ത്രണം തുടരും. ഇംഫാൽ വെസ്റ്റ്, ഇംഫാൽ വെസ്റ്റ്, ബിഷ്ണുപൂർ, തൗബാൽ, കാങ്‌പോക്പി, ചുരാചന്ദ്പൂർ എന്നിവിടങ്ങളിലാണ് ഇന്റർനെറ്റ് നിരോധനം നിലനിൽക്കുന്നത്.
അതിനിടെ, മണിപ്പൂരിലേക്ക് കൂടുതൽ സേനയെ അയയ്ക്കാൻ കേന്ദ്രം തീരുമാനിച്ചിരിക്കുകയാണ്. 50 കമ്പനി സേനയെ കൂടി അയയ്ക്കാനാണു തീരുമാനം. 5,000ത്തിലധികം അംഗങ്ങളാകും സേനയിലുണ്ടാകുക. അതിനിടെ, സംഘർഷവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിൽ യോഗം പുരോഗമിക്കുകയാണ്.
ജിരിബാം ജില്ലയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ഈ മാസം 12ന് 20 കമ്പനി സേനയെ കേന്ദ്രം അയച്ചിരുന്നു. ഇതിനുശേഷവും സംഘർഷം മൂർച്ഛിച്ചതോടെയാണു കൂടുതൽ സേനയെ അയയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. സിആർപിഎഫിൽനിന്ന് 35ഉം ബിഎസ്എഫിൽനിന്ന് 15ഉം സേനയെയാണ് അധിക സുരക്ഷയ്ക്കായി അയയ്ക്കുന്നത്.
മണിപ്പൂരിൽ കലാപത്തിനു തുടക്കം കുറിച്ചതു മുതൽ വിന്യസിച്ച 218 കമ്പനി സേന നിലവിൽ സംസ്ഥാനത്തുണ്ട്. ഇതിനു പുറമെയാണു കൂടുതൽ സൈനികർ എത്തുന്നത്. സിആർപിഎഫ് ഡയരക്ടർ ജനറൽ ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥർ മണിപ്പൂരിൽ ക്യാംപ് ചെയ്യുന്നുണ്ട്.
Summary: Internet ban extended in Manipur as violence continues