കുംഭകർണൻ ടെക്‌നോക്രാറ്റ്; ആറു മാസം ഉറങ്ങിക്കിടന്നതല്ല, ലബോറട്ടറിയിൽ യന്ത്രങ്ങൾ നിർമിക്കുകയായിരുന്നു-ആനന്ദിബെന്‍ പട്ടേല്‍
'പുഷ്പകവിമാനത്തിലാണ് സീതയെ രാവണൻ ലങ്കയിലേക്ക് കൊണ്ടുപോയത്. ഭരദ്വജമുനിയാണ് ആദ്യ വിമാനത്തിന്റെ നിർമാതാവ്. ബോംബെയിലെ ചൗപട്ടിയിൽനിന്ന് ഒരു കി.മീറ്ററോളം അദ്ദേഹം വിമാനം പറത്തുകയും ചെയ്തിരുന്നു.'
ലഖ്‌നൗ: രാമായണത്തിലെ രാക്ഷസ കഥാപാത്രമായ കുംഭകർണനെ കുറിച്ച് പുതിയ അവകാശവാദവുമായി ബിജെപി നേതാവും ഉത്തർപ്രദേശ് ഗവർണറുമായ ആനന്ദിബെൻ പട്ടേൽ. കുംഭകർണർ സാങ്കേതിക വിദഗ്ധനായിരുന്നുവെന്നാണ് അവകാശവാദം. ആറു മാസം കിടന്നുറങ്ങിയെന്ന വാദം തെറ്റാണെന്നും ലബോറട്ടറിയില്‍ പുതിയ യന്ത്രങ്ങള്‍ കണ്ടുപിടിക്കുകയായിരുന്നുവെന്നും അവർ വാദിച്ചു.
ലഖ്‌നൗവിലെ ഖാജാ മുഈനുദ്ദീൻ ചിശ്തി ലാംഗ്വേജ് സർവകലാശാലയിൽ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ആനന്ദിബെൻ പട്ടേൽ. 'കുംഭകർണൻ ആറു മാസം ഉറങ്ങിക്കിടക്കുകയും ആറു മാസം ഉണർന്നിരിക്കുകയുമായിരുന്നുവെന്നാണു പറയാറുള്ളത്. എന്നാൽ, സത്യം അതല്ല. കുംഭകർണൻ ടെക്‌നോക്രാറ്റായിരുന്നു. സാങ്കേതികവിദ്യകളെല്ലാം അറിയുമായിരുന്നു അദ്ദേഹത്തിന്. ആ വിദ്യകൾ മറ്റു രാജ്യങ്ങളും നാടുകളും തട്ടിയെടുക്കാതിരിക്കാൻ വേണ്ടി തന്റെ ലബോറട്ടറിയിൽ രഹസ്യമായി യന്ത്രങ്ങൾ നിർമിക്കുകയായിരുന്നു അദ്ദേഹം.'-അവര്‍ അവകാശപ്പെട്ടു.
ആറു മാസം പുറത്തിറങ്ങരുതെന്നും ലബോറട്ടറിയിൽ ഇരുന്ന് യന്ത്രങ്ങൾ നിർമിക്കണമെന്നും രാവണനാണ് കുംഭകർണനോട് നിർദേശിച്ചതെന്നും ആനന്ദിബെൻ പറഞ്ഞു. ആറു മാസം കഴിഞ്ഞേ പുറത്തിറങ്ങാവൂവെന്നും നിർദേശിച്ചിരുന്നു. അങ്ങനെയാണ് കുംഭകർണൻ ആറു മാസം കിടന്നുറങ്ങുകയാണെന്നും ആറു മാസം മാത്രമേ ഉണർന്നിരിക്കുകയുള്ളൂവെന്നുമുള്ള കള്ളം പ്രചരിക്കുന്നതെന്നും അവർ വിശദീകരിച്ചു.
ലോകത്തെ ആദ്യ വിമാനം നിർമിച്ചത് റൈറ്റ് സഹോദരന്മാരല്ലെന്നും ആനന്ദിബെൻ പറഞ്ഞു. പുരാണത്തിലെ മഹർഷികളിലൊരാളായ ഭരദ്വജമുനിയാണ് ആദ്യ വിമാനത്തിന്റെ നിർമാതാവെന്ന് അവർ അവകാശപ്പെട്ടു. ഇന്നത്തെ മുംബൈയിലെ ചൗപട്ടിയിൽനിന്ന് ഒരു കി.മീറ്ററോളം അദ്ദേഹം വിമാനം പറത്തുകയും ചെയ്തു. വിദേശികൾ ഇവിടെ വന്ന് നമ്മുടെ അറിവുകളും സാങ്കേതികവിദ്യയുമെല്ലാം കൊണ്ടുപോകുകയായിരുന്നു. എന്നിട്ട് അവയ്ക്കുമേൽ പഠനവും ഗവേഷണവും നടത്തുകയാണ് അവര്‍ ചെയ്തതെന്നും നമ്മുടെ പാരമ്പര്യങ്ങളെ കുറിച്ച് എല്ലാവരും ഉത്ബുദ്ധരാകണമെന്നും ആനന്ദിബെൻ പട്ടേൽ പറഞ്ഞു.
പുഷ്പകവിമാനത്തിലാണ് സീതയെ രാവണൻ ലങ്കയിലേക്ക് കൊണ്ടുപോയതെന്നും അവർ തുടർന്നു. പലർക്കും ഇക്കാര്യം അറിയില്ല. 5,000 വർഷം മുൻപാണ് വിമാനം കണ്ടുപിടിച്ചത്. പുഷ്പകവിമാനം കണ്ടുപിടിച്ചത് ആരാണെന്ന് അറിയണമെന്നും അവർ സൂചിപ്പിച്ചു.
ഇന്ത്യൻ പാരമ്പര്യ വിജ്ഞാനങ്ങളാൽ സമൃദ്ധമാണ് നമ്മുടെ ഗ്രന്ഥശാലകൾ. അവയെല്ലാം വായിച്ചു പഠിക്കണമെന്നും അവർ വിദ്യാർഥികളോട് ആവശ്യപ്പെട്ടു. ഈ ഗ്രന്ഥങ്ങളെല്ലാം വിവിധ ഭാഷകളിലേക്കു വിവർത്തനം ചെയ്യണം. എന്നാലേ, ഇന്ത്യയുടെ സമ്പന്നമായ വിജ്ഞാനങ്ങളെ കുറിച്ചു മറ്റുള്ളവർക്കും അറിയാനാകൂവെന്നും അവർ പറഞ്ഞു.
ആനന്ദിബെൻ പട്ടേലിന്റെ പരാമർശത്തിൽ പരിഹാസവുമായി കോൺഗ്രസ് നേതാവും ഡിജിറ്റൽ വിഭാഗം ചെയർപേഴ്‌സനുമായ സുപ്രിയ ശ്രീനാഥെ രംഗത്തെത്തി. ഒരു ബിരുദദാന ചടങ്ങില്‍ സർവകലാശാലാ വിദ്യാർഥികൾക്കാണ് ആനന്ദിബെൻ ഈ നിഗൂഢജ്ഞാനങ്ങൾ പകർന്നുകൊടുക്കുന്നതെന്ന് സുപ്രിയ പരിഹസിച്ചു.
ഗുജറാത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രി കൂടിയാണ് ആനന്ദിബെൻ പട്ടേൽ. 2014ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റത്തിനു പിന്നാലെയാണ് അവർ ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. 2016ൽ 75 വയസ് പൂർത്തിയായതിനു പിന്നാലെ രാജിവയ്ക്കുകയായിരുന്നു.
മോദിയുടെയും ഗുജറാത്ത് മുൻ മുഖ്യമന്ത്രി കേശുഭായ് പട്ടേലിന്റെയും നിർബന്ധത്തിലാണ് ബിജെപിയിൽ ചേരുന്നത്. രാമക്ഷേത്ര പ്രക്ഷോഭത്തിന്റെ ഭാഗമായി 1992ൽ മുരളി മനോഹർ ജോഷിയുടെ നേതൃത്വത്തിൽ നടന്ന കന്യാകുമാരി-ശ്രീനഗർ ഏകതായാത്രയിൽ സജീവസാന്നിധ്യമായിരുന്നു. 1994ൽ രാജ്യസഭാ അംഗമായി. പിന്നീട് കേശുഭായ് പട്ടേൽ സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയുമായി.
മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജിവച്ച ശേഷം 2018ൽ മധ്യപ്രദേശ് ഗവർണറായി. പിന്നീട് ചത്തിസ്ഗഢ് ഗവർണറുടെ അധികചുമതലയും വഹിച്ചു. 2019 ജൂലൈയിലാണ് യുപി ഗവർണറായി ചുമതലയേല്‍ക്കുന്നത്.
Summary: 'Kumbhakarna was tech expert, was not sleeping, secretly made machines for 6 months': UP Governor Anandiben Patel