പഞ്ചാബിലെ ചരിത്ര വിജയത്തിന് പിന്നാലെ ഗുജറാത്തും ഹിമാചലും ലക്ഷ്യമിട്ട് എഎപി
അടുത്ത വർഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ വിജയ സാധ്യത ഉള്ള സീറ്റുകളിൽ ആപ്പ് മത്സരിക്കും
പഞ്ചാബിലെ ചരിത്ര വിജയത്തിന് പിന്നാലെ ഗുജറാത്തും ഹിമാചൽ പ്രദേശും ലക്ഷ്യമിട്ട് ആം ആദ്മി പാർട്ടി. അടുത്ത വർഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ വിജയ സാധ്യത ഉള്ള സീറ്റുകളിൽ ആപ്പ് മത്സരിക്കും. ഇതിന് മുന്നോടിയായി പഞ്ചാബ് വിജയയാത്ര ഗുജറാത്തിൽ സംഘടിപ്പിക്കാനും ആം ആദ്മി പാർട്ടി തീരുമാനിച്ചു.
പഞ്ചാബിലെ വിജയത്തിന് പിന്നാലെ ദേശീയ രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായി ആം ആ്ദമി പാർട്ടി മാറിക്കഴിഞ്ഞു. കോണ്‍ഗ്രസിനും ബി.ജെ.പിക്കും പിന്നാലെ രണ്ട് സംസ്ഥാനങ്ങൾ ഭരിക്കുന്ന മൂന്നാമത്തെ പാർട്ടികൂടിയാണ് ആപ്. ഗുജറാത്തിലും ഹിമാചൽ പ്രദേശിലും അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി അടിത്തറ വ്യാപിപ്പിക്കുകയാണ് ആം ആദ്മി പാർട്ടിയുടെ അടുത്ത ലക്ഷ്യം.വിജയ സാധ്യത ഉള്ള സീറ്റുകളിൽ ആം ആദ്മി പാർട്ടി സ്ഥാനാർഥികളെ നിർത്തും. ഗ്രാമപ്രദേശങ്ങൾ കേന്ദ്രീകരിച്ച് മോഡൽ വികസനമാണ് ആപ്പിന്‍റെ വാഗ്ദാനം. മാത്രമല്ല പഞ്ചാബ് വിജയയാത്ര ഗുജറാത്തിൽ സംഘടിപ്പിക്കാനും ആപ് തീരുമാനിച്ചു. പഞ്ചാബിൽ ഭഗവന്ത് മന്നിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലേറുന്നതോടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ വേഗത്തിൽ നടപ്പാക്കാനാണ് പദ്ധതി. ഇതും ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആയുധമാക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബദലായി പാർട്ടി കണ്‍വീനർ അരവിന്ദ് കേജ്‍രിവാളിനെയാണ് പ്രവർത്തകർ ഉയർത്തിക്കാട്ടുന്നത്. പ്രധാനമന്ത്രിയുടെ സംസ്ഥാനത്ത് ഒരു സീറ്റ് എങ്കിലും നേടാൻ കഴിഞ്ഞാൽ അതും ആശ്വാസമാണെന്നാണ് ആപ് പറയുന്നത്.