വിദ്യാ ബാലനെ 'മുഖ്യമന്ത്രിക്കസേര'യാക്കി; എഎപി പ്രചാരണ വീഡിയോക്കെതിരെ വിമർശം
സൂപ്പർ ഇംപോസ് ചെയ്തു നിര്‍മിച്ച വീഡിയോ എഎപി ഔദ്യോഗിക ട്വിറ്റർ ഹാൻഡ്‌ലിൽ പങ്കുവച്ചിട്ടുണ്ട്.
അമൃത്സര്‍: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ആം ആദ്മി പാർട്ടി (എഎപി) സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയ്‌ക്കെതിരെ വ്യാപക വിമർശം. പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഭഗ്‌വത് മന്നിനെ ഉയർത്തിക്കാട്ടാനായി നിർമിച്ച വീഡിയോയ്‌ക്കെതിരെയാണ് വിമർശനങ്ങൾ. ഹെയ് ബേബി എന്ന ബോളിവുഡ് ചിത്രത്തിലെ ദിൽ ദാ മാംല എന്ന ഗാനമാണ് പ്രചാരണത്തിനായി ഉപയോഗിച്ചിട്ടുള്ളത്.
ഗാനത്തിലെ റിതേഷ് ദേശ്മുഖിന്റെ ചിത്രത്തിന്റെ സ്ഥാനത്ത് നവ്‌ജ്യോത് സിങ് സിദ്ധുവിന്റെയും അക്ഷയ് കുമാറിന്റെ സ്ഥാനത്ത് പഞ്ചാബ് മുഖ്യമന്ത്രി ചരൺ ജിത് ഛന്നിയുടെയും ചിത്രങ്ങൾ സൂപ്പർ ഇംപോസ് ചെയ്തു വച്ചിട്ടുണ്ട്. ഷാറൂഖ് ഖാനെയാണ് ഭഗ്‌വത് മൻ ആയി അവതരിപ്പിച്ചിട്ടുള്ളത്. ബൊമൻ ഇറാനി, അനുപം ഖേർ എന്നീ കഥാപാത്രങ്ങളുടെ സ്ഥാനത്ത് അരവിന്ദ് കെജ്രിവാളും രാഹുൽ ഗാന്ധിയുമാണ്. മുഖ്യമന്ത്രിക്കസേരയായി എഴുതിക്കാണിക്കുന്നത് നടി വിദ്യാബാലനെയാണ്.
സൂപ്പർ ഇംപോസ് ചെയ്ത വീഡിയോ എഎപി ഔദ്യോഗിക ട്വിറ്റർ ഹാൻഡ്‌ലിൽ പങ്കുവച്ചിട്ടുണ്ട്. സ്ത്രീയെ ലൈംഗിക ഉപകരണമാക്കി കാണിക്കുന്നതാണ് പരസ്യചിത്രമെന്ന് നിരവധി പേർ ചൂണ്ടിക്കാട്ടി. ഭരണഘടനാ സ്ഥാപനമായ മുഖ്യമന്ത്രിപദത്തിന്റെ ഗൗരവം ഇതാണോ എന്നാണ് ഒരു ട്വിറ്റര്‍ ഉപയോക്താവ് ചോദിച്ചത്.
ശുദ്ധ അസംബന്ധം എന്നാണ് വീഡിയോയെ എഴുത്തുകാരി സുനന്ദ വസിഷ്ഠ് വിശേഷിപ്പിച്ചത്. സ്ത്രീ വിരുദ്ധതയും ലിംഗവിവേചനവും മാത്രമുള്ളതാണ് പരസ്യമെന്ന് മാധ്യമ പ്രവർത്തക സ്വാതി ചതുർവേദി കുറിച്ചു. ആം ആദ്മിയിൽ ഒരു വനിതാ നേതാവു പോലുമില്ലേ എന്നാണ് എഴുത്തുകാരൻ അശോക് സ്വൈന്‍ ചോദിച്ചത്.