Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
അമരാവതി: വൈദ്യുതി വിതരണ കമ്പനികളും അദാനി ഗ്രൂപ്പും തമ്മിൽ നേരിട്ട് കരാറില്ലെന്ന് വൈഎസ്ആർ കോൺഗ്രസ് പാർട്ടി. മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ. എസ്.ജഗൻ മോഹൻ റെഡ്ഡി ഉൾപ്പെടെയുള്ളവർക്ക് അദാനി ഗ്രൂപ്പ് 250 മില്യൺ ഡോളർ കൈക്കൂലി നൽകിയതായി യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷൻ ആരോപിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് വൈഎസ്ആർ കോൺഗ്രസ് പാർട്ടി എല്ലാ ആരോപണങ്ങളും നിഷേധിച്ചത്.
വൈദ്യുതി വാങ്ങുന്നതിന് സംസ്ഥാന സർക്കാർ സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ (എസ്ഇസിഐ) യുമായി കരാറിൽ ഏർപ്പെട്ടിരുന്നു. ആന്ധ്ര വൈദ്യുതി വിതരണ കമ്പനികളും അദാനി ഗ്രൂപ്പിൽ ഉൾപ്പെടുന്ന മറ്റ് സ്ഥാപനങ്ങളും തമ്മിൽ നേരിട്ടുള്ള കരാറില്ല. അതിനാൽ കുറ്റപത്രത്തിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണ് എന്ന് വൈഎസ്ആർസിപി കേന്ദ്ര ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി കോടികളുടെ സൗരോർജ കരാറുകൾ നേടിയെന്നാണ് ആഗോള കോടീശ്വരന്‍ ഗൗതം അദാനിക്കെതിരെയുള്ള കേസ്. കോഴ നൽകിയ വിവരം യുഎസ് നിക്ഷേപകരിൽ നിന്ന് മറച്ചുവെച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. രണ്ട് ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള സൗരോര്‍ജ വിതരണ കരാറുകള്‍ നേടുന്നതിന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 250 മില്യണ്‍ ഡോളറിലധികം കൈക്കൂലി നല്‍കിയെന്നതാണ് കുറ്റം. അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി ഉള്‍പ്പടെയുള്ള ഏഴ് പേര്‍ക്കെതിരെയാണ് കുറ്റാരോപണം. റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ക്ക് 20 ശതമാനംവരെ തകര്‍ച്ച നേരിട്ടു. അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് അദാനി പ്രതികരിച്ചിരുന്നു.