സത്യപ്രതിജ്ഞ ഭഗത്‍സിങിന്‍റെ ഗ്രാമത്തിലെന്ന് ഭഗവന്ത് മന്‍

എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം നൽകിയുള്ള സർക്കാർ രൂപീകരണത്തിനാണ് ഒരുങ്ങുന്നതെന്ന് എഎപി

Update: 2022-03-11 04:42 GMT
Advertising

പഞ്ചാബിൽ ചരിത്ര വിജയം നേടിയ ആം ആദ്മി പാർട്ടി സർക്കാർ രൂപീകരണ ചർച്ചകളിലേക്ക് കടന്നു. സർദാർ ഭഗവന്ത് മൻ തന്നെ മുഖ്യമന്ത്രിയാകും.

92 സീറ്റിന്‍റെ ആധികാരിക വിജയം നേടിയ ആം ആദ്മി പാർട്ടി എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം നൽകിയുള്ള സർക്കാർ രൂപികരണത്തിനാണ് ഒരുങ്ങുന്നത്. പാർട്ടി കൺവീനർ അരവിന്ദ് കെജ്‍രിവാളിന്‍റെ നിർദേശ പ്രകാരം കഴിഞ്ഞ ദിവസം തന്നെ എഎപി സർക്കാർ രൂപീകരണ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. ഇന്ന് തന്നെ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ എഎപി അവകാശവാദം ഉന്നയിച്ചേക്കും. രാജ്ഭവനു പകരം ശഹീദ് ഭഗത്സിങിന്‍റെ ജന്മ ഗ്രാമമായ ഖഡ്കർകാലനിൽ വെച്ചായിരിക്കും തങ്ങളുടെ സത്യപ്രതിജ്ഞയെന്നാണ് ഭഗവന്ത് മനിന്റെ ആദ്യ പ്രഖ്യാപനം.

അതേസമയം പ്രമുഖ നേതാക്കളെല്ലാം കൂട്ടത്തോടെ പരാജയമേറ്റു വാങ്ങിയതിന്‍റെ ഞെട്ടലിലാണ് കോൺഗ്രസ്. നിലവിലെ മുഖ്യമന്ത്രി ഛന്നി, ഉപമുഖ്യമന്ത്രി ഒ പി സോണി, പിസിസി അധ്യക്ഷൻ സിദ്ദു എന്നിവരും 11 മന്ത്രിമാരും പരാജയപ്പെട്ടവരാണ്. ഇക്കാര്യം പാർട്ടി ഗൗരവമായി ചർച്ച ചെയ്യും. പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പിസിസി പ്രസിഡന്‍റ് സിദ്ദു സ്ഥാനമൊഴിഞ്ഞേക്കുമെന്നും സൂചനയുണ്ട്.

കോൺഗ്രസിന് കനത്ത പ്രഹരമേൽപ്പിച്ച ആം ആദ്മി പാർട്ടി ശിരോമണി അകാലിദളിന്‍റെയും അടിത്തറ ഇളക്കിയിട്ടുണ്ട്. 2017ലെ 15 സീറ്റിന് പകരം ഇത്തവണ കേവലം 3 സീറ്റുകളിലേക്കൊതുങ്ങിയ അകാലിദളിന്‍റെ പ്രമുഖ നേതാക്കളും പരാജയപ്പെട്ടു. ഇത് പാർട്ടിൽ നേതൃമാറ്റ ചർച്ചകൾക്ക് വഴിവെച്ചേക്കും.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News