'ധൈര്യമുണ്ടെങ്കിൽ ധുരിയിൽ നിന്ന് മത്സരിക്കൂ'; പഞ്ചാബ് മുഖ്യമന്ത്രി ഛന്നിയെ വെല്ലുവിളിച്ച് ഭഗ്‍വന്ത് മൻ
ആംആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാണ് ഭഗ്‍വന്ത് മൻ
പഞ്ചാബ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ചരൺജിത് സിംഗ് ഛന്നിയെ വെല്ലുവിളിച്ച് ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ ഭഗ്‍വന്ത് മൻ. തനിക്കെതിരെ ധുരി സീറ്റിൽ നിന്ന് മത്സരിക്കാനാണ് ഭഗ്‍വന്ത് മൻ വെല്ലുവിളിച്ചത്. 'സംവരണ സീറ്റായതിനാൽ ചരൺജിത് ഛന്നിയുടെ മണ്ഡലമായ ചംകൗർ സാഹിബിൽ നിന്ന് എനിക്ക് മത്സരിക്കാൻ കഴിയില്ല, പക്ഷേ അദ്ദേഹത്തിന് ധുരിയിൽ നിന്ന് മത്സരിക്കാം, ഞാൻ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു' ഭഗ്‍വന്ത്മാൻ പറഞ്ഞു.
പഞ്ചാബ് തിരഞ്ഞെടുപ്പിൽ ധുരി നിയമസഭാ മണ്ഡലത്തിൽ നിന്നാണ് ഭഗ്‍വന്ത് മൻ മത്സരിക്കുന്നത്. ഭഗ്‍വന്ത് മൻ എം.പിയായ സംഗ്രൂർ ജില്ലയിലാണ് ധുരി മണ്ഡലം. ജനുവരി 18 ന് നടന്ന ഫോൺ വഴി നടത്തിയ അഭിപ്രായ സർവേയിൽ 93 ശതമാനത്തിലധികം ആളുകൾ ഭഗ്‍വന്തിനെയാണ് മുഖ്യമന്ത്രിയായി സ്ഥാനാർഥിയായി നിർദേശിച്ചത്. തുടർന്നാണ് ആംആദ്മി പാർട്ടി ഭഗ്‍വന്തിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
കോൺഗ്രസിൽ നിന്നുള്ള ദൽവീർ സിംഗ് ഖാൻഗുരയാണ് നിലവിൽ ധുരി മണ്ഡലത്തിലെ എംഎൽഎ. 2012ൽ അരവിന്ദ് ഖന്ന ജയിച്ച സീറ്റിൽ ഭഗ്‍വന്തിന് ശക്തമായ മത്സരം തന്നെ നേരിടേണ്ടി വരും.